Gulf

സൗദിയില്‍ പെട്രോള്‍ വില നിര്‍ണയിച്ചു; ഇനി മുതല്‍ അധികവില സര്‍ക്കാര്‍ വഹിക്കും

ഇനി മുതല്‍ ജൂണ്‍ മാസത്തെ വിലയായിരിക്കും പരിഗണിക്കുക. ഇതിനേക്കാള്‍ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബാക്കി തുക സര്‍ക്കാര്‍ വഹിക്കും.

സൗദിയില്‍ പെട്രോള്‍ വില നിര്‍ണയിച്ചു; ഇനി മുതല്‍ അധികവില സര്‍ക്കാര്‍ വഹിക്കും
X

റിയാദ്: സൗദിയില്‍ പെട്രോള്‍ ഉല്‍പന്നങ്ങളുടെ വിലപരിധി നിശ്ചയിച്ചു. ഇതോടെ പ്രതിമാസം വില വര്‍ധിക്കുന്നത് ഇനിയുണ്ടാവില്ല. ഇനി മുതല്‍ ജൂണ്‍ മാസത്തെ വിലയായിരിക്കും പരിഗണിക്കുക. ഇതിനേക്കാള്‍ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബാക്കി തുക സര്‍ക്കാര്‍ വഹിക്കും. സൗദി പ്രാദേശിക വിപണിയില്‍ എണ്ണവില വര്‍ധനവ് നിയന്ത്രിക്കാന്‍ സല്‍മാന്‍ രാജാവാണ് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്.

അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലക്കനുസരിച്ച് രാജ്യത്തെയും വില പുതുക്കി നിശ്ചയിക്കുന്ന രീതിയാണ് നിലവില്‍ തുടര്‍ന്നുവരുന്നത്. എല്ലാ മാസവും 11ാം തിയ്യതിയിലാണ് പുതുക്കിയ വിലവിവര പട്ടിക പുറത്തിറക്കാറുള്ളത്. പുതിയ രാജവിജ്ഞാപനമനുസരിച്ച് ഈ മാസം വിലയില്‍ വര്‍ധനവുണ്ടാവില്ല. ജൂണ്‍ മാസത്തെ വില തന്നെ തുടരും. 91 ഇനം പെട്രോളിന് 2.18 റിയാലും 95 ഇനം പെട്രോളിന് 2.33 റിയാലായാണ് തുടരുക. ഇതുപ്രകാരം എണ്ണക്കമ്പനികള്‍ക്കുണ്ടാവുന്ന നഷ്ടം സര്‍ക്കാര്‍ വഹിക്കുമെന്നും രാജാവിന്റെ ഉത്തരവ് വ്യക്തമാക്കുന്നു.

മുന്‍മാസങ്ങളിലെ ശരാശരി വര്‍ധനവ് പ്രകാരം ജൂലൈയില്‍ 91 ഇനം പെട്രോളിന് 2.28 റിയാലും 95 ഇനം പെട്രോളിന് 2.44 റിയാലുമായിരുന്നു പുതുക്കിനിശ്ചയിക്കേണ്ടിയിരുന്നത്. പുതിയ രാജവിജ്ഞാപനത്തിലൂടെ ഈ വര്‍ധനവ് ഒഴിവാക്കി നല്‍കുകയായിരുന്നു. രാജ്യത്തെ ജീവിത ചെലവ് കുറക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കുന്നതിനുമാണിത്.

Next Story

RELATED STORIES

Share it