Big stories

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ്; നാലു ജില്ലകള്‍ റെഡ് സോണില്‍ തന്നെ

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ റെഡ് സോണില്‍ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ്; നാലു ജില്ലകള്‍ റെഡ് സോണില്‍ തന്നെ
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായും എട്ടുപേര്‍ക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇടുക്കി-4, കോഴിക്കോട്-2, കോട്ടയം-2, തിരുവനന്തപുരം-1, കൊല്ലം-1 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. കാസര്‍കോട് ആറുപേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഓരോരാള്‍ക്കും രോഗം ഭേദമായി. നാലുപേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കം മുലം രോഗബാധയുണ്ടായത്. ഇതുവരെ സംസ്ഥാനത്ത് 447 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 129 പേര്‍ ചികില്‍സയിലുണ്ട്.

വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ അയല്‍ സംസ്ഥാനത്ത് നിന്നും രണ്ടുപേര്‍ വിദേശത്ത് നിന്നും വന്നവരാണ്. സമ്പര്‍ക്കത്തിലൂടെ നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 23,876 ആയി കുറഞ്ഞു. 23,439 പേര്‍ വീടുകളിലും 437 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. 148 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20,326 സാംപിളുകള്‍ രോഗബാധയില്ലെന്ന് ഉറപ്പാക്കി. 21,334 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. കണ്ണൂരില്‍ 2592 പേര്‍ നിരീക്ഷണത്തിലുണ്ട്. കാസര്‍കോട് 3126 പേരും കോഴിക്കോട് 2770 പേരും മലപ്പുറത്ത് 2465 പേരും നിരീക്ഷണത്തിലുണ്ട്.

അതേസമയം കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ റെഡ് സോണില്‍ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മറ്റു ജില്ലകള്‍ ഓറഞ്ച് സോണിലാവും. റെഡ് സോണായി കണക്കാക്കുന്ന നാല് ജില്ലകളിലും നിയന്ത്രണങ്ങള്‍ നിലവിലെ അതേനിലയില്‍ തുടരും. നേരത്തേ പോസിറ്റീവ് കേസില്ലാതിരുന്നതിനാല്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇളവ് നല്‍കിയിരുന്നെങ്കിലും ഇന്ന് രണ്ട് ജില്ലകളിലും രോഗം സ്ഥിരീകരിച്ചതിനാല്‍ ഗ്രീന്‍ സോണില്‍ നിന്ന് ഓറഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്. ഓറഞ്ച് മേഖലയിലെ 10 ജില്ലകളില്‍ ഹോട്ട്‌സ്‌പോട്ടുകളായ പഞ്ചായത്തുകളെ ഒരു യൂനിറ്റായി എടുക്കും. ഇവ അടച്ചിടും. മുനിസിപ്പല്‍ അതിര്‍ത്തിയില്‍ വാര്‍ഡുകളാണ് യൂനിറ്റ്. കോര്‍പറേഷനുകളില്‍ ഡിവിഷനുകളാണ് യൂനിറ്റ്. ആ വാര്‍ഡുകളും ഡിവിഷനുകളുമാണ് മുനിസിപ്പല്‍, കോര്‍പറേഷന്‍ അതിര്‍ത്തികളില്‍ അടച്ചിടുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. .

ഹോട്ട്‌സ്‌പോട്ടുകള്‍ ഏതൊക്കെയാണെന്ന് ജില്ലാ ഭരണകൂടങ്ങള്‍ തീരുമാനിക്കും. കണ്ണൂരില്‍ പരിയാരം മെഡിക്കല്‍ കോളജിലെയും കോട്ടയം മെഡിക്കല്‍ കോളജിലെയും കൊവിഡ് 19 ലാബിന് ഐസിഎംആര്‍ അംഗീകാരം ലഭിച്ചു. കണ്ണൂരില്‍ നാളെ മുതല്‍ കൊവിഡ് പരിശോധന ആരംഭിക്കും. ഇവിടെ നാല് റിയല്‍ ടൈം പിസിആര്‍ മെഷീനുകള്‍ സജ്ജമാക്കി. ആദ്യഘട്ടത്തില്‍ 15ഉം പിന്നീട് 60 വരെയും പരിശോധന ദിവസം നടത്താനാവും. ഇതോടെ കേരളത്തില്‍ 14 സര്‍ക്കാര്‍ ലാബുകളില്‍ കൊവിഡ് 19 പരിശോധന നടത്താന്‍ അനുമതിയായി. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പരിശോധന വേഗത്തിലാക്കാന്‍ 10 റിയല്‍ ടൈം പിസിആര്‍ മെഷീന്‍ വാങ്ങാനാണ് അനുമതി നല്‍കിയത്. മൂന്നാം ഘട്ടം സംസ്ഥാനത്ത് രോഗവ്യാപനം ഉണ്ടായില്ലെന്നാണ് അനുമാനം. സംസ്ഥാനത്ത് സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ ഭീഷണി ഒഴിഞ്ഞിട്ടില്ല. നിലനില്‍ക്കുന്നുണ്ട്. തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലൂടെ ആളുകള്‍ ഇരുവശത്തേക്കും കടക്കുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. അത്യാവശ്യ യാത്രകള്‍ക്ക് ജില്ല കടന്നുപോകുന്നതിന് പോലിസ് ആസ്ഥാനത്ത് നിന്നും ജില്ലാ പോലിസ് മേധാവിമാരുടെ ഓഫിസില്‍ നിന്നും എമര്‍ജന്‍സി പാസ് വാങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.




Next Story

RELATED STORIES

Share it