Sub Lead

ചിത്രകൂട് കലാപക്കേസ്; യുപി ബിജെപി എംപി ആര്‍ കെ സിങ്ങിന് ഒരുവര്‍ഷം തടവ്

ചിത്രകൂട് കലാപക്കേസ്; യുപി ബിജെപി എംപി ആര്‍ കെ സിങ്ങിന് ഒരുവര്‍ഷം തടവ്
X

ന്യൂഡല്‍ഹി: 2009 ലെ ചിത്രകൂട് കലാപക്കേസില്‍ ബിജെപി എംപിക്ക് തടവ് ശിക്ഷ. ഉത്തര്‍പ്രദേശ് ബാണ്ഡ എംപി ആര്‍ കെ സിങ് പട്ടേലിനെയാണ് ചിത്രകൂട് കോടതി ഒരുവര്‍ഷം തടവിന് ശിക്ഷിച്ചത്. 2009ലെ ബിഎസ്പി ഭരണത്തിന് കീഴില്‍ ചിത്രകൂട് കലാപവുമായി ബന്ധപ്പെട്ട് നടന്ന അനിഷ്ട സംഭവങ്ങളുടെ പേരിലാണ് എംപിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. ആര്‍കെ സിങ് സമാജ് വാദി പാര്‍ട്ടി നേതാവായിരുന്ന കാലത്ത് ഉത്തര്‍പ്രദേശില്‍ ഭരണത്തിലിരുന്ന ബിഎസ്പി സര്‍ക്കാരിനെതിരേ കലാപശ്രമം നടത്തുകയും വര്‍ഗീയ സംഘര്‍ഷത്തിലേക്ക് കലാപം വഴിമാറുകയും ചെയ്‌തെന്നാണ് കേസ്.

പ്രതിഷേധത്തിനിടെ 150 ഓളം പേര്‍ ചേര്‍ന്ന് ട്രെയിന്‍ അടക്കമുള്ള ഗതാഗതം തടസ്സപ്പെടുത്തുക, ട്രെയിനിനും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസിനും നേരേ കല്ലെറിയുക അടക്കമുള്ള കുറ്റങ്ങളാണ് ആര്‍ കെ സിങ്ങിനെതിരേ പോലിസ് ചുമത്തിയിരുന്നത്. കേസില്‍ ചിത്രകൂട് കാര്‍വി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ നരേന്ദ്ര ഗുപ്ത, മുന്‍ എസ്പി എംഎല്‍എ വീര്‍ സിങ് പട്ടേല്‍ എന്നിവരുള്‍പ്പെടെ 19 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കുറ്റക്കാരായ 19 പേരില്‍ 16 പേര്‍ക്ക് ഒരുവര്‍ഷം വീതവും ബാക്കിയുള്ള മൂന്ന് പേര്‍ക്ക് ഒരുമാസവും തടവ് ശിക്ഷ വിധിച്ചു.

പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ പ്രകാരം സംശയാതീതമായി കുറ്റം തെളിയിക്കപ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി. സംഭവം നടക്കുമ്പോള്‍ പട്ടേല്‍ സമാജ്‌വാദി പാര്‍ട്ടി എംപിയായിരുന്നു. തുടര്‍ന്നാണ് ബിജെപിയില്‍ ചേരുന്നതും തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിക്കുന്നതും. ചിത്രക്കൂട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സഞ്ജയ് കുമാറാണ് ശിക്ഷ വിധിച്ചത്. അതേസമയം, ഒരുവര്‍ഷം മാത്രം തടവുശിക്ഷ ലഭിച്ച ആര്‍ കെ സിങ്ങിന് എംപി സ്ഥാനം നഷ്ടമാവില്ല. രണ്ടോ അതിലധികമോ വര്‍ഷം ശിക്ഷ ലഭിക്കുന്നവര്‍ക്കാണ് എംപി സ്ഥാനം നഷ്ടമാവുക.

Next Story

RELATED STORIES

Share it