Gulf

ഐഎസ്എഫ് 'നാട്ടിലേക്കൊരു വിമാന ടിക്കറ്റ്' പദ്ധതി; ആദ്യ വിമാന ടിക്കറ്റ് കൈമാറി

ഐഎസ്എഫ് നാട്ടിലേക്കൊരു വിമാന ടിക്കറ്റ് പദ്ധതി; ആദ്യ വിമാന ടിക്കറ്റ് കൈമാറി
X

ദമ്മാം: കൊവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെ സഹായിക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം ഏര്‍പ്പെടുത്തിയ 'നാട്ടിലേക്കൊരു വിമാന ടിക്കറ്റ്' പദ്ധതിയുടെ വിതരണോദ്ഘാടനം സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് സെക്രട്ടറി മന്‍സൂര്‍ എടക്കാട് നിര്‍വഹിച്ചു. ആദ്യ ടിക്കറ്റ് ദമ്മാമില്‍ നിന്ന് ഗോ എയര്‍ വിമാനത്തില്‍ യാത്ര ചെയ്യുന്ന വയനാട് സ്വദേശിക്കാണ് കൈമാറിയത്. കൊവിഡ് കാലത്ത് പ്രവാസികളില്‍ ഏറെ ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി സഹായിക്കുന്ന പദ്ധതി നിരവധി പേര്‍ക്കാണ് ആശ്വാസകരമായിരിക്കുന്നത്. ചെറിയ വരുമാനമുള്ളവര്‍, ലേബര്‍ ക്യാംപില്‍ കഴിയുന്നവര്‍, ലോക്ക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍, അടിയന്തരമായി നാട്ടില്‍ ചികില്‍സയ്ക്കു പോവാന്‍ സാമ്പത്തിക ശേഷി ഇല്ലാത്തവര്‍ തുടങ്ങിയവരില്‍ നിന്ന് അര്‍ഹരായവരെ നേരിട്ട് കണ്ടെത്തിയാണ് ടിക്കറ്റുകള്‍ നല്‍കുന്നത്. ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗം നമീര്‍ ചെറുവാടി സംബന്ധിച്ചു. വന്ദേ ഭാരത് മിഷന്റെ ഭാഗമായുളള വിമാന സര്‍വീസുകള്‍ക്ക് ഭീമമായ നിരക്ക് ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്ന് അദ്ധേഹം ആവശ്യപ്പെട്ടു.

കൊവിഡ് പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്കിടയില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം വോളന്റിയര്‍മാര്‍ സൗദിയിലുടനീളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. സൗദിയിലെ വിവിധ പ്രവിശ്യാ കമ്മിറ്റികളുടെ കീഴില്‍ വെല്‍ഫെയര്‍ വോളന്റിയര്‍മാരുടെ പ്രത്യേക വിങ്ങുകളിലൂടെയാണ് ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ ഏകോപിപ്പിച്ചത്. ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാനായി സോഷ്യല്‍ഫോറം വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചത്. ക്രൈസിസ് മാനേജ്‌മെന്റിനായി സോഷ്യല്‍ ഫോറത്തിന്റെ നാല് റീജ്യനല്‍ തലങ്ങളിലും, വ്യത്യസ്ത ചാപ്റ്റര്‍ തലങ്ങളിലും ആരോഗ്യ രംഗത്ത് പരിചയമുള്ളവരടങ്ങിയ അഞ്ചംഗ മെഡിക്കല്‍ ടീമുകള്‍ക്ക് രൂപം നല്‍കിയിരുന്നു. പ്രവാസികളുടെ ക്ഷേമത്തിനായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം കൗണ്‍സലിങ്, ഭക്ഷ്യ കിറ്റുകള്‍, മെഡിക്കല്‍ സഹായം, മടക്ക യാത്ര എന്നിങ്ങനെ മൂന്ന് മേഖലകളിലാണ് പ്രധാനമായും പ്രവര്‍ത്തനം കേന്ദ്രീകരിച്ചത്. ഇതിനായി വ്യത്യസ്ത ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമായ ഹെല്‍പ് ഡെസ്‌കുകളുടെ നമ്പറുകളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.

ആക്‌സസ് ഇന്ത്യാ ഗൈഡന്‍സ് സെന്ററുമായി സഹകരിച്ച് തുടങ്ങിയ കൗണ്‍സലിങ് സെഷനിലൂടെ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന മൂവായിരത്തോളം പ്രവാസികള്‍ക്ക് ആശ്വാസമേകാന്‍ സോഷ്യല്‍ ഫോറത്തിന് സാധിച്ചു. അതോടൊപ്പം ലോക്ക് ഡൗണില്‍ ജോലിയും ശമ്പളവുമില്ലാതെ പ്രയാസപ്പെട്ട് റൂമുകളിലും ഫഌറ്റുകളിലും കഴിഞ്ഞിരുന്ന 25000ലേറെ കുടുംബങ്ങള്‍ക്കും ബാച്ചിലേഴ്‌സിനും അവശ്യസാധനങ്ങളടങ്ങിയ ഭക്ഷ്യക്കിറ്റുകളും എത്തിച്ചുനല്‍കി. 500ലേറെ പേര്‍ക്ക് വിവിധ രീതിയിലുള്ള മെഡിക്കല്‍ സഹായങ്ങളും മരുന്നുകളും നല്‍കാനും സോഷ്യല്‍ ഫോറത്തിന് സാധിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.


Next Story

RELATED STORIES

Share it