Others

ബോക്‌സിങ് ചാംപ്യന്‍ ജോഷ്വയെ വെല്ലുവിളിച്ച് ഡില്ലിയന്‍ വൈറ്റ്

ലണ്ടന്‍: ലോക ഹെവിവെയിറ്റ് ചാംപ്യന്‍ ആന്റണി ജോഷ്വയെ നേരിടാന്‍ തയ്യാറെന്ന് വേള്‍ഡ് ബോക്‌സിങ് കൗണ്‍സില്‍(ഡബ്ലിയുബിസി) സില്‍വര്‍ ഹെവിവെയിറ്റ് ചാംപ്യന്‍ ഡില്ലിയന്‍ വൈറ്റ്. കഴിഞ്ഞ ദിവസം ബ്രിട്ടിഷ് പ്രഫഷനല്‍ ബോക്‌സര്‍ ഡെറെക് ചിസോറക്കെതിരേ നോക്കൗട്ട് വിജയം നേടിയ ശേഷമാണ് ഡില്ലിയന്‍ വൈറ്റ് വെല്ലുവിളി നടത്തിയത്.

29കാരനായ ആന്റണി ജോഷ്വ നിലവില്‍ നാല് പ്രധാന ബോക്‌സിങ് ചാംപ്യന്‍ഷിപ്പുകളില്‍ മൂന്നിലും ജേതാവാണ്. 113 കിലോ ഭാരമുള്ള ആന്റണി ജോഷ്വ1.98 മീറ്റര്‍ ഉയരക്കാരനാണ്. അടുത്ത ഏപ്രില്‍ 13ന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ വച്ച് താനുമായി ജോഷ്വ ഏറ്റുമുട്ടണമെന്നാണ് വൈറ്റിന്റെ ആവശ്യം. വൈറ്റിന്റെ പ്രൊമോട്ടര്‍ എഡി ഹേണ്‍ ഇതിനകം തന്നെ വേദി ബുക്ക് ചെയ്തുകഴിഞ്ഞു. വൈറ്റ്- ജോഷ്വ പോരാട്ടം കാണാന്‍ ഒരു ലക്ഷം ആരാധകര്‍ കാത്തിരിക്കുകയാണെന്ന് എഡി ഹേണ്‍ പറഞ്ഞു.

അതേസമയം ഡബ്ലിയുബിസി ഹെവി വെയിറ്റ് ചാംപ്യനായ ഡിയോന്റെ വില്‍ഡറുമായി ജോഷ്വക്ക് ഏപ്രിലില്‍ പോരാട്ടമുണ്ട്. ഹെവി വെയിറ്റ് ചാംപ്യന്‍ഷിപ്പില്‍ അജയ്യനായി തുടരുന്ന വില്‍ഡറെ പരാജയപ്പെടുത്തി ഡബ്ലിയുബിസി ഹെവിവെയിറ്റ് ബെല്‍റ്റ് നേടുന്നതിനാണ് ജോഷ്വ പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ ജോഷ്വയുമായി ഏറ്റുമുട്ടാന്‍ അധികം കാത്തുനില്‍ക്കാന്‍ തനിക്കാവില്ലെന്നു വൈറ്റ് വ്യക്തമാക്കി. 2015ല്‍ വൈറ്റ് ജോഷ്വയോടു പരാജയപ്പെട്ടിരുന്നു.




Next Story

RELATED STORIES

Share it