Flash News

സൗരഭ് ചൗധരിക്ക് റെക്കോഡോടെ സ്വര്‍ണം

സൗരഭ് ചൗധരിക്ക് റെക്കോഡോടെ സ്വര്‍ണം
X

ഷാങ്‌വോണ്‍ (ദക്ഷിണ കൊറിയ): ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി റെക്കോഡോടെ സ്വര്‍ണം നേടിയ 16കാരന്‍ സൗരഭ് ചൗധരിക്ക് ലോക ഷൂട്ടിങ് ചാംപ്യന്‍ഷിപ്പിലും റെക്കോഡോടെ സ്വര്‍ണം.
10 മീറ്റര്‍ എയര്‍ പിസ്റ്റളിലെ ജൂനിയര്‍ തലത്തിലാണ് സൗരഭ് റെക്കോഡോടെ സ്വര്‍ണം നേടിയത്. മുമ്പ് സൗരഭ് തന്നെ കുറിച്ച റെക്കോഡാണ് ഇത്തവണ താരം പഴങ്കഥയാക്കിയത്. 245.5 പോയിന്റുകളോടെയായിരുന്നു സൗരഭിന്റെ സ്വര്‍ണ നേട്ടം. ഈ വര്‍ഷമാദ്യം ജര്‍മനിയില്‍ നടന്ന ജൂനിയര്‍ ലോകകപ്പില്‍ കുറിച്ച 218 പോയിന്റെന്ന സ്വന്തം റെക്കോഡ് സൗരഭ് തിരുത്തി. ഈ ഇനത്തില്‍ ഇന്ത്യയുടെ തന്നെ അര്‍ജുന്‍ സിങിനാണ് വെങ്കലം. കൊറിയയുടെ ലിം ഹോജിന്‍ വെള്ളിയും കരസ്ഥമാക്കി.
കൂടാതെ സൗരഭും അര്‍ജുനും ചേര്‍ന്ന സഖ്യം ടീം ഇനത്തില്‍ വെള്ളി മെഡലും കരസ്ഥമാക്കി. നേരത്തെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഗെയിംസ് റെക്കോഡോടെ സൗരഭ് സ്വര്‍ണം നേടിയിരുന്നു. 240.7 പോയിന്റുകളോടെയാണ് സൗരഭ് ഗെയിംസ് റെക്കോഡ് സ്വന്തം പേരിലാക്കിയത്. മുമ്പ് നടന്ന കെഎസ്എസ് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ ഒളിംപിക്‌സ് മെഡല്‍ ജേതാവ് ജിത്തുറായിയെ അട്ടിമറിച്ച് ഇതേ ഇനത്തില്‍ സൗരഭ് ഒന്നാമതെത്തിയിരുന്നു.
ഇന്നലെ ജൂനിയര്‍ തലത്തിലെ പുരുഷ ട്രാപ് ടീം ഇനത്തില്‍ ഇന്ത്യ വെള്ളിയും മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യ വെങ്കലവും സ്വന്തമാക്കി.  അമന്‍ ഇലാഹി, വിവാന്‍ കപൂര്‍, മാനവ് റാത്തോര്‍ ചേര്‍ന്ന സഖ്യമാണ് ട്രാപ് ടീം ഇനത്തില്‍ ഇന്ത്യക്ക് വെള്ളി സമ്മാനിച്ചത്. ജൂനിയര്‍ വിഭാഗം മിക്‌സഡ് ടീം ഇനത്തില്‍ നേടിയ വെങ്കലത്തിലൂടെ ശ്രേയ അഗര്‍വാള്‍- ദിവ്യാന്‍ഷ് സിങ് സഖ്യമാണ് ഇന്ത്യയുടെ അക്കൗണ്ടില്‍ മറ്റൊരു മെഡല്‍ കൂടി ചേര്‍ത്തത്.
Next Story

RELATED STORIES

Share it