Others

ഹോക്കിയില്‍ ഒളിമ്പിക്‌സ് നേട്ടം; കേരളത്തിനാകെ അഭിമാനമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍

ഹോക്കിയില്‍ ഒളിമ്പിക്‌സ് നേട്ടം; കേരളത്തിനാകെ അഭിമാനമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍
X

തിരുവനന്തപുരം: പതിറ്റാണ്ടുകള്‍ക്ക് ശേഷം കേരളത്തിന് ഒരു ഒളിമ്പിക്‌സ് മെഡല്‍ സമ്മാനിച്ച ഹോക്കി താരം പിആര്‍ ശ്രീജേഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി മന്ത്രി വി അബ്ദുറഹിമാന്‍. ശ്രീജേഷിന്റെ നേട്ടം മലയാളികള്‍ക്കാകെ അഭിമാനമാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന ശ്രീജേഷ് ഒളിമ്പിക്‌സില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വെങ്കല മെഡല്‍ മത്സരത്തില്‍ ജര്‍മ്മനിയുടെ നിരവധി ആക്രമണങ്ങള്‍ തട്ടിത്തെറിപ്പിച്ചത് ശ്രീജേഷിന്റെ കാവല്‍ മികവാണ്. കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സുകളില്‍ പങ്കെടുത്തിട്ടുള്ള ശ്രീജേഷിന്റെ പരിചയസമ്പത്ത് ടോക്കിയോയില്‍ ടീമിന് ഏറെ ഗുണം ചെയ്തു.

ശ്രീജേഷിന് അര്‍ഹമായ എല്ലാ അംഗീകാരവും കേരള ഗവണ്മെന്റ് നല്‍കും. 49 വര്‍ഷത്തിന് ശേഷം ഒരു മലയാളി മെഡല്‍ നേടിയത് കേരളത്തിന്റെ കായികമേഖലയ്ക്കാകെ ഊര്‍ജ്ജം പകരും. കേരളത്തില്‍ ഹോക്കിയുടെ പ്രചാരണത്തിനും ഈ നേട്ടം ഉപകരിക്കും.

ഹോക്കിയുടെ പ്രചാരണത്തിന് കായിക വകുപ്പ് വിപുലമായ പരിപാടികള്‍ ആവിഷ്‌ക്കരിക്കും. കേരളത്തില്‍ കൂടുതല്‍ ഹോക്കി ടര്‍ഫുകള്‍ ഒരുക്കും. ഹോക്കി ടൂര്‍ണമെന്റുകളും സംഘടിപ്പിക്കും. ഹോക്കിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനുള്ള പരിപാടികളും പദ്ധതികളും നടപ്പിലാക്കും. ശ്രീജേഷിന് കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍ കഴിയട്ടെ എന്ന് മന്ത്രി ആശംസിച്ചു.

Next Story

RELATED STORIES

Share it