Cricket

ഗില്ലിന്റെ സെഞ്ചുറി തിളക്കത്തില്‍ ഇന്ത്യ ചാംപ്യന്‍സ് ട്രോഫിയില്‍ ജയത്തോടെ തുടങ്ങി

ഗില്ലിന്റെ സെഞ്ചുറി തിളക്കത്തില്‍ ഇന്ത്യ ചാംപ്യന്‍സ് ട്രോഫിയില്‍ ജയത്തോടെ തുടങ്ങി
X

ദുബായ്: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ജയത്തുടക്കമിട്ടത്. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഉയര്‍ത്തിയ 229 റണ്‍സിന്റെ വിജയലക്ഷ്യം ശുഭ്മാന്‍ ഗില്ലിന്റെ എട്ടാം സെഞ്ചുറി കരുത്തില്‍ ഇന്ത്യ അനായാസം മറികടന്നു. 129 പന്തില്‍ 101 റണ്‍സുമായി പുറത്താകാതെ നിന്ന ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കെ എല്‍ രാഹുല്‍ 41 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 41ഉം വിരാട് കോഹ് ലി 22 ഉം റണ്‍സെടുത്ത് പുറത്തായി. ശ്രേയസ് അയ്യര്‍(15), അക്‌സര്‍ പട്ടേല്‍(8) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. സ്‌കോര്‍ ബംഗ്ലാദേശ് 49.4 ഓവറില്‍ 228ന് ഓള്‍ ഔട്ട്. ഇന്ത്യ 46.3 ഓവറില്‍ 231-4.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 9.5 ഓവറില്‍ 69 റണ്‍സടിച്ച് തകര്‍പ്പന്‍ തുടക്കമിട്ടു. മുസ്തഫിസുര്‍ റഹ്‌മാനെതിരെ തകര്‍ത്തടിച്ച രോഹിത് പത്താം ഓവറിലെ അഞ്ചാം പന്തില്‍ ടസ്‌കിന്‍ അഹമ്മദിന്റെ പന്തില്‍ റിഷാദ് ഹൊസൈന് ക്യാച്ച് നല്‍കി മടങ്ങി. ഏഴ് ബൗണ്ടറികള്‍ അടക്കം 36 പന്തിലായിരുന്നു രോഹിത് 41 റണ്‍സടിച്ചത്. മൂന്നാം നമ്പറിലിറങ്ങിയ കോഹ് ലിക്ക് ഇത്തവണയും ഫോമിലേക്ക് ഉയരാനായില്ല. സ്പിന്നര്‍ റിഷാദ് ഹൊസൈന്റെ പന്തില്‍ കോഹ്‌ലി സൗമ്യ സര്‍ക്കാരിന് ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോള്‍ ഇന്ത്യ 112ല്‍ എത്തിയിരുന്നു.


ശ്രേയസ് അയ്യര്‍ ആക്രമണോത്സുക തുടക്കമിട്ടെങ്കിലും അധികം നീണ്ടില്ല. 17 പന്തില്‍ 15 റണ്‍സെടുത്ത ശ്രേയസിനെ മുസ്തഫിസുര്‍ വീഴ്ത്തി. രാഹുലിന് മുമ്പ് ബാറ്റിംഗ് പ്രൊമോഷന്‍ ലഭിച്ചെത്തിയ അക്‌സര്‍ പട്ടേലിനും തിളങ്ങാനായില്ല. എട്ട് റണ്‍സെടുത്ത അക്‌സറിനെ റിഷാദ് ഹൊസൈന്‍ പുറത്താക്കിയപ്പോള്‍ 144-4 എന്ന സ്‌കോറില്‍ പതറിയെങ്കിലും രാഹുലും ഗില്ലും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. എട്ട് റണ്‍സില്‍ നില്‍ക്കെ രാഹുല്‍ നല്‍കിയ ക്യാച്ച് ബംഗ്ലാദേശ് കൈവിട്ടത് ഇന്ത്യക്ക് ആശ്വാസമായി. ഒമ്പത് ഫോറും രണ്ട് സിക്‌സും സഹിതമാണ് ഗില്‍ 129 പന്തില്‍ 101 റണ്‍സടിച്ചത്. രാഹുല്‍ 47 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും പറത്തി 41 റണ്‍സടിച്ചു.

നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ ബംഗ്ലാദേശ് തുടക്കത്തിലെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറിയാണ് ഭേദപ്പെട്ട സ്‌കോറുയര്‍ത്തിയത്. സെഞ്ചുറിയുമായി പൊരുതിയ തൗഹിദ് ഹൃദോയിയും അര്‍ധ സെഞ്ചുറി നേടിയ ജേക്കര്‍ അലിയും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 154 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയപ്പോള്‍ 35-5 എന്ന സ്‌കോറില്‍ പതറിയിട്ടും ബംഗ്ലാദേശ് 49.4 ഓവറില്‍ 228 റണ്‍സെടുത്ത് ഓള്‍ ഔട്ടായി.

118 പന്തില്‍ 100 റണ്‍സടിച്ച ഹൃദോയ് ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. നേരിട്ട ആദ്യ പന്തില്‍ തന്നെ രോഹിത് ശര്‍മ ക്യാച്ച് നഷ്ടമാക്കിയ ജേക്കര്‍ അലി 114 പന്തില്‍ 68 റണ്‍സടിച്ചു. ഓപ്പണര്‍ തന്‍സിദ് ഹസന്‍(25) റിഷാദ് ഹൊസൈന്‍(18) എന്നിവരാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍. ഇന്ത്യക്കായി മുഹമ്മദ് ഷമി 53 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ഹര്‍ഷിത് റാണ 31 റണ്‍സിന് മൂന്നും അക്‌സര്‍ പട്ടേല്‍ 43 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.





Next Story

RELATED STORIES

Share it