Gulf

കൊവിഡ് വ്യാപനം: പത്തു രാജ്യങ്ങളെ കൂടി റെഡ് ലിസ്റ്റില്‍ പെടുത്തി ഖത്തര്‍

പൊതുജനാരോഗ്യ മന്ത്രാലയമാണ് കൊവിഡ് അപകടസാധ്യതയുടെ തോത് അടിസ്ഥാനമാക്കിയുള്ള രാജ്യങ്ങളുടെ പട്ടിക പുതുക്കിയത്.

കൊവിഡ് വ്യാപനം: പത്തു രാജ്യങ്ങളെ കൂടി റെഡ് ലിസ്റ്റില്‍ പെടുത്തി ഖത്തര്‍
X

ദോഹ: ലോകമാകെ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപനം ഭീതി പടര്‍ത്തി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഗ്രീന്‍, റെഡ് രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തര്‍. പൊതുജനാരോഗ്യ മന്ത്രാലയമാണ് കൊവിഡ് അപകടസാധ്യതയുടെ തോത് അടിസ്ഥാനമാക്കിയുള്ള രാജ്യങ്ങളുടെ പട്ടിക പുതുക്കിയത്.

ജനുവരി 8 ശനിയാഴ്ച വൈകീട്ട് 7 മുതല്‍ പുതുക്കിയ പട്ടിക അനുസരിച്ചുള്ള നിബന്ധനകള്‍ പ്രാബല്യത്തില്‍ വരുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ട്വിറ്ററിലെ പ്രസ്താവനയില്‍ അറിയിച്ചു. നിലവില്‍ പുതുക്കിയ ഗ്രീന്‍ ലിസ്റ്റില്‍ 143 രാജ്യങ്ങളുണ്ട്.

10 രാജ്യങ്ങളെ പുതുതായി റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ റെഡ് ലിസ്റ്റിലുള്ള ആകെ രാജ്യങ്ങള്‍ 57 ആയി. ആസ്ട്രിയ, എസ്‌റ്റോണിയ, ഗ്രീസ്, ഗ്രീന്‍ലാന്‍ഡ്, ഹംഗറി, ഐസ്‌ലാന്‍ഡ്, ലാത്‌വിയ, പോര്‍ച്ചുഗല്‍, ട്രിനിഡാഡ് ആന്റ് ടൊബാഗോ, തുര്‍ക്കി എന്നിവയാണ് പട്ടികയില്‍ പുതുതായി ഇടംപിടിച്ച രാജ്യങ്ങള്‍. എക്‌സപ്ഷണല്‍ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. നിലവില്‍ ഒമ്പത് രാജ്യങ്ങളാണ് ഖത്തറിലെ എക്‌സപ്ഷണല്‍ പട്ടികയില്‍ ഉള്ളത്.

ലോകമെമ്പാടും ഒമിക്രോണ്‍ വകഭേദം വ്യാപിച്ചതിന് പിന്നാലെ കൊവിഡ് കേസുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ രാജ്യങ്ങളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.

അതേസമയം, ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനത്തോടെ ഖത്തറില്‍ കൊവിഡിന്റെ മൂന്നാം തരംഗത്തിന് തുടക്കമായെന്ന് സംശയിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും വാക്‌സിനെടുക്കാന്‍ ബാക്കിയുള്ളവര്‍ ഉടന്‍ അതിന് തയ്യാറാകണമെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ വകുപ്പ് മേധാവി ഡോ. സോഹ അല്‍ ബയാത്ത് വ്യക്തമാക്കി. സാമൂഹിക അകലവും മാസ്‌ക് ധാരണവും നിര്‍ബന്ധമാണ്.

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൊവിഡ് ബാധിച്ചവരില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തവരും നേരിയ രോഗ ലക്ഷണങ്ങള്‍ മാത്രം പ്രകടിപ്പിക്കുന്നവരുമായ ആളുകള്‍ വീടുകളില്‍ തന്നെ ഐസൊലേഷനില്‍ കഴിഞ്ഞാല്‍ മതിയെന്നും അവര്‍ അറിയിച്ചു. പ്രത്യേകിച്ച് 50 വയസ്സിന് താഴെ പ്രായമുള്ളവരും നല്ല ആരോഗ്യമുള്ളവരുമായ ആളുകള്‍ക്ക് വീടുകളിലെ ഐസൊലേഷന്‍ മാത്രമേ ആവശ്യമുള്ളൂ എന്നും അവര്‍ അറിയിച്ചു. പോസിറ്റീവായതിനു ശേഷമുള്ള ആദ്യ അഞ്ച് ദിവസങ്ങളില്‍ വീട്ടിലെ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാതെ ശ്രദ്ധിക്കണം. ബാക്കി അഞ്ച് ദിവസം മുറിക്ക് പുറത്തിറങ്ങാമെങ്കിലും കൃത്യമായി മാസ്‌ക്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും അവര്‍ വ്യക്തമാക്കി. 10 ദിവസം കഴിഞ്ഞ ശേഷമേ വീട്ടില്‍ നിന്ന് പുറത്തിറങ്ങാവൂ.

Next Story

RELATED STORIES

Share it