Cricket

അവസാന ഓവര്‍ ത്രില്ലറില്‍ രാജസ്ഥാന്‍ റോയല്‍സ്; ഐപിഎല്ലില്‍ ടോപ് വണ്ണില്‍

ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസിനെതിരേ മൂന്ന് റണ്‍സിന്റെ ജയമാണ് റോയല്‍സ് നേടിയത്.

അവസാന ഓവര്‍ ത്രില്ലറില്‍ രാജസ്ഥാന്‍ റോയല്‍സ്; ഐപിഎല്ലില്‍ ടോപ് വണ്ണില്‍
X


മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സ് ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായ മൂന്ന് മല്‍സരങ്ങള്‍ ജയിച്ച ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസിനെതിരേ മൂന്ന് റണ്‍സിന്റെ ജയമാണ് റോയല്‍സ് നേടിയത്. കഴിഞ്ഞ മല്‍സരത്തില്‍ ആദ്യ തോല്‍വി രുചിച്ച രാജസ്ഥാന്‍ ഇന്ന് തകര്‍പ്പന്‍ ഫോമിലാണ് തിരിച്ചടിച്ചത്. 166 റണ്‍സിന്റെ ലക്ഷ്യം പിന്‍തുടര്‍ന്ന ലഖ്‌നൗ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്ത് ഇന്നിങ്‌സ് അവസാനിപ്പിച്ചു. യുസ്‌വേന്ദ്ര ചാഹല്‍ നാല് വിക്കറ്റെടുത്തും ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റെടുത്തും ആര്‍ആറിനായി മികവ് പ്രകടിപ്പിച്ചു.


അവസാന ഓവറില്‍ 15 റണ്‍സ് വേണ്ടിയിരുന്ന ലഖ്‌നൗവിന് 11 റണ്‍സേ നേടാനായുള്ളൂ. അവസാന ഓവര്‍ എറിഞ്ഞ കുല്‍ദീപ് സെന്‍ ആണ് മല്‍സരം രാജസ്ഥാന്റെ വരുതിയിലാക്കിയത്.അവസാന ഓവറില്‍ മാര്‍ക്ക് സ്‌റ്റോണിസ് ഒരു സിക്‌സും ഫോറും അടിച്ചെങ്കിലും ലഖ്‌നൗവിന് ജയിക്കാന്‍ അത് മതിയായിരുന്നില്ല. 17 പന്തില്‍ 38 റണ്‍സുമായി സ്റ്റോണിസ് പുറത്താവാതെ നിന്നു. ക്വിന്റണ്‍ ഡികോക്ക്(39), ദീപക് ഹൂഡ(25), ക്രുനാല്‍ പാണ്ഡെ(22) എന്നിവരാണ് എല്‍എസ്ജിയ്ക്കായി മികച്ച ബാറ്റിങ് പുറത്തെടുത്തവര്‍.


നേരത്തെ ഷിമ്രോണ്‍ ഹെറ്റ്‌മെയറിന്റെ തീപ്പാറും ബാറ്റിങിന്റെ ചുവട് പിടിച്ചാണ് രാജസ്ഥാന്‍ റോയല്‍സ് ഇന്ന് മാന്യമായ സ്‌കോര്‍ നേടിയത്(165-6). 36 പന്തില്‍ 59 റണ്‍സ് നേടിയാണ് ഹെറ്റ്‌മെയര്‍ പുറത്താവാതെ നിന്നത്. ആറ് കൂറ്റന്‍ സിക്‌സുകളാണ് താരം അടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിരയുടെ മുന്‍നിരയില്‍ ദേവ്ദത്ത് പടിക്കല്‍ (29) ഒഴിച്ച് ആര്‍ക്കും ഫോം കണ്ടെത്താനായില്ല. ബട്‌ലര്‍ (13), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍(13), വാന്‍ ഡെര്‍ ഡുസ്സന്‍ (4) എന്നിവര്‍ പെട്ടെന്ന് പുറത്തായിരുന്നു. 28 റണ്‍സെടുത്ത് അശ്വിനും ഹെറ്റമെയറിന് പിന്‍തുണ നല്‍കി.

ക്യഷ്ണപ്പാ ഗൗതം, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റിസിന് വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി.







Next Story

RELATED STORIES

Share it