Football

പ്രീമിയര്‍ ലീഗ്; ക്ലാസ്സിക്ക് പോരാട്ടത്തില്‍ ചെല്‍സിയെ പിടിച്ചുകെട്ടി യുനൈറ്റഡ്

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പുറത്തിരുത്തിയാണ് കാരിക്ക് ടീമിനെ ഇറക്കിയത്.

പ്രീമിയര്‍ ലീഗ്; ക്ലാസ്സിക്ക് പോരാട്ടത്തില്‍ ചെല്‍സിയെ പിടിച്ചുകെട്ടി യുനൈറ്റഡ്
X


സ്റ്റാംഫോഡ് ബ്രിഡ്ജ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നടന്ന കരുത്തരുടെ പോരാട്ടം സമനിലയില്‍ അവസാനിച്ചു. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ചെല്‍സിയും എട്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡും തമ്മിലുള്ള പോരാട്ടമാണ് 1-1 സമനിലയില്‍ കലാശിച്ചത്. യുനൈറ്റഡിനെ ചെല്‍സി നിലംപരിശാക്കുമെന്ന് കരുതിയ പോരാട്ടത്തില്‍ വ്യക്തമായ മുന്നേറ്റത്തോടെയാണ് കോച്ച് കാരിക്കിന്റെ കുട്ടികള്‍ സമനില പിടിച്ചെടുത്തത്. തുടക്കം മുതലെ പ്രതിരോധത്തിലൂന്നിയാണ് ചെകുത്താന്‍മാര്‍ കളിച്ചത്. ഇത് ഫലം കാണുകയും ചെയ്തു. ചെല്‍സിക്ക് യുനൈറ്റഡ് പ്രതിരോധം ഭേദിക്കാനായില്ല. ആദ്യ പകുതിയില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പുറത്തിരുത്തിയാണ് കാരിക്ക് ടീമിനെ ഇറക്കിയത്.


രണ്ടാം പകുതിയില്‍ ആദ്യം ലീഡെടുത്തത് യുനൈറ്റഡായിരുന്നു. ജേഡന്‍ സാഞ്ചോ 50ാം മിനിറ്റില്‍ ഒറ്റയ്ക്കുള്ള നീക്കത്തിനൊടുവില്‍ ഗോള്‍ നേടുകയായിരുന്നു. ബ്രൂണോ ഫെര്‍ണാണ്ടസ് സാഞ്ചോക്ക് നല്‍കിയ പാസ്സ് ജോര്‍ജ്ജിനോയ്ക്ക് തടയാന്‍ കഴിഞ്ഞില്ല. ഈ നീക്കമാണ് സാഞ്ചോയുടെ ഗോളില്‍ കലാശിച്ചത്. 63ാം മിനിറ്റിലാണ് സാഞ്ചോയെ പിന്‍വലിച്ച് ക്രിസ്റ്റ്യനോ റൊണാള്‍ഡോയെ ഇറക്കിയത്. രണ്ടാം പകുതിയിലെ യുനൈറ്റഡിന്റെ പ്രതിരോധ നീക്കം പാളിയിരുന്നു. 69ാം മിനിറ്റില്‍ ജോര്‍ജ്ജീനോയുടെ പെനാല്‍റ്റിയിലൂടെ ചെല്‍സി സമനില ഗോള്‍ നേടുകയായിരുന്നു. ചെല്‍സിയുടെ തിയാഗോ സില്‍വയെ യുനൈറ്റഡിന്റെ ബിസാക്ക വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി.


മാസണ്‍ മൗണ്ട്,പുലിസിക്ക്, ലൂക്കാക്കൂ എന്നിവരെയെല്ലാം ചെല്‍സി രണ്ടാം പകുതിയില്‍ ഇറക്കിയെങ്കിലും രണ്ടാം ഗോള്‍ നേടാനായില്ല. തോല്‍വി പ്രതീക്ഷച്ച യുനൈറ്റഡിന്റെ സമനിലയില്‍ താല്‍ക്കാലിക കോച്ച് കാരിക്കിനും ചുവപ്പ് ചെകുത്താന്‍മാരുടെ ആരാധകര്‍ക്കും ആശ്വാസമാണ്.


മറ്റ് മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി വെസ്റ്റ്ഹാമിനെ 2-1ന് പരാജയപ്പെടുത്തി.ഗുണ്‍ഡോങ്, ഫെര്‍നാഡിനോ എന്നിവരാണ് സിറ്റിയ്ക്കായി സ്‌കോര്‍ ചെയ്തത്. എവര്‍ട്ടണെ എതിരില്ലാത്ത ഒരു ഗോളിന് ബ്രന്റ്‌ഫോഡ് വീഴ്ത്തി. വാറ്റ്‌ഫോഡിനെതിരേ ലെസ്റ്റര്‍ സിറ്റി 4-2ന്റെ ജയം നേടി.




Next Story

RELATED STORIES

Share it