Gulf

എം എ യൂസഫലിക്ക് അബൂദബി സര്‍ക്കാരിന്റെ ഉന്നത ബഹുമതി

എം എ യൂസഫലിക്ക് അബൂദബി സര്‍ക്കാരിന്റെ ഉന്നത ബഹുമതി
X

അബുദാബി: പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിക്ക് അബൂദബി സര്‍ക്കാരിന്റെ ആദരവ്. യുഎഇയുടെ വിശേഷിച്ച് അബൂദബിയുടെ വാണിജ്യ-വ്യവസായ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്കും ജീവകാരുണ്യ രംഗത്ത് നല്‍കുന്ന മികച്ച പിന്തുണയ്ക്കുമുള്ള അംഗീകാരമായാണ് ഉന്നത സിവിലിയന്‍ ബഹുമതിയായ അബൂദബി അവാര്‍ഡിന് യൂസഫലി അര്‍ഹനായിരിക്കുന്നത്. അബൂദബി അല്‍ ഹൊസന്‍ പൈതൃക മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ അബൂദബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുരസ്‌കാരം സമ്മാനിച്ചു.

ഏറെ വിനയത്തോടെയും അഭിമാനത്തോടെയുമാണ് അബൂദബി സര്‍ക്കാരിന്റെ ബഹുമതിയെ കാണുന്നതെന്ന് അവാര്‍ഡ് സ്വീകരിച്ച ശേഷം എം എ യൂസഫലി പറഞ്ഞു. ഇന്ന് ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അത് യുഎഇ എന്ന മഹത്തായ രാജ്യത്തിന്റെ ഭരണാധികാരികളുടെയും ഇവിടെ വസിക്കുന്ന സ്വദേശികളും മലയാളികള്‍ ഉള്‍പ്പെടുന്ന പ്രവാസി സമൂഹത്തിന്റെയും പിന്തുണയും പ്രാര്‍ത്ഥനകളും കൊണ്ടാണ്. തനിക്ക് ലഭിച്ച ഈ ബഹുമതി പ്രവാസി സമൂഹത്തിന് സമര്‍പ്പിക്കുന്നു. രാജ്യത്തിന്റെ ദീര്‍ഘദര്‍ശികളും സ്ഥിരോല്‍സാഹികളുമായ ഭരണാധികാരികളോട് പ്രത്യേകിച്ച് അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനോട് നന്ദി രേഖപ്പെടുത്തുന്നുവെന്നും യൂസഫലി പറഞ്ഞു.

മൂന്ന് വനിതകള്‍ ഉള്‍പ്പെടെ മറ്റ് 11 പേര്‍ക്കാണ് യൂസഫലിയെ കൂടാതെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന ബഹുമതിക്ക് അര്‍ഹരായിരിക്കുന്നത്. ഈ വര്‍ഷം പുരസ്‌കാരം ലഭിച്ച ഏക ഇന്ത്യക്കാരനും യൂസഫലിയാണ്. യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബൂദബി എക്‌സിക്യൂട്ടീവ് ഓഫിസ് ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പങ്കെടുത്തു.

MA Yuusafali is the highest honor of the Government of Abu Dhabi

Next Story

RELATED STORIES

Share it