Football

സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ സന്തോഷ മുത്തം

വിട്ടുകൊടുക്കാന്‍ തയ്യാറാവാത്ത കേരളം 116ാം മിനിറ്റില്‍ മുഹമ്മദ് സഫ്‌നാദിലൂടെ സമനില പിടിച്ചു.

സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ സന്തോഷ മുത്തം
X



മഞ്ചേരി: സന്തോഷ് ട്രോഫി ഫൈനലില്‍ പശ്ചിമ ബംഗാളിന് പരാജയപ്പെടുത്തി കേരളത്തിന് കിരീടം. അവസാന നിമിഷം വരെ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയ മല്‍സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ജയം കേരളത്തിനൊപ്പം നിന്നത്. ഷൂട്ടൗട്ടില്‍ 5-4നാണ് ആതിഥേയര്‍ കിരീടം ഉറപ്പിച്ചത്. നിശ്ചിത സമയത്ത് മല്‍സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു. തുടര്‍ന്ന് എക്‌സ്ട്രാ ടൈമില്‍ ഇരുടീമും ഓരോ ഗോള്‍ നേടി വീണ്ടും ഒപ്പത്തിനൊപ്പം നിന്നു. തുല്യശക്തികളുടെ പോരാട്ടം ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയം കേരളത്തിനൊപ്പം നിന്നു. ഗ്യാലറിയെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ മല്‍സരം ഒടുവില്‍ കേരളത്തിന് സ്വന്തമായി.ഷൂട്ടൗട്ടില്‍ കേരളത്തിനായി സഞ്ജു, ബിപിന്‍ അജയന്‍, ജിജോ ജോസഫ്, ജെസിന്‍, ഫസ്‌ലുറഹ്മാന്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു.



എക്‌സ്ട്രാടൈമില്‍ 97ാം മിനിറ്റില്‍ ദിലീപ് ഒറാവനാണ് ബംഗാളിനായി വലകുലിക്കിയത്. വലതു വിങ്ങിലൂടെ എത്തിയ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ കേരളത്തിന്റെ പ്രതിരോധനിര വരുത്തിയ വന്‍ പിഴവാണ് ബംഗാളിന് അവസരമൊരുക്കിയത്. സുപ്രിയ പണ്ഡിറ്റ് നല്‍കിയ ക്രോസ് ദിലീപ് ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.


വിട്ടുകൊടുക്കാന്‍ തയ്യാറാവാത്ത കേരളം 116ാം മിനിറ്റില്‍ മുഹമ്മദ് സഫ്‌നാദിലൂടെ സമനില പിടിച്ചു. വലതു വിങ്ങില്‍ നിന്ന് നൗഫല്‍ നല്‍കിയ ക്രോസില്‍ പകരക്കാരനായി എത്തിയ സഫ്‌നാദ് ഉഗ്രന്‍ ഹെഡററിലൂടെ ഗോളാക്കുകയായിരുന്നു. ശേഷിക്കുന്ന മിനിറ്റുകള്‍ ഇരുടീമിനും സ്‌കോര്‍ ചെയ്യാനായില്ല. തുടര്‍ന്നാണ് മല്‍സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.


ആദ്യപകുതിയില്‍ ഇരുടീമും ഒപ്പത്തിനൊപ്പമായിരുന്നു. മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം അന്യം നില്‍ക്കുകയായിരുന്നു. പന്തടക്കത്തില്‍ നേരിയ മുന്‍തൂക്കം ബംഗാളിനായിരുന്നു.ആക്രമണ ഫുട്‌ബോളാണ് ഇരുടീമും കാഴ്ചവച്ചത്. 12 മിനിറ്റിനുള്ളില്‍ തന്നെ ബംഗാളിന് അനുകൂലമായ രണ്ട് കോര്‍ണര്‍ ലഭിച്ചിരുന്നു. എന്നാല്‍ കേരളാ പ്രതിരോധം അതിനെ സമര്‍ദ്ധമായി തടുക്കുകയായിരുന്നു. 18ാം മിനിറ്റിലാണ് കേരളത്തിന് അനുകൂലമായി ഫ്രീകിക്ക് ലഭിക്കുന്നത്. ക്യാപ്റ്റന്‍ ജിജോയുടെ ഷോട്ട് ബംഗാള്‍ ഗോളി പ്രിയന്ത് കുമാര്‍ സിങ് സമ്മര്‍ദ്ധമായി തടുത്തു. 23ാം മിനിറ്റില്‍ ബംഗാളിന്റെ മൊഹിതോഷിന് മികച്ച അവസരം ലഭിച്ചെങ്കിലും താരം അത് പാഴാക്കി.



32, 35 മിനിറ്റുകളിലായി കേരളത്തിന് വീണ്ടും അവസരങ്ങള്‍ ലഭിച്ചെങ്കിലും പ്രിയന്ത് കുമാര്‍ സിങ് അതും തടുത്തു.രണ്ടാം പകുതിയിലും കേരളം അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് തുടങ്ങിയത്. എന്നാല്‍ ബംഗാളി ഗോളി വില്ലനാവുകയായിരുന്നു. ജിജോയും ജെസിനും അവസരങ്ങള്‍ പാഴാക്കി. 65ാം മിനിറ്റിന് ശേഷം മല്‍സരത്തിന്റെ ആക്രമണ മുഖം നഷ്ടമായി.ഇരുടീമും പിന്നീട് ഒറ്റപ്പെട്ട അവസരങ്ങള്‍ സൃഷ്ടിച്ചു.സന്തോഷ് ട്രോഫിയില്‍ 15 ഫൈനലുകള്‍ കളിച്ച കേരളത്തിന്റെ ഏഴാം കിരീടമാണ്.










Next Story

RELATED STORIES

Share it