Cricket

ചാംപ്യന്‍മാരെ പുറത്താക്കി ഇംഗ്ലണ്ട് ഫൈനലില്‍

സെമിഫൈനലില്‍ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇംഗ്ലിഷ് പട കലാശപോരാട്ടത്തിന് ടിക്കറ്റെടുത്തത്. കംഗാരുക്കള്‍ ഉയര്‍ത്തിയ 223 റണ്‍സ് 32.1 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് നേടിയത്.

ചാംപ്യന്‍മാരെ പുറത്താക്കി ഇംഗ്ലണ്ട് ഫൈനലില്‍
X

എഡ്ജ്ബാസ്റ്റണ്‍: അഞ്ച് തവണ ലോകകപ്പ് നേടിയ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു. സെമിഫൈനലില്‍ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇംഗ്ലിഷ് പട കലാശപോരാട്ടത്തിന് ടിക്കറ്റെടുത്തത്. കംഗാരുക്കള്‍ ഉയര്‍ത്തിയ 223 റണ്‍സ് 32.1 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് നേടിയത്. ജേസണ്‍ റോയി(85), ജോ റൂട്ട്(49), ഇയോന്‍ മോര്‍ഗാന്‍(45) എന്നിവരാണ് ഇംഗ്ലണ്ടിന്റെ ജയം അനായാസമാക്കിയത്. റൂട്ടും മോര്‍ഗാനും പുറത്താവാതെ നിന്നു. ജോണി ബെയര്‍സ്‌റ്റോ 34 റണ്‍സെടുത്തു. ഓസിസിനായി മിച്ചല്‍ സ്റ്റാര്‍ക്ക്, കുമിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. കരുത്തരായ ഓസിസ് ബൗളിങിന് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരെ ഒരവസരത്തിലും ഒതുക്കാന്‍ കഴിഞ്ഞില്ല. ഫൈനലില്‍ ന്യൂസിലാന്റിനെയാണ് ഇംഗ്ലണ്ട് നേരിടുക. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസിസ് 49 ഓവറില്‍ 223 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഇംഗ്ലണ്ടിന്റെ വോക്‌സും റാഷിദും ചേര്‍ന്നാണ് കംഗാരുക്കളെ തകര്‍ത്തത്. കഴിഞ്ഞ ദിവസം ഇന്ത്യയ്ക്ക് സംഭവിച്ചത് പോലെ ആറ് റണ്‍സെടുക്കുന്നതിനിടെ മൂന്ന് ഓപ്പണര്‍മാരെയാണ് ഓസിസിനും നഷ്ടമായത്. എന്നാല്‍ സ്റ്റീവ് സ്മിത്ത്(85), അലക്‌സ് കേരേ(46) എന്നിവര്‍ ചേര്‍ന്ന് സന്ദര്‍ശകരെ കരകയറ്റുകയായിരുന്നു. ഓസിസിനുവേണ്ടി മാക്‌സ്‌വെല്‍ 22 ഉം മിച്ചല്‍ സ്റ്റാര്‍ക്ക് 29 ഉം റണ്‍സ് നേടി. മല്‍സരത്തിലുടെ മികച്ച ഫീല്‍ഡിങ് കാഴ്ചവച്ചാണ് ഇംഗ്ലണ്ട് ഓസിസിനെ ഞെട്ടിച്ചത്.

Next Story

RELATED STORIES

Share it