Cricket

ഇന്ത്യന്‍ ജയത്തിന് ചുക്കാന്‍ പിടിച്ചത് സ്പിന്നര്‍മാര്‍; ഇനി ദക്ഷിണാഫ്രിക്കന്‍ കടമ്പ

എന്നാല്‍ 8 ഓവറില്‍ 2ന് 65 എന്ന സ്‌കോറില്‍ നില്‍ക്കെ മഴ വീണ്ടും കളി മുടക്കി.

ഇന്ത്യന്‍ ജയത്തിന് ചുക്കാന്‍ പിടിച്ചത് സ്പിന്നര്‍മാര്‍; ഇനി ദക്ഷിണാഫ്രിക്കന്‍ കടമ്പ
X

ഗയാന: ഒന്നാന്തരം പന്തുകളുമായി ഇംഗ്ലണ്ടിനെ നിലത്തു നിര്‍ത്താതെ ചാടിച്ച ബോളര്‍മാരുടെ മികവിലാണ് ട്വന്റി-20 ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ 68 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ്. ഇംഗ്ലണ്ട് 16.4 ഓവറില്‍ 103ന് പുറത്ത്. 23 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ഇന്ത്യന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേലാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്. കുല്‍ദീപ് യാദവ് 3 വിക്കറ്റും ജസ്പ്രീത് ബുമ്ര 2 വിക്കറ്റും വീഴ്ത്തി. ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് (39 പന്തില്‍ 57 റണ്‍സ്) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സൂര്യകുമാര്‍ യാദവ് (36 പന്തില്‍ 47) മികച്ച പിന്തുണ നല്‍കി. നാളെ ബാര്‍ബഡോസില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.

മഴയെ അതിജീവിച്ച് 171 റണ്‍സ് എന്ന മികച്ച സ്‌കോര്‍ നേടിയ ഇന്ത്യന്‍ ബാറ്റര്‍മാരെ പോലും അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു ബോളര്‍മാരുടേത്. 3 ഓവറില്‍ 26 റണ്‍സെടുത്ത് ഓപ്പണര്‍മാരായ ജോസ് ബട്‌ലറും ഫില്‍ സോള്‍ട്ടും ഇംഗ്ലണ്ടിനു പ്രതീക്ഷയുണര്‍ത്തുന്ന തുടക്കം നല്‍കിയെങ്കിലും 4ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ബട്‌ലറെ (23) വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കയ്യിലെത്തിച്ച് അക്ഷര്‍ പട്ടേല്‍ വിക്കറ്റ് കൊയ്ത്ത് തുടങ്ങി. അടുത്ത ഓവറില്‍ ഉജ്വലമായ ഓഫ് കട്ടറിലൂടെ ജസ്പ്രീത് ബുമ്ര സോള്‍ട്ടിന്റെ (5) സ്റ്റംപിളക്കി.

ഇന്ത്യന്‍ സ്പിന്നര്‍മാരുട സംഹാരതാണ്ഡവമാണ് പിന്നെ പിച്ചില്‍ കണ്ടത്. ജോണി ബെയര്‍‌സ്റ്റോ (0), മൊയീന്‍ അലി (8) എന്നിവരെയും അക്ഷര്‍ മടക്കിയതോടെ ഇംഗ്ലണ്ട് പ്രതിസന്ധിയിലായി. കുല്‍ദീപ് യാദവിന്റെ ഊഴമായിരുന്നു പിന്നെ. സാം കറനെ (2) വിക്കറ്റിനു മുന്നില്‍ കുരുക്കിയ കുല്‍ദീപ് ഹാരി ബ്രൂക്കിനെ (25) ബോള്‍ഡാക്കി. 10.4 ഓവറില്‍ 6ന് 68 എന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിന് പിന്നീടൊരു തിരിച്ചുവരവുണ്ടായില്ല. ലിയാം ലിവിങ്സ്റ്റന്‍ (11), ആദില്‍ റഷീദ് (2) എന്നിവര്‍ റണ്ണൗട്ടായപ്പോള്‍ ക്രിസ് ജോര്‍ദാനെ വിക്കറ്റിനു മുന്നില്‍ കുരുക്കി കുല്‍ദീപും 3 വിക്കറ്റ് തികച്ചു. 2 സിക്‌സ് സഹിതം 15 പന്തില്‍ 21 റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചറെ ബുമ്ര ക്ലീന്‍ ബോള്‍ഡാക്കിയതോട*!*!*!െ ഇന്ത്യന്‍ ജയം പൂര്‍ണം.

ക്യാപ്റ്റന്‍സ് ഇന്നിങ്‌സ്ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ചറിയും (39 പന്തില്‍ 57) സൂര്യകുമാര്‍ യാദവിന്റെ (36 പന്തില്‍ 47) ചെറുത്തുനില്‍പുമാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മഴമൂലം ഒരു മണിക്കൂര്‍ വൈകിയാണ് മത്സരം ആരംഭിച്ചത്. മഴ സാധ്യത മുന്നില്‍ കണ്ടാണ് ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ ബോളിങ് തിരഞ്ഞെടുത്തതും. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്ന രീതിയിലാണ് ഇംഗ്ലിഷ് പേസര്‍ റീസ് ടോപ്ലി തുടങ്ങിയത്. ഇന്ത്യന്‍ ഓപ്പണര്‍മാരെ സ്വിങ്ങും പേസും ചേര്‍ത്ത പന്തുകളാല്‍ പരീക്ഷിച്ച ടോപ്ലി ആദ്യ ഓവറില്‍ വിട്ടുനല്‍കിയത് 6 റണ്‍സ് മാത്രം. മൂന്നാം ഓവറില്‍ ടോപ്‌ലിയെ സിക്‌സിനു പറത്തിയ കോലി പ്രതീക്ഷ നല്‍കിയെങ്കിലും നാലാം പന്തില്‍ കോലിയുടെ (9 പന്തില്‍ 9) ലെഗ് സ്റ്റംപ് ഇളക്കിയ ടോപ്ലി തിരിച്ചടിച്ചു.

രോഹിത്തും ഋഷഭ് പന്തും (6 പന്തില്‍ 4) കരുതലോടെ കളിച്ചെങ്കിലും 6ാം ഓവറിലെ രണ്ടാം ബോളില്‍ പന്തിനെ മടക്കിയ സാം കറന്‍ ഇന്ത്യയെ വീണ്ടും പ്രതിരോധത്തിലാക്കി. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 2ന് 46 എന്ന നിലയിലായിരുന്നു ഇന്ത്യ. പവര്‍പ്ലേയ്ക്കു ശേഷം സൂര്യകുമാര്‍ യാദവിനെ കൂട്ടുപിടിച്ച് രോഹിത് നടത്തിയ പ്രത്യാക്രമണമാണ് ഇന്ത്യയെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നത്. എന്നാല്‍ 8 ഓവറില്‍ 2ന് 65 എന്ന സ്‌കോറില്‍ നില്‍ക്കെ മഴ വീണ്ടും കളി മുടക്കി.

പിന്നീട് മത്സരം പുനരാരംഭിച്ചതോടെ രോഹിത്തും സൂര്യയും ആക്രമിച്ചു കളിക്കാന്‍ തുടങ്ങി. മഴ വീണ്ടും കളിമുടക്കാനുള്ള സാധ്യത മുന്നില്‍കണ്ടായിരുന്നു ഇരുവരുടെയും പ്രത്യാക്രമണം. 13ാം ഓവറിലെ മൂന്നാം പന്തില്‍ സാം കറനെ സിക്‌സടിച്ച് അര്‍ധ സെഞ്ചറി തികച്ച രോഹിത്, പക്ഷേ തൊട്ടടുത്ത ഓവറില്‍ ആദില്‍ റഷീദിന്റെ ഗൂഗ്ലിയില്‍ വീണു. അധികം വൈകാതെ സൂര്യയും മടങ്ങിയതോടെ ഇന്ത്യ 4ന് 124 എന്ന നിലയിലേക്ക് വീണു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഹാര്‍ദിക് പാണ്ഡ്യ (13 പന്തില്‍ 23), രവീന്ദ്ര ജഡേജ (9 പന്തില്‍ 17 നോട്ടൗട്ട്), അക്ഷര്‍ പട്ടേല്‍ (6 പന്തില്‍ 10) എന്നിവര്‍ ചേര്‍ന്നാണ് സ്‌കോര്‍ 171ല്‍ എത്തിച്ചത്.ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി.



Next Story

RELATED STORIES

Share it