Sub Lead

കേരളത്തില്‍ 77.68 ശതമാനം പോളിങ്; മൂന്ന് പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന പോളിങ്

അന്തിമ വിവരം പുറത്തുവന്നപ്പോള്‍ 77.68 ശതമാനം പേരാണ് സംസ്ഥാനത്തെ 20 ലോക്‌സഭാമണ്ഡലങ്ങളിലേക്ക് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 74.04 ശതമാനമായിരുന്നു പോളിങ്.

കേരളത്തില്‍ 77.68 ശതമാനം പോളിങ്;   മൂന്ന് പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന പോളിങ്
X

കോഴിക്കോട്: അത്യാവേശ പൂര്‍വം കേരളം പോളിങ് ബൂത്തിലേക്ക് ഒഴുകിയപ്പോള്‍ 17ാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിങ്. അന്തിമ വിവരം പുറത്തുവന്നപ്പോള്‍ 77.68 ശതമാനം പേരാണ് സംസ്ഥാനത്തെ 20 ലോക്‌സഭാമണ്ഡലങ്ങളിലേക്ക് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 74.04 ശതമാനമായിരുന്നു പോളിങ്.

ഇന്നലെ രാവിലെ ഏഴിനാംരിഭിച്ച വോട്ടെടുപ്പ് നിരവധി ബൂത്തുകളില്‍ രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. ശക്തമായ ത്രികോണപ്പോരാട്ടം കണ്ട മണ്ഡലങ്ങളിലും പോളിങ് ശതമാനം കുത്തനെ ഉയര്‍ന്നു. തിരുവനന്തപുരത്ത് 2014ലെ 68.69ല്‍ നിന്ന് ഇത്തവണ 73.45 ശതമാനമായി. പത്തനംതിട്ടയില്‍ 66.02ല്‍നിന്ന് 74.19 ആയും തൃശ്ശൂരില്‍ 72.17ല്‍ നിന്ന് 77.86 ആയും ഉയര്‍ന്നു. വയനാട്ടില്‍ 20 വര്‍ഷത്തിനിടെയുണ്ടായ കനത്ത പോളിങിനാണ് ഇന്നലെ സാക്ഷ്യംവഹിച്ചത്. കഴിഞ്ഞതവണ 70 ശതമാനം കടന്നത് 17 മണ്ഡലങ്ങളിലായിരുന്നുവെങ്കില്‍ ഇത്തവണ എല്ലാ മണ്ഡലങ്ങളും 70 ശതമാനം കടന്നു.

നിലവില്‍ ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം കണ്ണൂരും, കുറവ് തിരുവനന്തപുരത്തുമാണ്. കണ്ണൂരില്‍ 83.5 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ തിരുവനന്തപുരത്ത് 73.45 ശതമാനമാണ് രേഖപ്പെടുത്തിയത്. വടക്കന്‍ കേരളത്തിലെ കാസര്‍ക്കോഡ് 80.57 ശതമാനവും വടകരയില്‍ 82.48 ശതമാനവും വയനാട് 80.31 ശതമാനവും കോഴിക്കോട് 81.47 ശതമാനവും പോളിങാണ് രേഖപ്പെടുത്തിയത്.

മലപ്പുറം, പൊന്നാനി, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി, എറണാകുളം എന്നീ മണ്ഡലങ്ങളില്‍ യഥാക്രമം 75.43, 74.96, 77.67, 80.33, 77.86, 80.44, 77.54 ശതമാനവും പോളിങ് രേഖപ്പെടുത്തി. ഇടുക്കിയില്‍ 76.26 ഉം കോട്ടയത്ത് 75.29ഉം ആലപ്പുഴയില്‍ 80.09ഉം മാവേലിക്കരയില്‍ 74.09ഉം ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോള്‍ പത്തനംതിട്ട, കൊല്ലം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ യഥാക്രമം 74.19, 74.36, 74.23 ശതമാനവും വോട്ട് രേഖപ്പെടുത്തി.

പലയിടത്തും രാത്രി വൈകിയാണ് പോളിങ് അവസാനിച്ചത്. വോട്ടിംഗ് യന്ത്രങ്ങള്‍ ഒന്നില്‍ കൂടുതല്‍ തവണ പണിമുടക്കിയതോടെയാണ് പലയിടത്തും വോട്ടെടുപ്പ് രാത്രി വരെ നീണ്ടത്. തിരക്കേറിയ ബൂത്തുകളില്‍ വൈകിട്ട് ആറു കഴിഞ്ഞതോടെ കാത്തുനിന്നവര്‍ പ്രതിഷേധിക്കാന്‍ തുടങ്ങി. ക്യൂവില്‍ നില്‍ക്കുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കുമെന്ന് വ്യക്തമാക്കിയതോടെയാണ് ബഹളം ശമിച്ചത്. വിവിപാറ്റ് യന്ത്രത്തില്‍ വോട്ട് ചെയ്യാന്‍ അധികസമയം വേണ്ടി വന്നതും പോളിംഗ് ഉദ്യോഗസ്ഥരുടെ പരിചയക്കുറവും പലയിടത്തും വോട്ടെടുപ്പ് വൈകുന്നതിന് കാരണമായി. വോട്ടിങ്, വിവിപാറ്റ് യന്ത്രങ്ങളില്‍ ഒരു ശതമാനത്തിനു മാത്രമാണ് തകരാര്‍ ഉണ്ടായിരുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ടിക്കാറാം മീണ വ്യക്തമാക്കി. ഇടിയും മഴയും യന്ത്രങ്ങളുടെ തകരാറിന് കാരണമാകാറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. വോട്ടിങ് യന്ത്രങ്ങളില്‍ പലയിടത്തും പിഴവ് ആരോപിച്ചിരുന്നെങ്കിലും എങ്ങും റീ പോളിങ് പ്രഖ്യാപിച്ചിട്ടില്ല.


Next Story

RELATED STORIES

Share it