Football

റഫറിക്കെതിരേ വിമര്‍ശനം; മെസ്സിക്ക് വിലക്ക് വന്നേക്കും

റഫറിക്കെതിരേ വിമര്‍ശനം; മെസ്സിക്ക് വിലക്ക് വന്നേക്കും
X

സാവോപോള: കോപ്പാ അമേരിക്കന്‍ ഫുട്‌ബോള്‍ നടത്തിപ്പിനെതിരേ വിമര്‍ശനം ഉന്നയിച്ച ലയണല്‍ മെസ്സിക്കെതിരേ വിലക്ക് വന്നേക്കും. മെസ്സി കോപ്പാ അമേരിക്കന്‍ സംഘാടകര്‍ക്കും റഫറിമാര്‍ക്കുമെതിരേ സംസാരിച്ചതിനെ തുടര്‍ന്നാണ് മെസ്സിക്ക് വിലക്കിനുള്ള സാധ്യത തെളിയുന്നത്. മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ചിലിക്കെതിരേ നടന്ന മല്‍സരത്തില്‍ സൂപ്പര്‍ താരം മെസ്സിക്ക്് ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു. ഇതിന് ശേഷമാണ് മെസ്സി കോപ്പയ്‌ക്കെതിരേ രംഗത്ത് വന്നത്. രണ്ട് വര്‍ഷം വരെ വിലക്ക് വരാവുന്ന കുറ്റമാണ് മെസ്സി ചെയ്തിരിക്കുന്നതെന്ന് സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോപ്പാ അമേരിക്കയില്‍ എല്ലാ കാര്യങ്ങളും ബ്രസീലിന് അനുകൂലമാക്കുകയായിരുന്നുവെന്നാണ് മെസ്സിയുടെ ആരോപണം. ഈ ടൂര്‍ണ്ണമെന്റില്‍ നടക്കുന്നത് അഴിമതിയാണ്. റഫറിമാര്‍ ഞങ്ങളെ ഫൈനലിലെത്താന്‍ അനുവദിച്ചില്ല. ബ്രസീലിനെതിരേ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഫലമുണ്ടായില്ല. ഇതിനു കാരണം ഈ കോപ്പാ ടൂര്‍ണ്ണമെന്റ് ബ്രസീലിനായി എഴുതിയിരിക്കുകയാണ്. ഫൈനലില്‍ പെറുവിന് മല്‍സരിക്കാം പക്ഷേ ഫലമുണ്ടാവുമെന്ന് തോന്നുന്നില്ല-ഇങ്ങനെയായിരുന്നു മെസ്സി ലൂസേഴ്‌സ് ഫൈനലിന് ശേഷം പ്രതികരിച്ചത്.

മെസ്സിയുടെ പരാമര്‍ശത്തിന് ശേഷം പുറത്ത് വരുന്ന പ്രതികരണങ്ങളനുസരിച്ച് താരത്തിന് രണ്ട് വര്‍ഷം വിലക്ക് വന്നേക്കും. കോണ്‍ഫെഡറേഷനെ അപമാനിച്ചാല്‍ രണ്ട് വര്‍ഷം വരെ വിലക്ക് ലഭിക്കാനുള്ള കുറ്റമാണ്. വിലക്ക് ലഭിക്കുന്ന പക്ഷം അടുത്ത വര്‍ഷം അര്‍ജന്റീനയില്‍ നടക്കുന്ന കോപ്പാ ടൂര്‍ണ്ണമെന്റും ഖത്തര്‍ ലോകകപ്പിനുള്ള യോഗ്യതാ മല്‍സരങ്ങളും മെസ്സിക്കു നഷ്ടമാവും. മെസ്സിയുടെ പ്രതികരണം ടൂര്‍ണ്ണമെന്റിനോടും അതില്‍ പങ്കെടുക്കുന്ന ടീമുകളോടുമുള്ള ബഹുമാനക്കുറവാണെന്നും അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കി. 14 വര്‍ഷത്തിന് ശേഷമാണ് മെസ്സിക്ക് കഴിഞ്ഞ ദിവസം ചുവപ്പ് കാര്‍ഡ് ലഭിക്കുന്നത്.

Next Story

RELATED STORIES

Share it