Others

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഗുസ്തിയില്‍ ഇന്ത്യയ്ക്ക് മെഡല്‍കൊയ്ത്ത്

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഗുസ്തിയില്‍ ഇന്ത്യയ്ക്ക് മെഡല്‍കൊയ്ത്ത്
X

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഒമ്പതാം ദിനം ഇന്ത്യയ്ക്ക് സ്വര്‍ണക്കൊയ്ത്ത്. ഗുസ്തിതാരങ്ങളിലൂടെയാണ് രാജ്യം ഏറ്റവുമൊടുവില്‍ സ്വര്‍ണം പിടിച്ചെടുത്തത്. ഇന്ത്യയുടെ നവീനാണ് പുരുഷന്‍മാരുടെ 74 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയത്. ഫൈനലില്‍ പാകിസ്താന്റെ മുഹമ്മദ് താഹിറിനെ പരാജയപ്പെടുത്തി. താഹിറിനെ അനങ്ങാന്‍വിടാതെയായിരുന്നു നവീന്‍ (90) മലര്‍ത്തിയടിച്ചത്. ഇതോടെ ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം ആറായി. ഇന്ത്യയുടെ ആകെ സ്വര്‍ണനേട്ടം 12 ആയി ഉയര്‍ന്നു.

പുരുഷ ഗുസ്തിയില്‍ സ്വര്‍ണം തേടിയ രവികുമാര്‍ ദാഹിയ

പുരുഷ ഗുസ്തിയില്‍ സ്വര്‍ണം തേടിയ രവികുമാര്‍ ദാഹിയ

പുരുഷ ഗുസ്തിയില്‍ രവികുമാര്‍ ദാഹിയയിലൂടെ 10ാം സ്വര്‍ണം സ്വന്തമാക്കിയതിനു പിന്നാലെ വനിതാ ഗുസ്തിയില്‍ വിനേഷ് ഫോഗട്ടും രാജ്യത്തിന് മറ്റൊരു സ്വര്‍ണം സമ്മാനിച്ചു. ഗുസ്തിയില്‍ മാത്രം ആറ് സ്വര്‍ണമെഡലാണ് ഇന്ത്യ നേടിയത്. പുരുഷന്‍മാരുടെ ഫ്രീസ്‌റ്റൈല്‍ 57 കി.ഗ്രാം വിഭാഗത്തിലെ ഫൈനല്‍ മല്‍സരത്തില്‍ നൈജീരിയയുടെ എബികെവെനിമോ വെല്‍സണെയാണ് രവി ദാഹിയ മലര്‍ത്തിയടിച്ചത്. എല്ലാ മേഖലകളിലും സമഗ്രാധിപത്യത്തോടെയായിരുന്നു രവിയുടെ വിജയം. റൗണ്ട് റോബിന്‍ ലീഗ് അടിസ്ഥാനത്തില്‍ നടന്ന മല്‍സരത്തില്‍ മൂന്ന് എതിരാളികള്‍ക്കെതിരെയും ആധികാരിക ജയവുമായാണ് വിനേഷ് സ്വര്‍ണം സ്വന്തമാക്കിയത്. വനിതാ ഫ്രീസ്‌റ്റൈല്‍ 53 കി.ഗ്രാമിലാണ് വിനേഷ് ഫോഗട്ടിന്റെ വിജയം. ഹാട്രിക് കോമണ്‍വെല്‍ത്ത് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരി കൂടിയായിരിക്കുകയാണ് വിനേഷ്. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരവുമായി വിനേഷ്.

വനിതാ ഫ്രീസ്‌റ്റൈല്‍ 53 കി.ഗ്രാമില്‍ സ്വര്‍ണം നേടിയ വിനേഷ് ഫോഗട്ട്‌

വനിതാ ഫ്രീസ്‌റ്റൈല്‍ 53 കി.ഗ്രാമില്‍ സ്വര്‍ണം നേടിയ വിനേഷ് ഫോഗട്ട്‌

ടോക്യോ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ ജേതാവ് കൂടിയാണ് രവികുമാര്‍ ദാഹിയ. 2019ലെ ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലവും വിവിധ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പുകളിലായി മൂന്നുസ്വര്‍ണവും നേടിയിട്ടുണ്ട്. ബജ്രങ് പുനിയ, സാക്ഷി മാലിക്, ദീപക് പുനിയ എന്നിവരാണ് ഇത്തവണ ഗുസ്തിയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം നേടിത്തന്ന മറ്റു താരങ്ങള്‍.

ബജ്‌റങ് പുനിയ

ബജ്‌റങ് പുനിയ

10 കി.മീറ്റര്‍ റേസ് വോക്കില്‍ പ്രിയങ്കാ ഗോസ്വാമിയുടെ വെള്ളിയിലൂടെയായിരുന്നു ഇന്നത്തെ ഇന്ത്യയുടെ മെഡല്‍ തുടക്കം. പുരുഷന്‍മാരുടെ 3,000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാശ് സാബിളും വെള്ളി നേടി. വനിതാ ബോക്‌സിങ്ങില്‍ ജെയ്‌സ്മിന്‍ ലംബോരിയയ്ക്ക് വെങ്കലം ലഭിച്ചു.


സെമിഫൈനലില്‍ ഇംഗ്ലണ്ട് താരത്തോട് തോറ്റു. വനിതാ ഫ്രീസ്‌റ്റൈല്‍ 50 കി.ഗ്രാമില്‍ പൂജ ഗെഹ്ലോട്ടിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. നിഖാത് സരീന്‍ വനിതാ ബോക്‌സിങ് ഫൈനലില്‍ കടന്നു. വനിതാ ക്രിക്കറ്റിലും ടേബിള്‍ ടെന്നീസ് മിക്‌സഡ് ഡബിള്‍സിലും ഇന്ത്യന്‍ സംഘങ്ങള്‍ ഫൈനലില്‍ കടന്ന് മെഡലുറപ്പിച്ചിട്ടുണ്ട്.

സാക്ഷി മാലിക്

സാക്ഷി മാലിക്

മെഡല്‍ പട്ടികയില്‍ ഇന്ത്യ 12 സ്വര്‍ണവുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 12 സ്വര്‍ണവും 11 വെള്ളിയും 13 വെങ്കലവും ഉള്‍പ്പെടെ 36 മെഡലുമായി അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. 57 സ്വര്‍ണവും 46 വെള്ളിയും 47 വെങ്കലവും അടക്കം 150 മെഡലുകളുമായി ആസ്‌ത്രേലിയ ആണ് ഒന്നാമത്. 49 സ്വര്‍ണവും 48 വെള്ളിയും 44 വെങ്കലവുമടക്കം 141 മെഡലുകളുള്ള ഇംഗ്ലണ്ട് രണ്ടാമതും 20 സ്വര്‍ണവും 29 വെള്ളിയും 32 വെങ്കലവും ഉള്‍പ്പെടെ 81 മെഡലുകളുള്ള കാനഡ മൂന്നാമതും 17 സ്വര്‍ണവും 11 വെള്ളിയും 14 വെങ്കലവും ഉള്‍പ്പെടെ 42 മെഡലുകളുള്ള ന്യൂസിലന്‍ഡ് നാലാമതുമാണ്.

Next Story

RELATED STORIES

Share it