Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ഫുള്‍ഹാമിനെതിരേ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ഫുള്‍ഹാമിനെതിരേ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം
X

ആന്‍ഫീല്‍ഡ്: ഫുള്‍ഹാമിനെ 2-0ന് തകര്‍ത്ത്് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് മിന്നും ജയം. 41ാം മിനിറ്റില്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹും 53ാം മിനിറ്റില്‍ സ്വിസ് മിഡ്ഫീല്‍ഡര്‍ ഷെര്‍ദാന്‍ ഷാക്കീരിയുമാണ് ലിവര്‍പൂളിനു വേണ്ടി ഗോള്‍ നേടിയത്.

തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ലിവര്‍പൂള്‍ അര്‍ഹിച്ച ജയമാണ് നേടിയത്. പന്ത് കൈവശംവയ്ക്കുന്നതിലും ഗോള്‍ ശ്രമത്തിലും അവര്‍ മികച്ചു നിന്നു. കളി തുടങ്ങി 13ാം മിനിറ്റില്‍ ഷാക്കീരിക്ക് മികച്ച ഒരു ഗോളവസരം ലഭിച്ചെങ്കിലും ഫലം കണ്ടില്ല. ബോക്‌സിനു പുറത്തുനിന്നുള്ള ഷോട്ട് പോസ്റ്റിനോട് തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ പുറത്തേക്കു പോവുകയായിരുന്നു. മൂന്നു മിനിറ്റിനുള്ളില്‍ ലിവര്‍പൂളിന് അനുകൂലമായ മറ്റൊരു അവസരം കൂടി ലഭിച്ചു. പെനാല്‍റ്റി ഏരിയയില്‍ വച്ച് ലഭിച്ച പാസ് പോസ്റ്റിലേക്ക് വിട്ടെങ്കിലും എതിര്‍ കളിക്കാരന്‍ സെര്‍ജിയോ റിക്കോ തടുക്കുകയായിരുന്നു.

22ാം മിനിറ്റില്‍ വീണ്ടും സലാഹിന്റെ നീക്കം ഗോളിനടുത്തെത്തി. ഗ്ലോസ് റേഞ്ചില്‍ നിന്നു പോസ്റ്റിന്റെ വലതുവശത്തേക്കു തൊടുത്ത ശക്തമായ അടി ഫുള്‍ഹാം ഗോളി സുന്ദരമായ ഡൈവിങിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു. അടുത്ത അവസരം ഫുള്‍ഹാമിനായിരുന്നു. 24ാം മിനിറ്റില്‍ അവരുടെ റയാന്‍ സസെഗ്നന് പെനാല്‍റ്റി ബോക്‌സിനു പുറത്തുനിന്നു കിട്ടിയ പാസ് ഇഞ്ചുകളുടെ വ്യത്യാസത്തിനാണ് പോസ്റ്റിനു പുറത്തേക്കു പോയത്.

41ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. ഫുള്‍ഹാമിന്റെ അലക്‌സാണ്ടര്‍ മിറ്റ്‌റോവിക് ഗോളടിച്ചെങ്കിലും ഓഫ്‌സൈഡായതിനാല്‍ റഫറി അനുവദിച്ചില്ല. പ്രത്യാക്രമണം കലാശിച്ചത് ഗോളിലായിരുന്നു. ബോക്‌സിനുള്ളില്‍ ലഭിച്ച മനോഹരമായ പാസ് ലിവര്‍പൂളിന്റെ മുഹമ്മദ് സലാഹ് എതിര്‍ ഗോളിയെ കബളിപ്പിച്ച് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് തട്ടിയിട്ടു (1-0). ആന്‍ഡ്രൂ റോബര്‍ട്‌സന്റെ ക്രോസില്‍നിന്നായിരുന്നു ഷാക്കീരിയുടെ ഗോള്‍. ഗോളിക്ക് ഒരവസരവും നല്‍കാതെ ഷാക്കീരി പോസ്റ്റിലേക്ക് തൊടുക്കുകയായിരുന്നു (2-0).

62ാം മിനിറ്റില്‍ ലിവര്‍പൂളിന് സ്‌കോര്‍ ഉയര്‍ത്താന്‍ അവസരം ലഭിച്ചു. റോബര്‍ട്‌സന്റെ തകര്‍പ്പന്‍ ഷോട്ട് ഗോളി മികച്ച ഡൈവിലൂടെ തടഞ്ഞിട്ടതിനാല്‍ അത് വിഫലമായി.

അതേസമയം ചെല്‍സിയും എവര്‍ട്ടനുമായുള്ള മല്‍സരം സമനിലയില്‍ (0-0) കലാശിച്ചു. ഇന്ന് നടക്കുന്ന മല്‍സരങ്ങളില്‍ ആഴ്‌സനല്‍ വോള്‍വ്‌സിനെയും മാഞ്ചസ്റ്റര്‍ സിറ്റി മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെയും നേരിടും.




Next Story

RELATED STORIES

Share it