Gulf

നിതാഖാത്: തൊഴില്‍ നഷ്ടപ്പെട്ട യുവാവ് സോഷ്യല്‍ ഫോറം സഹായത്തോടെ നാട്ടിലേക്ക് മടങ്ങി

നിതാഖാത്: തൊഴില്‍ നഷ്ടപ്പെട്ട യുവാവ് സോഷ്യല്‍ ഫോറം സഹായത്തോടെ നാട്ടിലേക്ക് മടങ്ങി
X

ദമ്മാം: സ്വദേശിവല്‍കരണം മൂലം പ്രതിസന്ധിയിലായ കമ്പനി അടച്ച് പൂട്ടിയതിനെത്തുടര്‍ന്ന് ദുരിതത്തിലായ മലയാളി യുവാവ് നാട്ടിലേക്ക് മടങ്ങി. തിരുവനന്തപുരം കിളിമാനൂര്‍ പള്ളിക്കല്‍ സ്വദേശി അരുണ്‍ കുമാറാണു സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയത്.

രണ്ട് വര്‍ഷം മുമ്പാണ് സൗദിയിലെ ഒരു കെമിക്കല്‍ കമ്പനിയില്‍ അരുണ്‍ ജോലിക്കെത്തിയത്. എന്നാല്‍ ജോലിയില്‍ കയറി 6 മാസത്തിനുള്ളില്‍ തന്നെ നിതാഖാത് മൂലം കമ്പനി പൂട്ടുകയും കൂടെ ജോലി ചെയ്തിരുന്ന മിക്ക തൊഴിലാളികളും നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ തന്റെ സാമ്പത്തിക സ്ഥിതി ഓര്‍ത്ത് പിടിച്ച് നില്‍ക്കാനായി മറ്റൊരു സ്ഥാപനത്തിലേക്ക് അരുണ്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറിയിരുന്നു. എന്നാല്‍ പുതിയ സ്ഥാപനം അരുണിന്റെ ഇഖാമ പുതുക്കാനോ ഇന്‍ഷുറന്‍സ് എടുത്ത് നല്‍കാനോ തയ്യാറായിരുന്നില്ല.

ഒന്നര വര്‍ഷത്തോളമായി താമസ രേഖകളില്ലാതെ ജോലി ചെയ്യേണ്ടി വന്ന അരുണ്‍കുമാറിന് 4 മാസമായി ശമ്പളവും ലഭിച്ചിരുന്നില്ല. ഇതോടെ തന്റെ താമസ രേഖകള്‍ പുതുക്കുകയോ അല്ലെങ്കില്‍ തന്നെ എക്‌സിറ്റടിച്ച് നാട്ടിലയക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് അരുണ്‍ നിരവധി തവണ കമ്പനിയധികൃതരെ സമീപിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടാവാത്തതിനാല്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് സോഷ്യല്‍ ഫോറം നേതാക്കളായ അലി മാങ്ങാട്ടൂര്‍, ഷാന്‍ ആലപ്പുഴ എന്നിവര്‍ വിഷയത്തില്‍ ഇടപെടുകയും സ്ഥാപനയുടമയുമായി ചര്‍ച്ച നടത്തി അരുണ്‍ കുമാറിന് നാട്ടിലേക്ക് പോകാനുള്ള വഴിയൊരുക്കുകയുമായിരുന്നു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം നല്‍കിയ ടിക്കറ്റില്‍ ഇന്നലെ നാട്ടിലെത്തിയ അരുണിനെ വിമാനത്താവളത്തില്‍ മാതാവ് ശോഭ, ഭാര്യ വൈഷ്ണവി എന്നിവര്‍ സ്വീകരിച്ചു.

എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ഷിഹാബുദ്ദീന്‍ മന്നാനി, വര്‍ക്കല മണ്ഡലം നേതാക്കളായ സ്വാലിഹ് മൗലവി, യൂസുഫ് കരിമ്പ് വിള, നിസാര്‍ കുട്ടി എന്നിവര്‍ അരുണിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി.

Next Story

RELATED STORIES

Share it