Cricket

ഡിവില്ലിയേഴ്‌സിന്റെ പോരാട്ടം പാഴായി; മുംബൈയ്ക്ക് ജയം

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മല്‍സരത്തിലാണ് മുംബൈ ഇന്ത്യന്‍സ് ആറ് റണ്‍സിന്റെ ജയം പിടിച്ചടക്കിയത്. അവസാന ഓവറില്‍ ജയം ബാംഗ്ലൂരിനൊപ്പം എന്ന നിലയിലേക്ക് നീങ്ങിയിരുന്നു. എന്നാല്‍, ഡിവില്ലിയേഴ്‌സി(70)ന് തുണയാകാന്‍ മറ്റൊരു ബാറ്റ്‌സമാനില്ലാത്തത് ബാംഗ്ലൂരിന് തിരിച്ചടിയാവുകയായിരുന്നു.

ഡിവില്ലിയേഴ്‌സിന്റെ പോരാട്ടം പാഴായി; മുംബൈയ്ക്ക് ജയം
X

ബംഗളൂരു: ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് ഒറ്റയ്ക്ക് പൊരുതിയെങ്കിലും അവസാന നിമിഷം ജയം മുംബൈയ്‌ക്കൊപ്പം. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മല്‍സരത്തിലാണ് മുംബൈ ഇന്ത്യന്‍സ് ആറ് റണ്‍സിന്റെ ജയം പിടിച്ചടക്കിയത്. അവസാന ഓവറില്‍ ജയം ബാംഗ്ലൂരിനൊപ്പം എന്ന നിലയിലേക്ക് നീങ്ങിയിരുന്നു. എന്നാല്‍, ഡിവില്ലിയേഴ്‌സി(70)ന് തുണയാകാന്‍ മറ്റൊരു ബാറ്റ്‌സമാനില്ലാത്തത് ബാംഗ്ലൂരിന് തിരിച്ചടിയാവുകയായിരുന്നു. 41 പന്തില്‍ 70 റണ്‍സെടുത്ത് ഡിവില്ലിയേഴ്‌സ് പുറത്താവാതെ നിന്നു.

മുംബൈയുടെ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സിന് പുറത്താവുകയായിരുന്നു. ബാംഗ്ലൂരിനായി പാര്‍ത്ഥീവ് പട്ടീല്‍ 31 റണ്‍സെടുത്ത് മികച്ച തുടക്കം നല്‍കി. എന്നാല്‍, പിന്നീടെത്തിയ മോയിന്‍ അലി 13 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്ന് വന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 46 റണ്‍സെടുത്ത് മടങ്ങി. മുബൈയ്ക്കായി ജസ്പ്രീതം ബുംറ മൂന്നും മായങ്ക് മാര്‍ക്കണ്ടേ ഒരു വിക്കറ്റും നേടി. നേരത്തെ ടോസ് നേടിയ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ മുംബൈ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കും ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മയും മികച്ച തുടക്കമാണ് നല്‍കിയത്.

ഡികോക്ക് 23ഉം രോഹിത്ത് 48 ഉം റണ്‍സ് നേടി. 33 പന്തില്‍ നിന്നാണ് രോഹിത്ത് 48 റണ്‍സെടുത്തത്. പിന്നീടെത്തിയ സൂര്യകുമാര്‍ 38 റണ്‍സെടുത്ത് ഇന്നിങ്‌സിന് ആക്കം കൂട്ടി. അടുത്തത് യുവിയുടെ ഊഴമായിരുന്നു. യുവരാജ് സിങ് 12 പന്തില്‍ 23 റണ്‍സെടുത്തു. മൂന്ന് സിക്‌സ് അടങ്ങുന്നതാണ് യുവിയുടെ ഇന്നിങ്‌സ്. തുടര്‍ച്ചയായ മൂന്ന് പന്തില്‍ യുവി സിക്‌സടിച്ചു. നാലാമത്തെ സിക്‌സിനായുള്ള ശ്രമത്തില്‍ ചാഹലിന്റെ പന്തില്‍ ഹെറ്റ്‌മെയര്‍ പിടിച്ച് പുറത്തായി. പൊള്ളാര്‍ഡിനും ക്രൂനാല്‍ പാണ്ഡ്യയ്ക്കും കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. എന്നാല്‍, 14 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് അവസാന ഓവറുകളില്‍ മുംബൈ ഇന്നിങ്‌സിന് ആക്കം കൂട്ടിയത്. യുസ്‌വേന്ദ്രചാഹല്‍ ബാംഗ്ലൂരിനായി നാല് വിക്കറ്റ് നേടി.

Next Story

RELATED STORIES

Share it