Sub Lead

'ഹിന്ദു ധര്‍മ സന്‍സദ്' ബുധനാഴ്ച; റൂര്‍ക്കിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഹിന്ദു ധര്‍മ സന്‍സദ് ബുധനാഴ്ച; റൂര്‍ക്കിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
X

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ മുസ്‌ലിംകള്‍ക്കെതിരേ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത ഹിന്ദുമത സമ്മേളനത്തിന് പിന്നാലെ ബുധനാഴ്ച റൂര്‍ക്കിയിലും 'ഹിന്ദു ധര്‍മ സന്‍സദ്' അരങ്ങേറുന്നു. ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് റൂര്‍ക്കിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണകൂടം. ഹിന്ദു മഹാപഞ്ചായത്ത് നടക്കുന്ന ദാദാ ജലാല്‍പൂരിലാണ് ഭരണകൂടം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ചടങ്ങില്‍ വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്ന സുപ്രിംകോടതിയുടെ കര്‍ശന നിര്‍ദേശത്തിനു പിന്നാലെയാണ് നടപടി.

അതേസമയം, മഹാപഞ്ചായത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഹിന്ദുത്വ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഹരിദ്വാറിന്റെ ചുവടുപിടിച്ച് റൂര്‍ക്കിയിലും വിദ്വേഷ പ്രസംഗം നടത്താനുള്ള ഹിന്ദുത്വരുടെ പദ്ധതിക്ക് സുപ്രിംകോടതി കനത്ത താക്കീത് നല്‍കിയിരിക്കുകയാണ്. വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ സുപ്രിംകോടതി ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാരിനോട് ഉത്തരവിട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, അഭയ് ശ്രീനിവാസ് ഓക, സി ടി രവികുമാര്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ചിന്റേതാണ് ഉത്തരവ്.

വിദ്വേഷ പ്രസംഗങ്ങള്‍ തടഞ്ഞിട്ടില്ലെങ്കില്‍ ചീഫ് സെക്രട്ടറിയായിരിക്കും ഉത്തരവാദിയെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ചീഫ് സെക്രട്ടറിയെ കോടതിയിലേക്ക് വിളിപ്പിക്കും. വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. വിദ്വേഷ പ്രസംഗം തടയാന്‍ വേണ്ട എല്ലാ നടപടികളും കൈക്കൊള്ളണം- കോടതി മുന്നറിയിപ്പ് നല്‍കി. ''നിങ്ങള്‍ അടിയന്തരമായ നടപടി സ്വീകരിക്കണം. ഞങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്. പ്രതിരോധ നടപടികള്‍ക്ക് വേറെയും മാര്‍ഗങ്ങളുണ്ട്. അത് എങ്ങനെ ചെയ്യണമെന്ന് നിങ്ങള്‍ക്ക് അറിയാം''- ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ഡെപ്യൂട്ടി അഡ്വക്കറ്റ് ജനറല്‍ ജതീന്ദര്‍ കുമാര്‍ സേത്തിയോട് വ്യക്തമാക്കി.

സുപ്രിംകോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് റൂര്‍ക്കിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച കാര്യം ഹരിദ്വാര്‍ ജില്ലാ മജിസ്‌ട്രേറ്റ് വി എസ് പാണ്ഡെ അറിയിച്ചത്. പരിപാടിക്ക് സംഘാടകരില്‍ നിന്ന് ഒരു അനുമതിയും ആവശ്യപ്പെട്ടിട്ടില്ല. നാലോ അതിലധികമോ ആളുകള്‍ ഒത്തുകൂടുന്നത് നിരോധിക്കുന്ന സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ സംസ്ഥാന കോ-ഓഡിനേറ്റര്‍ ഉള്‍പ്പെടെ 35 പേരെ അനധികൃത പരിപാടി ആസൂത്രണം ചെയ്തതിന് കസ്റ്റഡിയിലെടുത്തതായും അധികൃതര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ധര്‍മ സന്‍സദുകളിലെ വിദ്വേഷ പ്രസംഗങ്ങളില്‍ നടപടി ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ ഖുര്‍ബാന്‍ അലി, മുതിര്‍ന്ന അഭിഭാഷകനും മുന്‍ പട്‌ന ഹൈക്കോടതി ജഡ്ജിയുമായ അഞ്ജന പ്രകാശ് എന്നിവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി.

എന്നാല്‍, കോടതിയെ വെല്ലുവിളിച്ചും പരിപാടിയുമായി മുന്നോട്ടുപോവാനുള്ള നീക്കത്തിലാണ് ഹിന്ദുത്വ സംഘടനകള്‍. കഴിഞ്ഞ ഡിസംബറില്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടന്ന ഹിന്ദു ധര്‍മ സന്‍സദ് ഉയര്‍ത്തിയ വിവാദങ്ങള്‍ ഇതുവരെയും അവസാനിച്ചിട്ടില്ല. ഹിന്ദു സന്യാസികള്‍ മുസ്‌ലിം വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത പരിപാടിയുടെ ചുവടുപിടിച്ച് മറ്റു സംസ്ഥാനങ്ങളിലും കടുത്ത വിദ്വേഷം പരത്തി ധര്‍മ സന്‍സദുകള്‍ നടന്നിരുന്നു. ഇതിനെതിരേ കടുത്ത പ്രതിഷേധം തുടരുന്നതിനിടെയാണ് ബുധനാഴ്ച ഉത്തരാഖണ്ഡില്‍തന്നെ വീണ്ടും ധര്‍മസന്‍സദ് നടക്കുന്നത്.

അതേസമയം, പരിപാടി തടയാന്‍ ശ്രമിച്ചാല്‍ കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്ന് ഹിന്ദുത്വ നേതാവും ഹരിദ്വാര്‍ കേന്ദ്രമായുള്ള പുരോഹിതനുമായ ആനന്ദ് സ്വരൂപ് മഹാരാജ് മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് മുസ്‌ലിംകളില്‍നിന്നും ഭീകരവാദികളില്‍നിന്നും റോഹിന്‍ഗ്യകളില്‍നിന്നും ഹിന്ദുക്കള്‍ നേരിടുന്ന ഭീഷണി ചര്‍ച്ച ചെയ്യാനാണ് പരിപാടി നടത്തുന്നത്. നിങ്ങള്‍ ഞങ്ങളെ തടയാന്‍ ശ്രമിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഭീകരമായിരിക്കും- ഒരു വിഡിയോ സന്ദേശത്തില്‍ ആനന്ദ് സ്വരൂപ് ഭീഷണി മുഴക്കി. ഹരിദ്വാര്‍ ധര്‍മ സന്‍സദില്‍ വിദ്വേഷ പ്രസംഗം നടത്തിയതിന് ആനന്ദ് സ്വരൂപിനെതിരേ കേസുണ്ട്. ഹിന്ദു രാഷ്ട്രമെന്ന ആവശ്യത്തിന് സര്‍ക്കാര്‍ ചെവികൊണ്ടിട്ടില്ലെങ്കില്‍ 1857 പോലെയുള്ള വിപ്ലവമായിരിക്കും നടക്കാന്‍ പോവുന്നതെന്ന് പരിപാടിയില്‍ ഇദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it