Sub Lead

മധ്യപ്രദേശില്‍ 11 ഗ്രാമങ്ങളുടെ പേര് മാറ്റി; കൂടുതല്‍ ഗ്രാമങ്ങള്‍ക്ക് ഹിന്ദു പേരുകള്‍ നല്‍കണമെന്ന് ബിജെപി നേതാക്കള്‍

മധ്യപ്രദേശില്‍ 11 ഗ്രാമങ്ങളുടെ പേര് മാറ്റി; കൂടുതല്‍ ഗ്രാമങ്ങള്‍ക്ക് ഹിന്ദു പേരുകള്‍ നല്‍കണമെന്ന് ബിജെപി നേതാക്കള്‍
X

ഭോപ്പാല്‍: മധ്യപ്രദേശിലെ ഷാജാപ്പൂര്‍ ജില്ലയിലെ 11 ഗ്രാമങ്ങളുടെ പേരുമാറ്റി ബിജെപി സര്‍ക്കാര്‍. കാലാപിപലില്‍ ഞായറാഴ്ച നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി മോഹന്‍ യാദവാണ് പുതിയ പേരുകള്‍ പ്രഖ്യാപിച്ചത്. താഴെപ്പറയുന്ന പോലെയാണ് പേരുകള്‍ മാറ്റിയിരിക്കുന്നത്.

നിപാനിയ ഹിസാമുദ്ദീന്‍- നിപാനിയ ദേവ്

ധാബ്‌ല ഹുസൈന്‍പൂര്‍- ധാബ്‌ല റാം

മുഹമ്മദ്പൂര്‍ പവാഡിയ- റാംപൂര്‍ പവാഡിയ

ഖജൂരി അല്ലാഹാബാദ്- ഖജൂരി റാം

ഹാജിപ്പൂര്‍- ഹിരാപ്പൂര്‍

മുഹമ്മദ്പൂര്‍ മച്ച്‌നായി- മോഹന്‍പൂര്‍

റിച്ച്‌റി മൊറാദാബാദ്- റിച്ച്‌റി

ഖലീല്‍പൂര്‍- റാംപൂര്‍

ഘാട്ടി മുക്ത്യാര്‍പൂര്‍- ഘാട്ടി

ഷെയ്ഖ്പൂര്‍ ബോംഗി-അവധ്പുരി

ഉഞ്ചോദ്- ഉഞ്ചാവാദ്

ജനുവരി അഞ്ചിന് ഉജ്ജയ്‌നിലെ മൂന്നു ഗ്രാമങ്ങളുടെ പേരുകളും മുഖ്യമന്ത്രി മാറ്റിയിരുന്നു.

ഗസ്‌നി ഖേഡി- ചാമുണ്ഡ മാതാ നഗരി

വില്ലേജ് മൗലാന- വിക്രം നഗര്‍

ജഹാംഗീര്‍പുരി-ജഗദീഷ്പൂര്‍

രാജ്യത്തെ നിരവധി പ്രമുഖനഗരങ്ങളുടെയും റെയില്‍വേ സ്റ്റേഷനുകളുടെയും പേരുകള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ നേരത്തെ തന്നെ മാറ്റിയിട്ടുണ്ട്. എന്നാല്‍, ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റുന്നതിന് മധ്യപ്രദേശിലാണ് തുടക്കം കുറിച്ചിരിക്കുന്നത്. മൗലാന എന്ന വാക്ക് വളരെ വിചിത്രമാണെന്നും ഒരുഗ്രാമങ്ങളുടെ പേരിലും അതുണ്ടാവരുതെന്നും ജനുവരി അഞ്ചിന് മുഖ്യമന്ത്രി പറഞ്ഞതായി റിപോര്‍ട്ടുണ്ട്.

അതേസമയം, ഉജ്ജയ്‌നിലെ ബീഗം ബാഗ്, അണ്ഡ ഗാലി, ടോപ് ഖാന എന്ന പ്രദേശങ്ങള്‍ക്ക് പുതിയ പേരുകള്‍ നല്‍കണമെന്ന് സ്ഥലം എംപിയും ബിജെപി നേതാവുമായ അനില്‍ ഫിറോജിയ ആവശ്യപ്പെട്ടു. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിന്റെ പേര് ഭോജ്പാല്‍ എന്നാക്കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്.

ജഹാംഗീറാബാദ്, ഷാജഹാനാബാദ് എന്നീ പ്രദേശങ്ങളുടെയും ഗൗഹര്‍ഗഞ്ച്, നൂര്‍ ഗഞ്ച്, സുല്‍ത്താന്‍പൂര്‍, ബീഗം ഗഞ്ച്, ഗൈരാത് ഗഞ്ച് എന്നീ തെഹസിലുകളുടെയും ബാര്‍ഖേഡി, പിപാലിയ സാഹിര്‍പൂര്‍, മുബാറക്പൂര്‍, ഉമ്രാവോ ഗഞ്ച്, സലാമത് പൂര്‍, ഷാഹ്ബാദ്, ആലംപൂര്‍ എന്നീ ഗ്രാമങ്ങളുടെയും പേരുകള്‍ മാറ്റണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെടുന്നു. മധ്യപ്രദേശിലെ നസറുല്ല ഗഞ്ച് എന്ന പട്ടണത്തിന്റെ പേര് 2023ല്‍ ബൈരുന്ദ എന്നാക്കിയിരുന്നു. ഭോപ്പാലിലെ ഹബീബ്ഗഞ്ച് റെയില്‍വേ സ്റ്റേഷന്റെ പേര് റാണി കമലാപതിയെന്നും മാറ്റി.

Next Story

RELATED STORIES

Share it