Gulf

'ഫ്രറ്റേനിറ്റി ഫെസ്റ്റ് 2022' സെപ്തംബര്‍ ഒന്നു മുതല്‍ ആരംഭിക്കും

ഫ്രറ്റേനിറ്റി ഫെസ്റ്റ് 2022 സെപ്തംബര്‍ ഒന്നു മുതല്‍ ആരംഭിക്കും
X

ജിദ്ദ: ഇന്ത്യന്‍ ഫ്രറ്റേനിറ്റി ഫോറം സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന 'ഫ്രറ്റേനിറ്റി ഫെസ്റ്റ് 2022' സെപ്തംബര്‍ ഒന്നു മുതല്‍ ആരംഭിക്കും.കൊവിഡ് മഹാമാരിക്ക് ശേഷം ലോകം പുതിയ രീതിയിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ കൊവിഡ് സൃഷ്ടിച്ച ആഘാതം ഏറ്റവും കൂടുതല്‍ ബാധിച്ച ജനസമൂഹം എന്ന നിലക്ക് പ്രവാസി സമൂഹത്തിന്റെ മാനസികവും ശാരീരികവുമായ ഉന്മേഷം തിരികെ കൊണ്ട് വരികയും പുതിയ രീതിക്കൊപ്പം സഞ്ചരിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് 'ഫ്രറ്റേനിറ്റി ഫെസ്റ്റ് 2022' സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സെപ്തംബര്‍ ഒന്ന് മുതല്‍ 30 വരെ നീണ്ടു നില്‍കുന്ന ഫെസ്റ്റില്‍ വിവിധ കലാ, കായിക, വിദ്യാഭ്യാസ പരിപാടികള്‍ നടക്കും. വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുന്ന തരത്തില്‍ അവര്‍ക്ക് യോജിച്ച രീതിയില്‍ ഫുട്ട്‌ബോള്‍, വടംവലി, ക്രിക്കറ്റ്, രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും പാരന്റിംങ്, കരിയര്‍ ഗൈഡന്‍സ് കഌസ്സുകള്‍, കള്‍ച്ചറല്‍ ഫെസ്റ്റ്, കുട്ടികളുടെ കലാപരിപാടികള്‍ തുടങ്ങി വിപുലമായ പരിപാടികളാണ് ഫെസ്റ്റിനോടനുബന്ധിച്ച് നടക്കുക.

കൊവിഡ് കാരണം കുടുംബാംഗങ്ങളും കൂടെയുള്ളവരുമായ ഉറ്റവര്‍ നഷ്ട്ടപ്പെട്ട നിരവധി പേര്‍ ഇനിയും അത്തരം കാര്യങ്ങളില്‍ നിന്നും പരിപൂര്‍ണമായി മുക്തരായിട്ടില്ല.കൊവിഡ് മഹാമാരിക്ക് മുമ്പ് 45 മിനിറ്റ് വരെ ശ്രദ്ധപൂര്‍വം ക്ലാസിലിരുന്ന് പാഠങ്ങള്‍ ശ്രദ്ധിച്ചിരുന്ന വിദ്യാര്‍ഥികള്‍ ഇന്ന് 10 മിനിറ്റ് പോലും പഠിക്കാനിരിക്കാന്‍ തയ്യാറാകുന്നില്ല. ഇത്തരം പ്രതിസന്ധി കുട്ടികളെ മാത്രമല്ല, അവരുടെ രക്ഷിതാക്കളെയും അധ്യാപകരെയും കൂടി സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ഇതില്‍ നിന്ന് വീണ്ടും പൂര്‍വ ആരോഗ്യകരമായ മനസികാവസ്ഥയിലേക്കും ശാരീരികാവസ്ഥയിലേക്കും വിദ്യാര്‍ഥി സമൂഹത്തെയും പൊതു സമൂഹത്തെയും തിരിച്ചു കൊണ്ടുവരിക എന്ന നിലയിലാണ് ഈ ഫെസ്റ്റ് നടത്താന്‍ തീരുമാനിച്ചതെന്നും ഭാരവാഹികള്‍ അറിയിച്ചു.

നേരത്തെ 2019 ലും വന്‍ജനപങ്കാളിത്തത്തോടെ ഫ്രറ്റേനിറ്റി ഫെസ്റ്റ് സംഘടിപ്പിക്കാന്‍ കഴിഞ്ഞതായും ഈ വര്‍ഷവും പ്രവാസി സമൂഹത്തിന്റെ പൂര്‍ണപിന്തുണ ആവശ്യപ്പെടുന്നതായും സംഘാടകര്‍ അറിയിച്ചു. റീജിയനല്‍ പ്രസിഡന്റ് ഫയാസുദ്ധീന്‍ ചെന്നൈ, സെക്രട്ടറി ഹാരിസ് മംഗലാപുരം, കേരള ചാപ്റ്റര്‍ പ്രസിഡന്റ് മുഹമ്മദാലി കൂന്തള, സെക്രട്ടറി ഷാഹുല്‍ ഹമീദ് ചേലക്കര, നോര്‍ത്തേണ്‍ സെക്രട്ടറി ജാവേദ് ലഖ്‌നോ തുടങ്ങിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it