Sub Lead

മലയാളികളാണ് യഥാര്‍ഥ ഇന്ത്യക്കാര്‍

ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

മലയാളികളാണ് യഥാര്‍ഥ ഇന്ത്യക്കാര്‍
X

ഏതാനും വര്‍ഷം മുമ്പ്, 2016ലാണ് ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്. എന്റെ എഫ്ബി പേജിലാണ് ആദ്യം വന്നത്. പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി.

'ആരാണ് യഥാര്‍ഥ ഇന്ത്യക്കാര്‍?'

ഞാന്‍ ഒരു കശ്മീരിയാണ്. അതുകൊണ്ട് കശ്മീരികളെ യഥാര്‍ഥ ഇന്ത്യക്കാര്‍ എന്നു വിളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുക. എന്റെ പൂര്‍വികര്‍ 200 വര്‍ഷം മുമ്പ് കശ്മീരില്‍ നിന്ന് മധ്യപ്രദേശിലേക്ക് കുടിയേറിയവരാണ്. തലമുറകളോളം പടിഞ്ഞാറന്‍ മധ്യപ്രദേശിലെ ജവോറ നവാബിന്റെ സേവകരായിരുന്നു അവര്‍. അപ്പോള്‍ മധ്യപ്രദേശ് ആണ് യഥാര്‍ഥ ഇന്ത്യ എന്നു പറയാനാവും എനിക്കിഷ്ടം. എന്റെ പിതാമഹന്‍ ഡോ. കെ എന്‍ കട്ജു നിയമജ്ഞന്‍ എന്ന നിലയില്‍ യുപിയിലേക്കു വന്നു. ആദ്യം 1908ല്‍ കാണ്‍പൂരിലെ ജില്ലാകോടതിയിലും പിന്നീട് 1914ല്‍ അലഹബാദ് ഹൈക്കോടതിയിലുമായിരുന്നു സേവനം. ഞാന്‍ 1946 ല്‍ ലക്‌നോവിലാണ് ജനിച്ചത്. വളര്‍ന്നത് അലഹബാദിലും. അലഹബാദാണ് എന്റെ മാതൃനഗരമായി ഞാന്‍ കരുതുന്നത്. ആ നിലയ്ക്ക് ഉത്തര്‍പ്രദേശ് ജനതയെ യഥാര്‍ഥ ഇന്ത്യക്കാരെന്നു വിശേഷിപ്പിക്കാനാവും എനിക്കിഷ്ടം.

ബംഗാളുമായും ഒഡീഷയുമായും(എന്റെ പിതാമഹന്‍ അവിടെ ഗവര്‍ണറായിരുന്നു) തമിഴ്‌നാടുമായും (അവിടെ ഞാന്‍ ചീഫ് ജസ്റ്റിസ് ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്) എനിക്ക് അടുത്ത ബന്ധങ്ങളുണ്ട്. അപ്പോള്‍ അവരെയല്ലേ യഥാര്‍ഥ ഇന്ത്യക്കാരെന്നു വിളിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുക. എന്നാല്‍ ഇവയെല്ലാം എന്റെ വൈകാരികമായ അഭിപ്രായപ്രകടനങ്ങള്‍ മാത്രമാണ്

യുക്തിപൂര്‍വം ചിന്തിക്കുമ്പോള്‍ കേരളീയരാണ് യഥാര്‍ഥ ഇന്ത്യക്കാരെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യക്കാരെന്ന നിലയില്‍ അവരില്‍ അന്തര്‍ലീനമായ സത്താപരമായ സവിശേഷ ഗുണങ്ങളാണ് അതിനു കാരണം.

എന്താണ് ഇന്ത്യ?

കുടിയേറ്റക്കാരുടെ ഒരു വിശാല രാജ്യമാണ് ഇന്ത്യ, വടക്കേ അമേരിക്കയെ പോലെ. നിരവധി മതങ്ങള്‍, ജാതികള്‍, ഭാഷകള്‍, വംശ മത ഗ്രൂപ്പുകള്‍ തുടങ്ങി അനിതരസാധാരണമായ വൈവിധ്യങ്ങള്‍ നമുക്കിവിടെ കാണാം. ഇന്ന് ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഏതാണ്ട് 95 ശതമാനം ആളുകളുടെയും പൂര്‍വികര്‍ അന്യനാടുകളില്‍ നിന്ന് വന്നവരാണ്. ആദിമനിവാസികളായിട്ടുള്ളത് ഭില്ലുകള്‍, ഗോണ്ടുകള്‍, സന്താളുകള്‍, തോഡകള്‍ തുടങ്ങിയ പട്ടികവര്‍ഗ വിഭാഗങ്ങളായി അറിയപ്പെടുന്ന ദ്രാവിഡപൂര്‍വ ഗോത്രങ്ങളാണ്. അതിനാല്‍ ഒന്നുചേര്‍ന്നും സൗഹൃദപൂര്‍വമായും ജീവിക്കുന്നതിന് എല്ലാ വിഭാഗം ജനതയെ യും നാം ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്.

എന്റെ അഭിപ്രായത്തില്‍ കേരളീയര്‍ ഇക്കാര്യം ഭംഗിയായി നിര്‍വഹിക്കുന്നതിനാല്‍ പ്രതീകാത്മകമായി അവര്‍ മുഴുവന്‍ ഇന്ത്യയെയും പ്രതിനിധാനം ചെയ്യുന്നവരാണ്. അവരാണ് യഥാര്‍ഥ ഇന്ത്യക്കാര്‍. അവരെ നാം അനുകരിക്കാനും അവരുടെ ചൈതന്യത്തെ ഉള്‍ക്കൊള്ളാനും ശ്രമിക്കണം. കേരളമാണ് യഥാര്‍ഥ ഇന്ത്യയെന്ന് ഞാന്‍ കരുതുന്നത് ഇന്ത്യയുടെ സൂക്ഷ്മഭാവത്തെ കേരളം പ്രതിനിധാനം ചെയ്യുന്നതുകൊണ്ടാണ്. ഇന്ത്യ കുടിയേറ്റക്കാരുടെ ഒരു വിശാല രാജ്യമാണെന്ന് ഞാന്‍ പറഞ്ഞല്ലോ. കേരളത്തിന്റെ പ്രധാന ഗുണ വിശേഷമെന്നത് പുറത്തുനിന്ന് വന്നതിനോട് ഒരു തുറന്ന സമീപനം അവര്‍ക്കുണ്ടെന്നതാണ്. ദ്രാവിഡര്‍, ആര്യന്‍മാര്‍, റോമക്കാര്‍, അറബികള്‍, ബ്രിട്ടിഷുകാര്‍, ഹിന്ദുക്കള്‍, മുസ്‌ലിംകള്‍, ക്രൈസ്തവര്‍, കമ്മ്യൂണിസ്റ്റുകള്‍ തുടങ്ങി സകലതിന്റെയും സ്വാധീനത്തെ തുറന്ന മനസ്സോടെ കേരളീയര്‍ ഉള്‍ക്കൊള്ളുന്നു.

ഫലസ്തീനിനു വെളിയിലുള്ള ഏറ്റവും പഴക്കം ചെന്ന ക്രിസ്ത്യന്‍ ഗ്രൂപ്പാണ് കേരളത്തിലെ ക്രൈസ്തവര്‍. യേശുവിന്റെ ശിഷ്യന്മാരിലൊരാളായ സെന്റ് തോമസ് കേരളത്തില്‍ വന്നു. ജൂതന്മാര്‍ ഇവിടെയെത്തുകയും കൊച്ചിയില്‍ സ്ഥിരവാസം ഉറപ്പിക്കുകയും ചെയ്തു. ക്രിസ്തുവിനു ശേഷം 72ല്‍ റോമക്കാര്‍ അവരുടെ ആരാധനാലയം തകര്‍ത്തതിനെ തുടര്‍ന്ന് നിരവധി പീഡനങ്ങള്‍ക്കിരയായവരായിരുന്നു ജൂതന്മാര്‍. ഉത്തരേന്ത്യയിലെ പോലെ സൈനിക മേധാവികളായല്ല, വര്‍ത്തകരായാണ് മുസ്‌ലിംകള്‍ കേരളത്തിലെത്തിയത്. ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ നേരിട്ട അത്ര തന്നെ ശക്തമായ വിവേചനം ഇവിടെ പട്ടികജാതിക്കാര്‍ക്കു നേരിടേണ്ടി വന്നിട്ടില്ല. ഈഴവ സമുദായത്തില്‍ നിന്നുള്ള മഹാത്മാവായ ശ്രീനാരായണഗുരു എല്ലാ സമുദായങ്ങള്‍ക്കും ആദരണീയനായിരുന്നു.

2000ലേറെ കൊല്ലം മുമ്പേ തന്നെ ഫിനീഷ്യരും റോമക്കാരും അറബികളുമായി കേരളം കച്ചവട ബന്ധം നിലനിര്‍ത്തിയിരുന്നു. കേരളത്തില്‍ നിരവധി റോമന്‍ നാണയങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മഹത്തായ കലാപ്രതികള്‍, ഗണിത ശാസ്ത്രജ്ഞര്‍(ആര്യഭടന്‍ കേരളത്തില്‍ നിന്നുള്ള ആളാണെന്ന് പറയപ്പെടുന്നു), ആയോധന കലകള്‍, കരകൗശല ശില്‍പ്പങ്ങള്‍, പുണ്യപുരുഷന്മാര്‍ തുടങ്ങി എത്രയെത്ര സംഭാവനകളാണ് കേരളത്തിന്റേതായുള്ളത്.

കേരളീയര്‍ വലിയ സഞ്ചാരികളാണ്. ഭൂഗോളത്തിന്റെ ഏതു മൂലയിലും നമുക്കൊരു മലയാളിയെ കണ്ടുമുട്ടാനാവും. അമേരിക്കന്‍ ബഹിരാകാശ യാത്രികനായ നീല്‍ ആംസ്‌ട്രോങ് 1969ല്‍ ചന്ദ്രനില്‍ കാലുകുത്തിയപ്പോള്‍ അവിടെ ചായ വില്‍ക്കുന്ന ഒരു മലയാളിയെ കണ്ടതായ തമാശക്കഥ തന്നെയുണ്ടല്ലോ! വിദേശത്തേക്ക് യാത്ര ചെയ്യുന്നതിന് കേരളത്തില്‍ ഒരു വിലക്കുമുണ്ടായിരുന്നില്ല. ഉത്തരേന്ത്യയില്‍ പല സമുദായങ്ങള്‍ക്കും 'കാലാപാനി' കടന്നുള്ള യാത്രകള്‍(കടല്‍യാത്ര) നിഷിദ്ധമായിരുന്നു. മധ്യപൂര്‍വദേശത്ത് മലയാളികള്‍ തിങ്ങിനിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ കൊല്ലം കേരളീയരായ ചില മുസ്‌ലിംകളുടെ ക്ഷണം സ്വീകരിച്ച് ഞാന്‍ ഖത്തറിലെത്തിയപ്പോള്‍ തദ്ദേശീയരായ അറബികളേക്കാള്‍ മലയാളികളെയാണ് കണ്ടത്. ദുബയിലും ധാരാളം കേരളീയരെ കണ്ടു. ബഹ്‌റയ്‌നില്‍ പ്രദേശവാസികളേക്കാള്‍ അധികം മലയാളികളായിരുന്നു!

അലഹബാദില്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയും അഭിഭാഷകനുമായിരുന്ന കാലത്ത് ഞാന്‍ മിക്കപ്പോഴും കോഫീ ഹൗസില്‍ പോവാറുണ്ടായിരുന്നു. അവിടെയും വെയിറ്റര്‍മാര്‍ക്കിടയില്‍ ധാരാളം മലയാളികളെ ഞാന്‍ കണ്ടിരുന്നു. അവരില്‍ പലരുമായും സൗഹൃദവുമുണ്ടായിരുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി ആശുപത്രികളില്‍ നഴ്‌സുമാരായുള്ളതും കേരളീയരാണ്. കേരളത്തില്‍ നിരക്ഷരത ഇല്ലെന്നാണ് ഞാന്‍ കരുതുന്നത്. കേരളീയര്‍ അധ്വാനശീലരും മര്യാദക്കാരും ബുദ്ധിമാന്മാരുമാണ്. അവര്‍ വിശാലമനസ്‌കരും സ്വതന്ത്രവും മതനിരപേക്ഷവുമായ കാഴ്ചപ്പാടുള്ളവരുമാണ്(ചില്ലറ അപവാദങ്ങള്‍ ഉണ്ടാകാം എന്നതില്‍ സംശയമില്ല). എല്ലാ ഇന്ത്യക്കാരും കേരളീയരില്‍ നിന്ന് പഠിക്കേണ്ടതുണ്ട്. ഇപ്പോള്‍ 2024 ല്‍ ഈ കുറിപ്പെഴുതി എട്ടുവര്‍ഷത്തിനു ശേഷവും, അടുത്ത ദിവസം വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എന്റെ കാഴ്ചപ്പാട് ഞാന്‍ ഊന്നലോടെ ആവര്‍ത്തിക്കുന്നു.

(സുപ്രിം കോടതി മുന്‍ ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാനുമാണ് ലേഖകന്‍)

Next Story

RELATED STORIES

Share it