Gulf

കുവൈത്തില്‍ വിദേശികള്‍ താമസിക്കുന്ന പ്രദേശങ്ങളുടെ ചുമതല പ്രത്യേക സേന ഏറ്റെടുത്തു

ഈ പ്രദേശങ്ങളിലേക്കുള്ള എല്ലാ വഴികളിലും കാവല്‍പ്പുരകള്‍ സ്ഥാപിച്ചാണ് ജനങ്ങളുടെ പോക്ക് വരവ് നിയന്ത്രിക്കുന്നത്.

കുവൈത്തില്‍ വിദേശികള്‍ താമസിക്കുന്ന പ്രദേശങ്ങളുടെ ചുമതല പ്രത്യേക സേന ഏറ്റെടുത്തു
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി ജിലീബ് അല്‍ ശുയൂഖ്, മഹബൂല പ്രദേശങ്ങളുടെ നിയന്ത്രണം പ്രത്യേക സേന ഏറ്റെടുത്തു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ കൂടുതല്‍ വിദേശികള്‍ താമസിക്കുന്ന പ്രദേശങ്ങളാണ് ഇവ രണ്ടും. ഈ പ്രദേശങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വഴികളിലും കാവല്‍പ്പുരകള്‍ സ്ഥാപിച്ചാണ് ജനങ്ങളുടെ പോക്ക് വരവ് നിയന്ത്രിക്കുന്നത്.

ഇതിനു പുറമേ ഈ പ്രദേശങ്ങളിലെ അകത്തുള്ള എല്ലാ റോഡുകളിലും സുരക്ഷാ സേന റോന്തു ചുറ്റി വരികയുമാണ്. ഇന്നലെ രാവിലെ മുതല്‍ ഭാഗികമായി സേനാ വിന്യാസം നടത്തിയിരുന്നെങ്കിലും വൈകീട്ടോടു കൂടിയാണ് നിയന്ത്രണം ശക്തമാക്കിയത്. ഈ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേര്‍ക്ക് കൊറോണ വൈറസ് ബാധ സംശയിക്കപ്പെട്ടതിനെ തുടര്‍ന്ന് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. വിദേശികള്‍ കൂടുതലായി താമസിക്കുന്ന മറ്റു പ്രദേശങ്ങളിലും വരും ദിവസങ്ങളില്‍ പ്രത്യേക സേനയുടെ നിയന്ത്രണത്തിന് കീഴിലാക്കുമെന്നാണ് അറിയുന്നത്.

ഇതിനു പുറമേ രാജ്യത്തെ വ്യവസായ മേഖലകളിലും ഇതേ സംവിധാനം നടപ്പിലാക്കും.ഈ പ്രദേശങ്ങളില്‍ സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ആദ്യ ഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രത്യേക സേനയെ വിന്യസിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തുവാനാണ് ധാരണയായത്. ഇത് ഫലപ്രദമായില്ലെങ്കില്‍ അടുത്ത ഘട്ടത്തില്‍ സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുവാനാണ് അധികൃതര്‍ ആലോചിക്കുന്നത്.

നിലവില്‍ 59 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വൈറസ് ബാധയേറ്റവരുടെ എണ്ണം 317 ആയി. 7 പേര്‍ ഇന്നലെ രോഗ വിമുക്തി നേടിയതായി ആരോഗ്യമന്ത്രി ബാസില്‍ അല്‍ സബാഹ് വ്യക്തമാക്കി. ഇതോടെ രാജ്യത്ത് ആകെ രോഗ വിമുക്തി നേടിയവരുടെ എണ്ണം ഇതോടെ 80 ആയി. 237 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 14 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. ഇവരില്‍ 4 പേരുടെ നില അതീവ ഗുരുതരമായി തുടര്‍ന്നു.

Next Story

RELATED STORIES

Share it