Others

വിരമിക്കല്‍ വാര്‍ത്ത തള്ളി മേരി കോം

വിരമിക്കല്‍ വാര്‍ത്ത തള്ളി മേരി കോം
X

ഡല്‍ഹി: വിരമിച്ചുവെന്ന മാധ്യമ വാര്‍ത്തകള്‍ നിഷേധിച്ച് ബോക്‌സിങ് റിങ്ങിലെ ഇന്ത്യന്‍ ഇതിഹാസം എം സി മേരി കോം. താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല എന്നും മാധ്യമങ്ങള്‍ തന്നെ തെറ്റായി ഉദ്ധരിച്ചതാണെന്നും മേരി കോം പറഞ്ഞു. ആറുതവണ ലോക ചാംപ്യനും ഒളിംപിക് വെങ്കല മെഡല്‍ ജേതാവുമാണ് 41കാരിയായ മേരി. 40 വയസിനു മുകളിലുള്ള താരങ്ങള്‍ക്ക് രാജ്യാന്തര ബോക്‌സിങ് അസോസിയേഷന് കീഴിലെ എലീറ്റ് ലെവല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുമതിയില്ലാത്തതിനാലാണ് താന്‍ വിരമിക്കാന്‍ തീരുമാനിച്ചതെന്നാണ് മേരി കോമിനെ ഉദ്ധരിച്ച് നേരത്തെ വാര്‍ത്തകള്‍ വന്നത്.

'ഞാന്‍ ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല, എന്നെ തെറ്റായി ഉദ്ധരിച്ചതാണ്. എപ്പോള്‍ വേണമെങ്കിലും ഞാന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരും. ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചുവെന്നും പ്രസ്താവിക്കുന്ന ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍ പെട്ടു. ഇത് ശരിയല്ല. 2024 ജനുവരി 24 ന് ദിബ്രുഗഡില്‍ നടന്ന ഒരു സ്‌കൂള്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു, അതില്‍ കുട്ടികളെ പ്രചോദിപ്പിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു, 'എനിക്ക് ഇപ്പോഴും കായികരംഗത്ത് നേട്ടമുണ്ടാക്കാനുള്ള ആഗ്രഹമുണ്ട്, എന്നാല്‍ ഒളിംപിക്‌സിലെ പ്രായപരിധി എന്നെ പങ്കെടുക്കാന്‍ അനുവദിക്കുന്നില്ല. ഞാന്‍ ഇപ്പോഴും എന്റെ ഫിറ്റ്നസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ ഞാന്‍ എല്ലാവരേയും അറിയിക്കും,'' മേരി കോം പറഞ്ഞു..

അര്‍ജുന അവാര്‍ഡ് നല്‍കി മേരി കോമിനെ രാജ്യം ആദരിച്ചു. 2009ല്‍ ഖേല്‍ രത്‌ന പുരസ്‌കാരവും ലഭിച്ചു. 2006ല്‍ പത്മശ്രീ, 2013ല്‍ പത്മഭൂഷണ്‍, 2020ല്‍ പത്മവിഭൂഷണ്‍ അംഗീകാരങ്ങളും മേരിയെ തേടിയെത്തി. 2016 മുതല്‍ 2022വരെ രാജ്യസഭാംഗമായിരുന്നു. നാലുവര്‍ഷത്തെ പ്രണയത്തിനുശേഷം ഫുട്‌ബോളര്‍ കരുങ് ഓണ്‍ലറിനെ 2005ലാണ് മേരി കോം വിവാഹം ചെയ്തത്. തന്റെ ബോക്‌സിങ് യാത്രയില്‍ ഭര്‍ത്താവിനുള്ള പങ്കിനെ കുറിച്ച് പലതവണ മേരി കോം തുറന്നുപറഞ്ഞിരുന്നു. ഇരട്ടക്കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് ആണ്‍കുട്ടികളാണ് ദമ്പതികള്‍ക്കുള്ളത്. 2018ല്‍ ഒരു പെണ്‍കുട്ടിയെ ദത്തെടുത്തു.


Next Story

RELATED STORIES

Share it