Gulf

കെന്‍സ ഹോള്‍ഡിങിന്റെ പേരില്‍ കോടികളുടെ തട്ടിപ്പെന്ന് പ്രവാസി നിക്ഷേപകര്‍

കെന്‍സ ഹോള്‍ഡിങിന്റെ പേരില്‍ കോടികളുടെ തട്ടിപ്പെന്ന് പ്രവാസി നിക്ഷേപകര്‍
X

ദുബയ്: പ്രവാസജീവിതത്തിന് ശേഷം നാട്ടിലൊരു വരുമാനം ലക്ഷ്യമിട്ട് ലക്ഷങ്ങള്‍ നിക്ഷേപിച്ചവരെ കെന്‍സ് ഹോള്‍ഡിങിന്റെ പേരില്‍ ഉടമകള്‍ തട്ടിപ്പ് നടത്തിയെന്ന് പ്രവാസി നിക്ഷേപകര്‍ ആരോപിച്ചു. വില്ല പ്രൊജക്ടിനായി തങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയ ഡോ. ശിഹാബ് ഷായും സംഘവും പ്രസ്തുത പദ്ധതി തന്നെ ഉപേക്ഷിച്ച് അവിടെ വെല്‍നെസ് പ്രൊജക്റ്റ് നടപ്പാക്കാനുള്ള നീക്കത്തിലാണെന്ന് നിക്ഷേപകരായ ലത്തീഫ് അബൂബക്കര്‍, ടി രാജന്‍ നമ്പ്യാര്‍, കെ എ ബഷീര്‍, ബൈജു, തോംസണ്‍ മാത്യു എന്നിവര്‍ ഷാര്‍ജയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

വയനാട്ടിലെ പദ്ധതി പ്രദേശം നേരിട്ട് കണ്ടു ഉറപ്പുവരുത്തിയാണ് എം വി ബൈജുവും ആറ്റിങ്ങല്‍ സ്വദേശി സന്തോഷും 41 ലക്ഷം നിക്ഷേപിച്ചത്. നിക്ഷേപം മുഴുവനും അടച്ചുതീര്‍ത്ത ഇരുവരുടെയും പേരിലുള്ള വില്ലയുടെ പ്രവൃത്തി ഇതുവരെ പ്രവൃത്തി പൂര്‍ത്തിയായിട്ടു പോലുമില്ല. കാന്‍സര്‍ രോഗി കൂടിയായ സന്തോഷ് നാട്ടിലെത്തി കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഡോ. ഷിഹാബ് ഷായുടെ വയനാട്ടിലെ സ്വത്തുക്കള്‍ കോടതി അറ്റാച്ച് ചെയ്തിരിക്കുകയാണെന്ന് ബൈജു പറഞ്ഞു. ലത്തീഫ് അബൂബക്കര്‍ 47 ലക്ഷവും ടി രാജന്‍ നമ്പ്യാര്‍ 48 ലക്ഷവുമാണ് നിക്ഷേപിച്ചിരിക്കുന്നത്. കെ എ ബഷീര്‍ 15 ലക്ഷം നിക്ഷേപിച്ചപ്പോള്‍ തോംസണ്‍ മാത്യു ആദ്യഗഡുവായി നാലു ലക്ഷവും കൈമാറി. പിന്നീട് തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ പിന്‍മാറുകയായിരുന്നു.

വില്ല പ്രൊജക്ട് എവിടെയുമെത്തിയിട്ടില്ല. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമ്പോള്‍ ഭീഷണിപ്പെടുത്തുകയാണ്. പലപ്പോഴും ഡോ. ഷിഹാബ് ഷായെ ഫോണില്‍ വിളിച്ചാല്‍ കിട്ടില്ല. ബന്ധപ്പെടാന്‍ കഴിഞ്ഞാല്‍ പണം തിരിച്ചുനല്‍കാനാവില്ലെന്നും എന്തുവേണമെങ്കിലും ചെയ്‌തോളൂ എന്നുമാണ് മറുപടി. നിക്ഷേപകര്‍ക്ക് പരാതിയില്ലെന്നത് പച്ചക്കള്ളമാണ്. ഇ-മെയില്‍ മുഖേനയും നാട്ടില്‍ നേരിട്ടും മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതികള്‍ നല്‍കിയിട്ടുണ്ട്. പോലിസ് പരാതി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ നേരിട്ടു പോയി സന്തോഷ് പരാതി നല്‍കിയതെന്ന് പദ്ധതിയില്‍ നിക്ഷേപിച്ചവര്‍ പറഞ്ഞു. തട്ടിപ്പ് സംബന്ധിച്ച് ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്ത ഷെയര്‍ ചെയ്ത നിക്ഷേപകനെ ഇദ്ദേഹത്തിന്റെ സംഘത്തിലെ ഒരാള്‍ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതായി നിക്ഷേപകരിലൊരാളായ തോംസണ്‍ മാത്യു പറഞ്ഞു.

Expatriate investors accused of cheating crores in the name of Kenza Holding

Next Story

RELATED STORIES

Share it