Sub Lead

മണ്ണും പരിസ്ഥിതിയും സംരക്ഷിക്കാന്‍ പോരാടി മരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

മണ്ണും പരിസ്ഥിതിയും സംരക്ഷിക്കാന്‍ പോരാടി മരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്
X

ന്യൂഡല്‍ഹി: കോടീശ്വരന്‍മാരും ഭൂമാഫിയകളും രാജ്യത്ത് വര്‍ധിക്കുമ്പോഴും സ്വന്തം മണ്ണും നാടും കയ്യേറുന്നത് തടയുന്നതിനിടെ പോരാടി മരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാംസ്ഥാനത്ത്. തങ്ങളുടെ സ്വന്തം മണ്ണും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനിടെ പോലിസടക്കമുള്ളവര്‍ വെടിവച്ചും മറ്റും കൊന്നവരുടെ എണ്ണത്തിലാണ് ഇന്ത്യാ മൂന്നാംസ്ഥാനത്തുള്ളത്. മനുഷ്യാവകാശ സംഘടനയായ ഗ്ലോബല്‍ വിറ്റ്‌നെസ് പുറത്തുവിട്ട റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സ്വന്തം വീടും മണ്ണും കാടും പുഴയും സംരക്ഷിക്കുന്നതിനിടെ ലോകത്താകമാനം 164 പേരാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത്. ഇതില്‍ 23 പേരും കൊല്ലപ്പെട്ടത് ഇന്ത്യയിലാണ്. ഫിലിപ്പീന്‍സും കൊളംബിയയും മാത്രമാണ് കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ ഇന്ത്യക്കു മുകളിലുള്ള രണ്ടു രാജ്യങ്ങള്‍. ഫിലിപ്പീന്‍സില്‍ 30 പേരും കൊളംബിയയില്‍ 24 പേരുമാണ് കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ കൊല്ലപ്പെട്ടത്.

19 രാജ്യങ്ങളില്‍ ഒരാള്‍ വീതമാണ് അധികൃതരുടെ നടപടിയില്‍ കൊല്ലപ്പെട്ടത്. ബ്രസീല്‍(20), ഗ്വോട്ടിമാല(16), മെക്‌സികോ(14) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കൊലപാതക കണക്കുകള്‍. കൊല്ലപ്പെട്ടവരില്‍ പകുതിയലധികം പേരും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നു റിപോര്‍ട്ടു വ്യക്തമാക്കുന്നു. യൂറോപില്‍ ഇത്തരത്തിലുള്ള മൂന്നു കൊലപാതകങ്ങള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം റിപോര്‍ട്ടു ചെയ്തിട്ടുള്ളത്. ഇതു മൂന്നും ഉക്രൈനിലാണ്.

ലോകത്താകമാനം നടന്ന 164 കൊലകളില്‍ 43 പേര്‍ കൊല്ലപ്പെട്ടത് ഖനികള്‍ക്കതിരേ സമരം നയിച്ചതിനെ തുടര്‍ന്നാണ്.

കഴിഞ്ഞ വര്‍ഷം തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നടന്ന സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനിടെ പോലിസ് വെടിവച്ചു കൊന്ന 13 പേരുടെ കാര്യം പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട് റിപോര്‍ട്ടില്‍. 2018 മെയ് 22 നാണ് തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരക്കാര്‍ക്കെതിരേ പോലിസ് വെടിയുതിര്‍ത്തത്.

എന്നാല്‍ വ്യക്തമായ കൊലപാതകങ്ങളുടെ കണക്കുകള്‍ മാത്രമാണ് പരിഗണിച്ചതെന്നും ദുരൂഹ സാഹചര്യത്തിലും മറ്റും കൊല്ലപ്പെട്ടവരും ജയിലിലായവരും കാണാതായവരും മറ്റും ഇതിലുമെത്രയോ അധികം വരുമെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it