Gulf

യുഎഇയിലെ ഓഫിസുകള്‍ ആദ്യമായി വെള്ളിയാഴ്ചയും തുറന്നുപ്രവര്‍ത്തിച്ചു

യുഎഇയിലെ ഓഫിസുകള്‍ ആദ്യമായി വെള്ളിയാഴ്ചയും തുറന്നുപ്രവര്‍ത്തിച്ചു
X

അബൂദബി: യുഎഇയില്‍ വെള്ളിയാഴ്ച പ്രവൃത്തിദിനമായ ആദ്യദിനം. ആഴ്ചയിലെ പ്രവൃത്തി ദിവസങ്ങള്‍ നാലരയായി കുറച്ചതിനുശേഷം യുഎഇയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന ആദ്യ വെള്ളിയാഴ്ച എന്ന പ്രത്യേകതകൂടി ഇന്നത്തെ ദിവസത്തിനുണ്ടായിരുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ യുഎഇ വാരാന്ത്യ അവധി രണ്ടര ദിവസമാക്കിയിരുന്നു. സര്‍ക്കാര്‍ മേഖലയ്ക്ക് ഒപ്പം മിക്ക സ്വകാര്യസ്ഥാപനങ്ങളും രണ്ടരദിവസം അവധിയിലേക്ക് നീങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചവരെയാണ് ഓഫിസുകള്‍ പ്രവര്‍ത്തിക്കുക.

സാധാരണ ദിവസങ്ങളില്‍ പ്രവൃത്തി സമയം രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് ശേഷം 3.30 വരെയാണെങ്കില്‍ വെള്ളിയാഴ്ച രാവിലെ 7.30ന് ആരംഭിക്കുന്ന ഓഫിസുകള്‍ 12ന് പ്രവര്‍ത്തനം അവസാനിപ്പിക്കും. പൊതുജന സേവനം തടസ്സപ്പെടാതിരിക്കാന്‍ 70 ശതമാനം ജീവനക്കാര്‍ ഓഫിസിലെത്തണമെന്നായിരുന്നു നിര്‍ദേശം. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനായി യുഎഇയിലെമ്പാടും ജുമുഅ നമസ്‌കാരം ഉച്ചയ്ക്ക് 1.15 ആക്കി ഏകീകരിച്ചിരുന്നു. അതേസമയം, വെള്ളിയാഴ്ച പ്രവൃത്തി ദിനമാക്കിയതില്‍ അതൃപ്തി പ്രകടിപ്പിക്കുന്നവരുമുണ്ട്.

സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെന്നപോലെ വെള്ളി, ശനി ദിവസങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ്. 'ഞാന്‍ (വെള്ളിയാഴ്ച) അവധിയെടുക്കാന്‍ ആഗ്രഹിക്കുന്നു- ഹോസ്പിറ്റാലിറ്റി വ്യവസായത്തില്‍ ജോലിചെയ്യുന്ന, ആറ് മാസമായി ദുബയില്‍ താമസിക്കുന്ന 22 കാരിയായ ബ്രിട്ടണ്‍ റേച്ചല്‍ കിങ് പറഞ്ഞു. ഞങ്ങള്‍ക്കെല്ലാം അറിയാവുന്നതും ഇഷ്ടപ്പെടുന്നതും അതാണ്. വെള്ളിയാഴ്ച അവധിയെടുക്കുകയും ചില സ്ഥലങ്ങളില്‍ പോവുകയും ചെയ്യുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ അവധി ശനിയാഴ്ചയാവാന്‍ പോവുന്നു- അവര്‍ പറഞ്ഞു.

തീരുമാനം വിചിത്രമായി തോന്നുന്നുവെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. തൊഴില്‍ ജീവിത സന്തുലിതത്വം വര്‍ധിപ്പിക്കുക, അവധികളുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിലൂടെ ഉത്പാദനക്ഷമത കൂട്ടുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് യുഎഇയിലെ സര്‍ക്കാര്‍ മേഖലയില്‍ വാരാന്ത്യ അവധി രണ്ടര ദിവസമാക്കിയത്. ഗള്‍ഫ് രാജ്യങ്ങളില്‍തന്നെ ഇതാദ്യമായാണ് വെള്ളിയാഴ്ച പ്രവൃത്തി ദിനമായി മാറുന്നത്. ഷാര്‍ജയില്‍ വെള്ളിയാഴ്ച അടക്കം മൂന്ന് ദിവസമാണ് വാരാന്ത്യ അവധി.

അതിനാല്‍, ജുമുഅ നമസ്‌കാരം പതിവുപോലെ ഹിജ്‌റ കലണ്ടര്‍ അനുസരിച്ചാണ്. ആഗോള വാണിജ്യരീതിയിലേക്ക് മാറാനും തൊഴില്‍ ജീവിത സന്തുലനം മുന്‍നിര്‍ത്തിയുമാണ് യുഎഇ വെളളിയാഴ്ച പ്രവൃത്തിദിനമാക്കുകയും ശനി, ഞായര്‍ അവധി ദിനങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തത്. ലോകത്തില്‍തന്നെ പ്രവൃത്തിവാരം അഞ്ച് ദിവസത്തില്‍ താഴെയാക്കുന്ന ആദ്യ രാജ്യമാണ് യുഎഇ. വെളളിയാഴ്ച പ്രവൃത്തിദിനമായ എമിറേറ്റുകളില്‍ വീടുകളിലിരുന്ന് ജോലിചെയ്യാനുളള സൗകര്യവും നല്‍കിയിട്ടുണ്ട്. ഇതിന് കമ്പനികളുടെ അനുമതിയുണ്ടായാല്‍ മാത്രം മതി.

Next Story

RELATED STORIES

Share it