Big stories

കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ: തിരുത്തല്‍ ഹരജി സുപ്രിംകോടതി തള്ളി

കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ: തിരുത്തല്‍ ഹരജി സുപ്രിംകോടതി തള്ളി
X

ന്യൂഡല്‍ഹി: 1989- 1990 കാലഘട്ടത്തിലെ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലകളും വംശഹത്യകളും സംബന്ധിച്ച് സിബിഐയോ എന്‍ഐഎയോ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള തിരുത്തല്‍ ഹരജി സുപ്രിംകോടതി തള്ളി. 'ഞങ്ങള്‍ ക്യൂറേറ്റീവ് പെറ്റീഷനും അനുബന്ധ രേഖകളും പരിശോധിച്ചു. ഞങ്ങളുടെ അഭിപ്രായത്തില്‍ രൂപ അശോക് ഹുറ- അശോക് ഹുറകേസിലെ സുപ്രിംകോടതി വിധിയിലെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായല്ല ഈ കേസെടുത്തിരിക്കുന്നത'- എന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് ഹരജി തള്ളിയത്.

1989- 90 കാലഘട്ടത്തിലെ കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കാശ്മീരിലെ റൂട്ട്‌സ് എന്ന സംഘടനയാണ് ഹരജി സമര്‍പ്പിച്ചത്. സമാന ഹരജി തള്ളിക്കൊണ്ട് 2017ല്‍ പുറപ്പെടുവിച്ച സുപ്രിംകോടതിയുടെ ഉത്തരവിനെ ഹരജിക്കാരന്‍ കോടതിയില്‍ ചോദ്യം ചെയ്തു. 1989-90 വര്‍ഷവുമായി ബന്ധപ്പെട്ടതാണ് ഹരജിയില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവങ്ങള്‍. 27 വര്‍ഷത്തിലേറെ കടന്നുപോയി. ഈ വൈകിയ ഘട്ടത്തില്‍ തെളിവുകള്‍ ലഭ്യമാവാന്‍ സാധ്യതയില്ലാത്തതിനാല്‍ ഹരജിക്ക് ഫലപ്രദമായ ഉദ്ദേശങ്ങളൊന്നുമുണ്ടാവില്ലെന്നാണ് സുപ്രിംകോടതി പറഞ്ഞത്.

എന്നാല്‍, സിഖ് വിരുദ്ധ കലാപക്കേസില്‍ സജ്ജന്‍ കുമാറിനെതിരേ 2018ലെ ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ക്യൂറേറ്റീവ് പെറ്റീഷന്‍ നല്‍കിയതെന്ന് സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു. 'വെല്ലുവിളികള്‍ക്കിടയിലും സത്യം ജയിക്കുമെന്നും നീതി നടപ്പാക്കുമെന്നും ക്ഷമയോടെ കാത്തിരിക്കുന്ന എണ്ണമറ്റ ഇരകള്‍ക്ക് ഉറപ്പ് നല്‍കേണ്ടത് പ്രധാനമാണ്'- എന്നാണ് അപ്പീല്‍ അനുവദിച്ച ഹൈക്കോടതി പറഞ്ഞത്.

1989-90, 1997, 1998 വര്‍ഷങ്ങളില്‍ കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരായ എല്ലാ കൊലപാതക കേസുകളുടെയും മറ്റ് അനുബന്ധ കുറ്റകൃത്യങ്ങളുടെയും അന്വേഷണം സിബിഐ, എന്‍ഐഎ സ്വതന്ത്ര അന്വേഷണ ഏജന്‍സിക്കോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഏജന്‍സിക്കോ കൈമാറുക. ഇന്നുവരെ അവരുടെ പക്കല്‍ കിടക്കുന്ന നൂറുകണക്കിന് എഫ്‌ഐആറുകളില്‍ നടപടിയെടുക്കുന്നതില്‍ പോലിസ് ദയനീയമായി പരാജയപ്പെട്ടെന്നും തിരുത്തല്‍ ഹരജിയില്‍ പറയുന്നു.

1989-90, 1997, 1998 കാലഘട്ടത്തില്‍ കശ്മീരി പണ്ഡിറ്റുകളെ കൊലപ്പെടുത്തിയതിന്റെ നൂറുകണക്കിന് എഫ്‌ഐആറുകളില്‍ ഉള്‍പ്പെട്ട യാസിന്‍ മാലിക്, ഫാറൂഖ് അഹമ്മദ് ദാര്‍, ബിട്ട കരാട്ടെ, ജാവേദ് നല്‍കല്‍ തുടങ്ങിയവരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. സാക്ഷികള്‍ക്ക് സ്വതന്ത്രമായി മൊഴി നല്‍കുന്നതിന് കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട എല്ലാ എഫ്‌ഐആറുകളും ജമ്മു കശ്മീര്‍ സംസ്ഥാനത്തില്‍ നിന്ന് മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് കൈമാറണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it