Gulf

2021 ഓടെ സൗദിയിലേയ്ക്കുള്ള ടൂറിസ്റ്റ് വിസ പുനരാരംഭിക്കും

കഴിഞ്ഞ വര്‍ഷമാണ് സൗദിയിലേയ്ക്ക് ടൂറിസ്റ്റ് വിസകള്‍ നല്‍കുന്നതിന് തുടക്കംകുറിച്ചത്. 49 രാജ്യങ്ങള്‍ക്കാണ് ആദ്യമായി വിസകള്‍ അനുവദിച്ചത്. മറ്റു രാജ്യങ്ങള്‍ക്ക് ഘട്ടംഘട്ടമായി ടൂറിസ്റ്റ് വിസകള്‍ അനുവദിച്ചുതുടങ്ങും.

2021 ഓടെ സൗദിയിലേയ്ക്കുള്ള ടൂറിസ്റ്റ് വിസ പുനരാരംഭിക്കും
X

ജിദ്ദ: 2021 ഓടെ സൗദിയിലേയ്ക്കുള്ള ടൂറിസ്റ്റ് വിസ പുനരാരംഭിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ഖത്വീബ് വ്യക്തമാക്കി. കൊവിഡിന്റെ പാശ്ചാത്തലത്തില്‍ കാര്യങ്ങള്‍ സുഗമമാണെങ്കില്‍ 2021 ആദ്യഘട്ടത്തില്‍തന്നെ ടൂറിസ്റ്റ് വിസകള്‍ നല്‍കിത്തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍, ഇതിനു മുമ്പ് കൊവിഡ് വാക്സിന്‍ കണ്ടെത്തുകയും ഫലപ്രദമാവുകയുമാണെങ്കില്‍ വിസകള്‍ നേരത്ത തന്നെ നല്‍കും.

സൗദി സാമ്പത്തിക മേഖലയില്‍ എണ്ണയെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരികയും ടൂറിസം പോലുള്ള മേഖലകളിലൂടെ വരുമാനം കണ്ടെത്തുകയും ചെയ്യുന്നതിനു സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. ഇപ്പോള്‍ രാജ്യത്തെ ടൂറിസം രംഗം കടുത്ത പ്രതിസന്ധിയിലാണെന്ന് ടൂറിസം മന്ത്രി വ്യക്തമാക്കി. ഈവര്‍ഷം അവസാനത്തോടെ 35 മുതല്‍ 40 ശതമാനംവരെ തിരിച്ചുവരവാണ് ടൂറിസം രംഗത്ത് പ്രതീക്ഷിക്കുന്നത്. ഇക്കഴിഞ്ഞ വേനല്‍ സീസണില്‍ ആഭ്യന്തര ടൂറിസം മേഖലയില്‍ ചെറിയ ഉന്‍മേഷം പ്രകടമായിരുന്നു.

കൊവിഡിനെ തുടര്‍ന്ന് പല മേഖലകളും അടച്ചുപൂട്ടേണ്ടിവന്നെങ്കിലും രാജ്യത്തെ ആഭ്യന്തര ടൂറിസം രംഗത്ത് 30 ശതമാനം വളര്‍ച്ച പ്രകടമായിരുന്നു. ഇത് തങ്ങള്‍ ഉദ്ദേശിച്ചതിലും കൂടുതലാണ്. കോര്‍ണിഷുകളും രാജ്യത്തെ മലകളും കാടുകളും മറ്റ് ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും കേന്ദ്രീകരിച്ച് വിവിധ പരിപാടികള്‍ ഇക്കഴിഞ്ഞ വേനല്‍ സീസണില്‍ ആവിഷ്‌കരിച്ചിരുന്നതായി അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ വര്‍ഷമാണ് സൗദിയിലേയ്ക്ക് ടൂറിസ്റ്റ് വിസകള്‍ നല്‍കുന്നതിന് തുടക്കംകുറിച്ചത്. 49 രാജ്യങ്ങള്‍ക്കാണ് ആദ്യമായി വിസകള്‍ അനുവദിച്ചത്. മറ്റു രാജ്യങ്ങള്‍ക്ക് ഘട്ടംഘട്ടമായി ടൂറിസ്റ്റ് വിസകള്‍ അനുവദിച്ചുതുടങ്ങും. 2030 ഓടെ രാജ്യത്തിന്റെ വരുമാനത്തിന്റെ 10 ശതമാനവും ടൂറിസം മേഖലയില്‍നിന്നാണ് പ്രതീക്ഷിക്കുന്നത്.

Next Story

RELATED STORIES

Share it