Cricket

ചാംപ്യന്‍സ് ട്രോഫി; ഇന്ത്യാ-പാക് ക്ലാസ്സിക്കില്‍ ഇന്ത്യയ്ക്ക് ജയം; സെഞ്ചുറിയുമായി കോഹ്‌ലിയുടെ തിരിച്ചുവരവ്

ചാംപ്യന്‍സ് ട്രോഫി; ഇന്ത്യാ-പാക് ക്ലാസ്സിക്കില്‍ ഇന്ത്യയ്ക്ക് ജയം; സെഞ്ചുറിയുമായി കോഹ്‌ലിയുടെ തിരിച്ചുവരവ്
X

ദുബായ്: പാകിസ്താനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യക്ക് ഉജ്ജ്വല ജയം. പാകിസ്താന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 42.3 ഓവറില്‍ ഇന്ത്യ 244 റണ്‍സെടുത്താണ് ജയമുറപ്പിച്ചത്. ഇന്ത്യ ആറ് വിക്കറ്റ് ജയമാണ് ആഘോഷിച്ചത്. ജയത്തോടെ ഇന്ത്യ സെമി ഏതാണ്ട് ഉറപ്പിച്ചു. പാകിസ്താന്റെ ടൂര്‍ണമെന്റിലെ നിലനല്‍പ്പ് ത്രിശങ്കുവിലായി.

ഇന്ത്യക്കായി വിരാട് കോഹ്ലി കിടിലന്‍ സെഞ്ചുറിയുമായി കളം വാണു. ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ചുറിയും നേടി. ഫോറടിച്ച് വിരാട് കോഹ്ലി സെഞ്ച്വറി തികച്ചു. താരത്തിന്റെ 51ാം ഏകദിന സെഞ്ചുറി. ഒപ്പം ഇന്ത്യയുടെ തകര്‍പ്പന്‍ ജയവും ഉറപ്പിച്ചു. 111 പന്തുകള്‍ നേരിട്ട് 7 ഫോറുകള്‍ സഹിതം കോഹ്ലി 100 റണ്‍സുമായി പുറത്താകാതെ നിന്നു. ഒപ്പം 3 റണ്‍സുമായി അക്ഷര്‍ പട്ടേലും.

ശ്രേയസ് 67 പന്തില്‍ 5 ഫോറും ഒരു സിക്സും സഹിതം 56 റണ്‍സ് കണ്ടെത്തി. ഹാര്‍ദിക് പാണ്ഡ്യയാണ് (8) പുറത്തായ മറ്റൊരു താരം. വിജയത്തിലേക്ക് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി രോഹിത് 15 പന്തില്‍ 3 ഫോറും ഒരു സിക്‌സും പറത്തി മിന്നല്‍ തുടക്കമാണ് നല്‍കിയത്. എന്നാല്‍ താരത്തെ ഷഹീന്‍ ഷാ അഫ്രീദി ബൗള്‍ഡാക്കി. രണ്ടാം വിക്കറ്റായി ഗില്ലിനെയാണ് നഷ്ടമായത്. അര്‍ധ സെഞ്ചുറിയിലേക്ക് നീങ്ങുന്നതിനിടെ ഗില്ലിനെ അബ്രാര്‍ അഹമ്മദ് ക്ലീന്‍ ബൗള്‍ഡാക്കി. താരം 52 പന്തില്‍ 7 ഫോറുകള്‍ സഹിതം 46 റണ്‍സെടുത്തു.

ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാബര്‍ അസം പാകിസ്താന് മികച്ച തുടക്കം നല്‍കിയെങ്കിലും 8.2ാമത്തെ ഓവറില്‍ താരം പുറത്തായി. ഈ സമയം സ്‌കോര്‍ 41 റണ്‍സായിരുന്നു. ബാബര്‍ 23 റണ്‍സാണെടുത്തത്. ഓപ്പണര്‍ ഇമാം ഉള്‍ ഹഖിനെയും (10) പാകിസ്താന് പെട്ടെന്ന് നഷ്ടമായി.പിന്നീട് സൗദ് ഷക്കീലും ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനും ചേര്‍ന്ന് പാകിസ്താനെ പതിയെ കരകയറ്റി. സൗദ് 62ഉം റിസ്വാന്‍ 46 ഉം റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 151ല്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് റിസ്വാന്‍ പുറത്തായി. പിന്നീട് വന്നവരില്‍ ഖുഷ്ദില്‍ 38 റണ്‍സെടുത്തു ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചു. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്നും ഹാര്‍ദ്ദിക്ക് പാണ്ഡെ രണ്ടും വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.





Next Story

RELATED STORIES

Share it