Football

പാരിസ് ഒളിംപിക്‌സ് ഫുട്‌ബോള്‍; ലോക ചാംപ്യന്‍മാരെ ഞെട്ടിച്ച് മൊറോക്കോ; വാറില്‍ വീണ് വാമോസ്

പാരിസ് ഒളിംപിക്‌സ് ഫുട്‌ബോള്‍; ലോക ചാംപ്യന്‍മാരെ ഞെട്ടിച്ച് മൊറോക്കോ; വാറില്‍ വീണ് വാമോസ്
X

പാരിസ്: ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ ലോകകപ്പ് ജേതാക്കള്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി. അത്യന്തം നാടകീയത നിറഞ്ഞ മല്‍സരത്തില്‍ മൊറോക്കോക്കെതിരെ അവസാന മിനുറ്റില്‍ അര്‍ജന്റീന നേടിയ ഗോള്‍ വാര്‍ പരിശോധനയില്‍ റദ്ദാക്കിയതോടെയാണ് സമനിലയെന്ന് വിധികുറിച്ച മത്സരത്തില്‍ മൊറോക്കോക്ക് അവിശ്വസനീയ ജയം.

116ാം മിനുറ്റില്‍ മലേനോയിലൂടെ അര്‍ജന്റീന സമനില ഗോള്‍ നേടിയതിന് പിന്നാലെ കാണികള്‍ അക്രമാസക്തമായതിനെത്തുടര്‍ന്ന് മത്സരം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഒരു മണിക്കൂറിന് ശേഷം ശേഷിക്കുന്ന ഏതാനും നിമിഷങ്ങള്‍ക്കായി മത്സരം പുനരാരംഭിക്കുകയായിരുന്നു. 3മിനുറ്റ് സമയത്തേക്കാണ് മത്സരം പുനരാരംഭിച്ചത്. തുടര്‍ന്ന് വാര്‍പരിശോധനയില്‍ അര്‍ജന്റീന നേടിയത് ഗോളല്ലെന്ന് തെളിയുകയായിരുന്നു. ഇതോടെ 2-1 എന്ന സ്‌കോര്‍ നിലയില്‍ മൊറോക്കോ വിജയിച്ചു കയറി. ജീവിതത്തില്‍ കണ്ട ഏറ്റവും വലിയ സര്‍ക്കസാണിതെന്ന് അര്‍ജന്റീന കോച്ച് ഹാവിയര്‍ മാഷറാനോ മത്സരശേഷം പ്രതികരിച്ചു.

ആവേശപ്പോരില്‍ മൊറോക്കോക്കെതിരെ അര്‍ജന്റീന അവസാന നിമിഷം സമനില പിടിച്ചെടുത്തുവെന്ന് തോന്നിച്ചിരുന്നു. രണ്ട് ഗോളിന് പിറകില്‍ നിന്ന ശേഷം ഉജ്ജ്വലമായി പൊരുതിക്കയറിയ അര്‍ജന്റീന അവസാന നിമിഷങ്ങളില്‍ മൊറോക്കന്‍ ഗോള്‍മുഖം വിറപ്പിച്ചു. സൂഫിയാനെ റഹിമിയുടെ ഇരട്ട ഗോളുകളാണ് മൊറോക്കോക്ക് തുണയായത്.

ഹാവിയര്‍ മഷറാനോയുടെ ശിക്ഷണത്തിലെത്തിയ അര്‍ജന്റീന സംഘത്തില്‍ ജൂലിയന്‍ അല്‍വാരസ്, നികൊളാസ് ഒട്ടമെന്‍ഡി തുടങ്ങിയ പ്രധാന താരങ്ങളും മൊറോക്കന്‍ സംഘത്തില്‍ അഷ്‌റഫ് ഹക്കിമി, ഗോള്‍കീപ്പര്‍ മുനിര്‍ മുഹമ്മദി അടക്കമുള്ളവരുമുണ്ടായിരുന്നു. ആദ്യ പകുതി അവസാനിരിക്കെ സുന്ദരമായ മുന്നേറ്റത്തിനൊടുവിലായിരുന്നു മൊറോക്കോയുടെ ആദ്യഗോള്‍. അകോമാച്ച് നല്‍കിയ ബാക്ക് ഹീല്‍ പാസില്‍ എല്‍ കനൗസ് നല്‍കിയ ക്രോസ് റഹീമി വലയിലേക്ക് തൊടുക്കുകയായിരുന്നു. രണ്ടാം പകുതി ആരംഭിച്ച് ഏതാനും മിനുറ്റുകള്‍ക്ക് ശേഷം പെനല്‍റ്റിയിലൂടെയായിരുന്നു രണ്ടാംഗോള്‍.

ഗോള്‍ വീണതോടെ അര്‍ജന്റീന ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയെങ്കിലും മൊറോക്കന്‍ പ്രതിരോധക്കോട്ടയിലും ഗോള്‍കീപ്പറിലും മുന്നേറ്റങ്ങള്‍ തട്ടിത്തെറിച്ചു. 67ാം മിനുറ്റില്‍ സിമിയോണിയിലൂടെ അര്‍ജന്റീന ഒരു ഗോള്‍ മടക്കി. ഇതോടെ മൊറോക്കോ പ്രതിരോധത്തിലൂന്നിയത് അര്‍ജന്റീന നന്നായി മുതലെടുത്തു. ഇഞ്ച്വറി ടൈം 15 മിനുറ്റോളം നീണ്ടതും അര്‍ജന്റീനക്ക് തുണയായി. ഒടുവില്‍ അന്തിമ വിസിലൂതാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു മലേനോ അര്‍ജന്റീനക്ക് 'ആശ്വാസം' നല്‍കിയത്. രണ്ടുതവണ ബാറില്‍ തട്ടിയെത്തിയ പന്ത് മെദിന വലയിലേക്ക് തൊടുക്കുകയായിരുന്നു. ശനിയാഴ്ച ഇറാഖിനെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.




Next Story

RELATED STORIES

Share it