Football

കോപ്പാ അമേരിക്കയ്ക്ക് നാളെ തുടക്കം ; ഉദ്ഘാടന മല്‍സരത്തില്‍ ബ്രസീല്‍-വെനസ്വേലയ്‌ക്കെതിരേ

ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 2.30നാണ് ആദ്യ മല്‍സരം.

കോപ്പാ അമേരിക്കയ്ക്ക് നാളെ തുടക്കം  ; ഉദ്ഘാടന മല്‍സരത്തില്‍ ബ്രസീല്‍-വെനസ്വേലയ്‌ക്കെതിരേ
X

സാവോപോളോ; യൂറോ കപ്പിന്റെ ആവേശം രണ്ട് നാള്‍ പിന്നിടുമ്പോഴേക്കും ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വീണ്ടും വിരുന്നൊരുക്കാന്‍ ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ ഫീവര്‍. നിരവധി വെല്ലുവിളികളെ മറികടന്ന് നാളെ കോപ്പാ അമേരിക്കയ്ക്ക് ബ്രസീലില്‍ തുടക്കമാവുകയാണ്. കൊവിഡിനെ തുടര്‍ന്ന് ടൂര്‍ണ്ണമെന്റ് ഒഴിവാക്കുമെന്ന ഭീഷണിയും കോപ്പയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍ കോടതിയും സര്‍ക്കാരും ടൂര്‍ണ്ണമെന്റുമായി മുന്നോട്ട് പോവാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ കൊളംബിയയും അര്‍ജന്റീനയുമായിരുന്നു ആതിഥേയ രാജ്യങ്ങള്‍. രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് കൊളംബിയയും കൊവിഡ് ഭീതിയെ തുടര്‍ന്ന് അര്‍ജന്റീനയും ആതിഥേയത്വത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.


രണ്ട് ഗ്രൂപ്പുകളിലായി 10 ടീമുകളാണ് ഏറ്റുമുട്ടുന്നത്.


ഗ്രൂപ്പ് എ-ബ്രസീല്‍, കൊളംബിയ, ഇക്വഡോര്‍, പെറു, വെനസ്വേല.


ഗ്രൂപ്പ് ബി- അര്‍ജന്റീനാ, ബൊളീവിയ, ചിലി, പരാഗ്വെ, ഉറുഗ്വെ. ജൂലായ് 11നാണ് ഫൈനല്‍.പുലര്‍ച്ചെ 2.30 മുതല്‍ 6.30 വരെയുള്ള സമയങ്ങളിലാണ് മല്‍സരങ്ങള്‍ അരങ്ങേറുക.


ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 2.30നാണ് ആദ്യ മല്‍സരം. ഊദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ബ്രസീല്‍ വെനസ്വേലയെ നേരിടും. വെനസ്വേല ടീമിലെ 12 പേര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മല്‍സരങ്ങള്‍ മാറ്റിവയ്ക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളിലടക്കം അപരാജിത കുതിപ്പുമായാണ് ബ്രസീല്‍ ടീം ഇറങ്ങുന്നത്. പരിചയസമ്പന്നരായ താരങ്ങളില്ലാതെ ഇറങ്ങുന്ന വെനസ്വേല മഞ്ഞപ്പടയ്ക്ക് ഭീഷണിയാവില്ലെന്നുറപ്പാണ്. ലോക റാങ്കിങില്‍ വെനസ്വേല 30ാം സ്ഥാനത്താണ്. മികച്ച താരങ്ങളടങ്ങിയ ബ്രസീല്‍ സ്‌ക്വാഡിലെ അന്തിമ ഇലവനില്‍ ആരെ പുറത്താക്കുമെന്ന ധര്‍മ്മസങ്കടത്തിലാണ് കോച്ച് ടീറ്റെ.


5.30ന് നടക്കുന്ന ഗ്രൂപ്പ് എയിലെ രണ്ടാം മല്‍സരത്തില്‍ കൊളംബിയയെ ഇക്വഡോറിനെ നേരിടും. ലോക റാങ്കിങില്‍ കൊളംബിയ 15ാം സ്ഥാനത്തും ഇക്വഡോര്‍ 53ാം സ്ഥാനത്തുമാണ്.




Next Story

RELATED STORIES

Share it