Sub Lead

ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്‌സയും അത്‌ലറ്റിക്കോയും പുറത്ത്

ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്‌സയും അത്‌ലറ്റിക്കോയും പുറത്ത്
X

ക്യാംപ് നൗ: യുവേഫ ചാംപ്യന്‍സ് ലീഗ് ആദ്യ സെമിയില്‍ പിഎസ്ജി ജര്‍മ്മന്‍ ക്ലബ്ബ് ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനെ നേരിടും. ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാം പാദത്തില്‍ ബാഴ്‌സലോണയെ തകര്‍ത്താണ് പിഎസ്ജി സെമിയില്‍ കടന്നത്. ആദ്യ പാദത്തില്‍ 3-2ന് ജയിച്ചതിന്റെ ആനുകൂല്യം കറ്റാലന്‍മാര്‍ക്ക് മുതലാക്കാനായില്ല. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് പിഎസ്ജിയുടെ ജയം. ഇതോടെ 6-4 അഗ്രിഗേറ്റ് സ്‌കോറോടെ പിഎസ്ജി സെമിയില്‍ പ്രവേശിച്ചു. രണ്ട് ഗോളുകള്‍ നേടിയ കിലിയന്‍ എംബാപ്പെയാണ് ബാഴ്‌സയെ തകര്‍ത്തത്.

12ാം മിനിറ്റില്‍ റഫീഞ്ഞ ബാഴ്‌സയെ ആദ്യം മുന്നിലെത്തിച്ച് പ്രതീക്ഷകള്‍ സജീവമാക്കി. ലമിനെ യമാല്‍ നല്‍കിയ ക്രോസ് റഫീഞ്ഞ ഗോളാക്കി മാറ്റുകയായിരുന്നു. പിന്നീട് 29ാം മിനിറ്റില്‍ ബാര്‍കോളയെ ഫൗള്‍ ചെയ്തതിന് റൊണാള്‍ഡ് അറോഹൊ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. ഇത് ബാഴ്‌സയ്ക്ക് വന്‍ തിരിച്ചടിയായി. പത്തുപേരായി ചുരുങ്ങി ബാഴ്‌സയ്ക്കുമേല്‍ പിന്നീടാണ് പിഎസ്ജിയുടെ നാലു ഗോളുകളും പിറന്നത്.

40ാം മിനിറ്റില്‍ ബാര്‍കോളയുടെ പാസില്‍നിന്ന് ഒസ്മാന്‍ ഡെംബലെയാണ് പിഎസ്ജിക്കായി ആദ്യ ഗോള്‍ നേടിയത്. ഇതോടെ 1-1 എന്ന നിലയില്‍ ആദ്യ പകുതി അവസാനിച്ചു. തുടര്‍ന്ന് 54ാം മിനിറ്റില്‍ വിറ്റിഞ്ഞ വീണ്ടും പിഎസ്ജിയെ മുന്നിലെത്തിച്ചു. ഇതോടെ അഗ്രിഗേറ്റ് സ്‌കോര്‍ 4-4 എന്ന നിലയിലായി. തുടര്‍ന്ന് 61, 89 മിനിറ്റുകളില്‍ കിലിയന്‍ എംബാപ്പെ വല ചലിപ്പിച്ചതൊടെയാണ് പിഎസ്ജി സെമി പോരാട്ടത്തിന് യോഗ്യത നേടിയത്.

എംബാപ്പെയുടെ ഗോളുകളിലൊന്നില്‍ 61ാം മിനിറ്റില്‍ ഒസ്മാന്‍ ഡെംബലയെ കാന്‍സലോ വീഴ്ത്തിയതോടെ ലഭിച്ച പെനാല്‍റ്റി വകയാണ്. നിശ്ചിതസമയം അവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കേ, മികച്ച ഒരു കൗണ്ടര്‍ അറ്റാക്കിങ്ങിലൂടെ എംബാപ്പെ രണ്ടാം ഗോള്‍ കണ്ടെത്തി. പി.എസ്.ജി.യുടെ വിജയവും ഉറപ്പാക്കി. ഇതിനിടെ ബാഴ്‌സലോണ പരിശീലകന്‍ സാവിക്കും ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു.

മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാം പാദ മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടും വന്‍ തിരിച്ചുവരവ് നടത്തി. രണ്ടാം പാദത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ 4-2ന് തകര്‍ത്താണ് ഡോര്‍ട്ട്മുണ്ടിന്റെ സെമി പ്രവേശം. മാഡ്രിഡില്‍ നടന്ന ആദ്യപാദത്തില്‍ 2-1ന് പിന്നിലായിരുന്ന ഡോര്‍ട്ട്മുണ്ട് സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ വിജയിച്ച് അഗ്രിഗേറ്റ് സ്‌കോറില്‍ 5-4ന് മുന്നിലെത്തി. 2013ന് ശേഷം ആദ്യമായാണ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ചാംപ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിക്കുന്നത്.




Next Story

RELATED STORIES

Share it