Football

സീസണിലെ ആദ്യ എല്‍ ക്ലാസ്സിക്കോ ഇന്ന്

സീസണില്‍ ബാഴ്‌സലോണയും റയലും ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന മല്‍സരം ഇന്ത്യന്‍ സമയം രാത്രി 7.30നാണ്.

സീസണിലെ ആദ്യ എല്‍ ക്ലാസ്സിക്കോ ഇന്ന്
X


ക്യാംപ് നൗ: ലോകം ഉറ്റുനോക്കുന്ന ഈ സീസണിലെ ആദ്യ എല്‍ ക്ലാസ്സിക്കോ ഇന്ന് രാത്രി. സീസണില്‍ ബാഴ്‌സലോണയും റയലും ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന മല്‍സരം ഇന്ത്യന്‍ സമയം രാത്രി 7.30നാണ്. സ്പാനിഷ് ലീഗിലെ നിലവിലെ പ്രകടനം വച്ച് നോക്കുമ്പോള്‍ ബാഴ്‌സയാണ് ഒരു പിടി മുന്നില്‍. അവസാന മല്‍സരത്തില്‍ ബാഴ്‌സലോണ ഗെറ്റാഫയോടും റയല്‍ മാഡ്രിഡ് കാഡിസിനോടും തോറ്റിരുന്നു. ഇതിന് മുമ്പ് ബാഴ്‌സ സെവിയോട് ഏറ്റുമുട്ടിയപ്പോള്‍ സമനില പിടിച്ചു. ലെവന്റയ്‌ക്കെതിരേയും റയല്‍ വലാഡോളിഡിനെതിരേയും റയല്‍ ജയിച്ചെങ്കിലും ഗോള്‍ ക്ഷാമം ടീമിനെ കാര്യമായി ബാധിക്കുന്നുണ്ട്.


സെല്‍റ്റാ വീഗോ, വിയ്യാറല്‍, ആല്‍വ്‌സ് എന്നീ ക്ലബ്ബുകള്‍ക്കെതിരായ മല്‍സരത്തില്‍ ബാഴ്‌സ വന്‍ ജയങ്ങളാണ് നേടിയത്. ഇത് ടീമിന് ഗുണം ചെയ്യും. കൂടാതെ ചാംപ്യന്‍സ് ലീഗില്‍ ഹംഗേറിയന്‍ ക്ലബ്ബിനോട് വന്‍ മാര്‍ജിനില്‍ ജയിച്ചതും ബാഴ്‌സയ്ക്ക് മുതല്‍കൂട്ടാവും. ഹോം ഗ്രൗണ്ടിലെ മല്‍സരം ബാഴ്‌സയ്ക്ക് തുണയാവും. റയല്‍ മാഡ്രിഡാവട്ടെ ഉക്രെയ്ന്‍ ക്ലബ്ബിനോട് ചാംപ്യന്‍സ് ലീഗില്‍ തോല്‍വിയും നേരിട്ടിരുന്നു. എല്‍ ക്ലാസ്സിക്കോയ്ക്ക് വേണ്ടി റയല്‍ മുന്‍നിര താരങ്ങളെ ബെഞ്ചിലിരുത്തിയാണ് ചാംപ്യന്‍സ് ലീഗിന് ഇറങ്ങിയത്. ഇത് അവര്‍ക്ക് തിരിച്ചടിയാവുകയായിരുന്നു.


മെസ്സി, അന്‍സു ഫാത്തി, പി ക്വെ എന്നിവര്‍ തന്നെയാണ് ബാഴ്‌സയുടെ തുരുപ്പ് ചീട്ടുകള്‍. സെര്‍ജിയോ റാമോസ്, കരീം ബെന്‍സിമ, വിനീഷ്യസ് ജൂനിയര്‍ എന്നിവരിലാണ് റയലിന്റെ പ്രതീക്ഷ. അവസാനമായി റയല്‍ മാഡ്രിഡും ബാഴ്‌സയും ഏറ്റുമുട്ടിയത് കഴിഞ്ഞ സീസണില്‍ മാര്‍ച്ച് രണ്ടിനായിരുന്നു. അന്ന് ജയം രണ്ട് ഗോളിന് റയലിനൊപ്പമായിരുന്നു. ഇതിന് മുമ്പ് ഡിസംബറില്‍ ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം സമനിലയിലായിരുന്നു. 2018ല്‍ ഏറ്റുമുട്ടിയപ്പോള്‍ ബാഴ്‌സ 5-1നും വിജയിച്ചിരുന്നു. പുതിയ കോച്ച് കോമാന്റെ തന്ത്രങ്ങളാണോ സിദാന്റെ തന്ത്രങ്ങളാണോ ക്യാംപ് നൗവിലെ എല്‍ ക്ലാസ്സിക്കോയില്‍ വിജയിക്കുകയെന്ന് നാളെ രാത്രി അറിയാം.






Next Story

RELATED STORIES

Share it