Gulf

കൊവിഡ് വ്യാപനം രൂക്ഷം: ബഹ്‌റയ്‌നില്‍ പള്ളികളിലെ പ്രാര്‍ത്ഥന രണ്ടാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കുന്നു

ഫെബ്രുവരി 11 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് ബഹ്‌റയ്ന്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. പരിമിതമായ എണ്ണം വിശ്വാസികളുടെ സാന്നിധ്യത്തില്‍ അഹ്മദ് അല്‍ ഫത്താഹ് ഇസ്‌ലാമിക് സെന്ററില്‍നിന്ന് വെള്ളിയാഴ്ച പ്രാര്‍ത്ഥനകളും പ്രഭാഷണങ്ങളും തല്‍സമയം സംപ്രേക്ഷണം ചെയ്യും.

കൊവിഡ് വ്യാപനം രൂക്ഷം: ബഹ്‌റയ്‌നില്‍ പള്ളികളിലെ പ്രാര്‍ത്ഥന രണ്ടാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കുന്നു
X

മനാമ: കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ബഹ്‌റയ്‌നില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കുന്നു. മസ്ജിദുകളിലെ പ്രാര്‍ത്ഥനയും മതപരിപാടികളും രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ബഹ്‌റയ്ന്‍ ജസ്റ്റിസ്, ഇസ്‌ലാമിക് അഫയേഴ്‌സ് ആന്റ് എന്‍ഡോവ്‌മെന്റ് മന്ത്രാലയം തീരുമാനിച്ചു. ഫെബ്രുവരി 11 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് ബഹ്‌റയ്ന്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. പരിമിതമായ എണ്ണം വിശ്വാസികളുടെ സാന്നിധ്യത്തില്‍ അഹ്മദ് അല്‍ ഫത്താഹ് ഇസ്‌ലാമിക് സെന്ററില്‍നിന്ന് വെള്ളിയാഴ്ച പ്രാര്‍ത്ഥനകളും പ്രഭാഷണങ്ങളും തല്‍സമയം സംപ്രേക്ഷണം ചെയ്യും.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നാഷനല്‍ മെഡിക്കല്‍ ടാസ്‌ക്‌ഫോഴ്‌സിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഇസ്‌ലാമിക് അഫയേഴ്‌സ് സുപ്രിംകൗണ്‍സി (എസ്‌സിഐഎ) ലിന്റെ മതപരമായ അഭിപ്രായംകൂടി കണക്കിലെടുത്താണ് രണ്ടാഴ്ചത്തേയ്ക്ക് പള്ളികളിലെ പ്രാര്‍ത്ഥന നിര്‍ത്തിവയ്ക്കാനുള്ള തീരുമാനമെടുത്തത്. കൊവിഡ് മഹാമാരിയില്‍നിന്ന് പ്രായമായവരെ സംരക്ഷിക്കുകയാണ് സുന്നി, ജാഫേരി എന്‍ഡോവ്‌മെന്റ് ഡയറക്ടറേറ്റുകളുടെ ഏകോപനത്തോടെയുള്ള ഈ നീക്കം ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞദിവസം ബഹ്‌റയ്‌നില്‍ കൊവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിഞ്ഞ നാലുപേര്‍ കൂടി മരിച്ചിരുന്നു. ചൊവ്വാഴ്ച 759 പേര്‍ക്ക് കൂടിയാണ് രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 323 പേര്‍ പ്രവാസികളാണ്. 660 പേരുടെ രോഗം ഭേദമായി. നിലവില്‍ 6,131 പേര്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 46 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Next Story

RELATED STORIES

Share it