Special

ക്രിക്കറ്റ് ലോകകപ്പുകളിലെ റെക്കോര്‍ഡുകള്‍

89 പന്ത് ശേഷിക്കെയാണ് കരീബിയന്‍സിന്റെ ജയം.

ക്രിക്കറ്റ് ലോകകപ്പുകളിലെ റെക്കോര്‍ഡുകള്‍
X

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ലോകം മുഴുവന്‍ അലയടിച്ച് തുടങ്ങിയിരിക്കുന്നു. ബാറ്റ് കൊണ്ടും ബൗളും കൊണ്ടും ഫീല്‍ഡിങ് കൊണ്ടും ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കാന്‍ താരങ്ങള്‍ തയ്യാറായി കഴിഞ്ഞു. കഴിഞ്ഞ 12 ലോകകപ്പുകളിലായി നിരവധി റെക്കോര്‍ഡുകള്‍ വീണു കഴിഞ്ഞു. ഓരോ ലോകകപ്പ് വരുമ്പോഴും പല റെക്കോര്‍ഡുകളും പഴങ്കഥയാവുന്നു. ലോകകപ്പ് ക്രിക്കറ്റുകളിലെ പ്രധാന റെക്കോര്‍ഡുകള്‍ നോക്കാം.

ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ ഓസ്ട്രേലിയയുടെ പേരിലാണ്. 2015ല്‍ അഫ്ഗാനിസ്താനെതിരേ നേടിയ 417 റണ്‍സാണ് ഇതുവരെയുള്ള ഉയര്‍ന്ന ടോട്ടല്‍. രണ്ടാം സ്ഥാനത്തുള്ളത് ഇന്ത്യയാണ്. 2007 ലോകകപ്പില്‍ ബെര്‍മൂഡയ്ക്കെതിരേ ഇന്ത്യ 413 റണ്‍സ് നേടിയിരുന്നു.

ഏറ്റവും കുറഞ്ഞ സ്‌കോര്‍ കാനഡയുടെ പേരിലാണ്. 2003ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരേ അവര്‍ നേടിയത് 36 റണ്‍സാണ്. രണ്ടാമത്തെ കുറഞ്ഞ സ്‌കോറും കാനഡയുടെ പേരിലാണ്. ഇംഗ്ലണ്ടിനെതിരേ 1979 ലോകകപ്പിലാണ് അവര്‍ 45 റണ്‍സ് നേടിയത്. ലോകകപ്പിലെ ഏറ്റവും വലിയ വിജയം ടീം ഇന്ത്യയുടെ പേരിലാണ്. 1975ല്‍ ഈസ്റ്റ് ആഫ്രിക്കയ്ക്കെതിരേ നേടിയ 10 വിക്കറ്റ് ജയമാണ് ലോകകപ്പിലെ ഏറ്റവും വലിയ ജയം. 181 പന്ത് ശേഷിക്കെ ആയിരുന്നു ഇന്ത്യയുടെ ഈ നേട്ടം. രണ്ടാം സ്ഥാനം സിംബാബ് വെയ്ക്കെതിരേ വെസ്റ്റ്ഇന്‍ഡീസ് നേടിയ വിജയമാണ്. 1983ല്‍ 10 വിക്കറ്റിന്റെ ജയമാണ് വിന്‍ഡീസ് നേടിയത്. 89 പന്ത് ശേഷിക്കെയാണ് കരീബിയന്‍സിന്റെ ജയം.

ഏറ്റവും ചെറിയ ജയം ഓസ്ട്രേലിയയുടെ പേരിലാണ്. ഇന്ത്യയ്ക്കെതിരേ 1987ല്‍ നേടിയ ഒരു റണ്‍ ജയമാണിത്. രണ്ടാമത്തെ കുറഞ്ഞ ജയവും ഓസിസിന്റെ പേരില്‍ തന്നെ. 1992ല്‍ ഇന്ത്യയ്ക്കെതിരേ ഒരു റണ്‍ ജയം കംഗാരുക്കള്‍ നേടിയിരുന്നു.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലാണ്. ലോകകപ്പില്‍ മാത്രം 2278 റണ്‍സ് സച്ചിന്റെ പേരിലുണ്ട്. 44 ഇന്നിങ്സുകളിലായാണ് ഈ നേട്ടം. 1992 മുതല്‍ 2011 വരെയുള്ള ലോകകപ്പില്‍ സച്ചിന്‍ കളിച്ചിട്ടുണ്ട്. ആറ് സെഞ്ചുറികളും 15 അര്‍ദ്ധസെഞ്ചുറികളും താരം നേടിയിട്ടുണ്ട്. 152 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അഞ്ച് സെഞ്ചുറിയും ആറ് അര്‍ദ്ധസെഞ്ചുറിയും ഉള്ള ഓസ്ട്രേലിയുടെ റിക്കി പോണ്ടിങാണ് രണ്ടാം സ്ഥാനത്ത്. 42 ഇന്നിങ്സുകളിലായി താരം 1743 റണ്‍സ് നേടിയിട്ടുണ്ട്.

ലോകകപ്പിലെ ഉയര്‍ന്ന വ്യക്തിഗതാ സ്‌കോര്‍ ന്യൂസിലന്റിന്റെ എം ജെ ഗുപ്റ്റിലിന്റെ പേരിലാണ്. വെസ്റ്റ്ഇന്‍ഡീസിനെതിരേ 2015ല്‍ ഗുപ്റ്റില്‍ നേടിയത് 237 റണ്‍സാണ്. രണ്ടാം സ്ഥാനത്ത് 215 റണ്‍സുമായി ക്രിസ് ഗെയ്ലാണ്. 2015ല്‍ സിംബാബ് വെയ്ക്കെതിരെയാണ് ഗെയ്ലിന്റെ നേട്ടം. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയുടെ പേരിലാണ്. 17 ഇന്നിങ്സുകളിലായി രോഹിത്ത് ആറ് സെഞ്ചുറികളാണ് നേടിയത്. ഇത്രയും തന്നെ സെഞ്ചുറി നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് രണ്ടാം സ്ഥാനത്ത്. സച്ചില്‍ 44 ഇന്നിങുസുകളിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.

കൂടുതല്‍ അര്‍ദ്ധസെഞ്ചുറികള്‍ സച്ചിന്റെ പേരിലാണ്. 15 അര്‍ദ്ധസെഞ്ചുറികള്‍ താരത്തിന്റെ പേരിലാണ്. 10 അര്‍ദ്ധസെഞ്ചുറികളുമായി ബംഗ്ലാദേശിന്റെ ഷാഖിബുള്‍ ഹസ്സന്‍ രണ്ടാമത് നില്‍ക്കുന്നു.

കൂടുതല്‍ സിക്സുകള്‍ വെടിക്കെട്ട് താരം വിന്‍ഡീസിന്റെ ക്രിസ് ഗെയ്ലിന്റെ പേരിലാണ്. 49 സിക്സുകളാണ് താരം 35 മല്‍സരങ്ങളില്‍ നിന്നായി നേടിയത്. രണ്ടാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുടെ ഡിവില്ലിയേഴ്സാണ്. 23 മല്‍സരങ്ങളില്‍ നിന്നും 37 സിക്സുകളാണ് താരം നേടിയത്.



ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത് ഓസ്ട്രേലിയയുടെ ഗ്ലെന്‍ മഗ്രാത്താണ്. 39 ഇന്നിങ്സുകളിലായി 71 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്ത് ശ്രീലങ്കയുടെ മുത്തയ്യാ മുരളീധരനാണ്. 40 ഇന്നിങ്സുകളില്‍ നിന്ന് താരം 68 വിക്കറ്റുകള്‍ നേടി.


ഒരു ഇന്നിങ്സില്‍ കൂടുതല്‍ വിക്കറ്റ് നേടിയ റെക്കോര്‍ഡും മഗ്രാത്തിന്റെ പേരിലാണ്. 2003ല്‍ നമീബിയക്കെതിരേ 15 റണ്‍സ് വിട്ടുകൊടുത്ത് താരം ഏഴ് വിക്കറ്റ് നേടിയിരുന്നു. ഓസ്ട്രേലിയുടെ തന്നെ എജെ ബിഷേല്‍ ഇത്രയും വിക്കറ്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 20 റണ്‍സ് വിട്ടുകൊടുത്ത് 2003ല്‍ ഇംഗ്ലണ്ടിനെതിരേയാണ് ബിഷേല്‍ ഈ നേട്ടം തന്റെ പേരിലാക്കിയത്. പുതിയ റെക്കോര്‍ഡുകള്‍ക്കായി ഇത്തവണ കാതോര്‍ക്കുന്നത് ഇന്ത്യയിലെ 10 സ്‌റ്റേഡിയങ്ങളാണ്.





Next Story

RELATED STORIES

Share it