Sub Lead

ശബരിമലയില്‍ പ്രവേശിക്കാന്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തത് 36 സ്ത്രീകള്‍

കഴിഞ്ഞ വര്‍ഷം ജനുവരി രണ്ടിനാണ് രണ്ടു വനിതകള്‍ പോലിസിന്റെ കനത്ത സുരക്ഷയില്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത്

ശബരിമലയില്‍ പ്രവേശിക്കാന്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തത് 36 സ്ത്രീകള്‍
X

തിരുവനന്തപുരം: ശബരിമലയില്‍ രണ്ടുമാസം നീണ്ടുനില്‍ക്കുന്ന മണ്ഡലകാലത്ത് ദര്‍ശനം നടത്താന്‍ വേണ്ടി ഇതുവരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തത് 36 സ്ത്രീകള്‍. യുവതി പ്രവേശനം സംബന്ധിച്ച പുനപ്പരിശോധനാ ഹരജികള്‍ മുന്‍ ഉത്തരവ് റദ്ദാക്കാതെ സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിശാലമായ ഏഴംഗ ബെഞ്ചിലേക്ക് വിട്ടിരിക്കെ 36 സ്ത്രീകള്‍ മല ചവിട്ടാനെത്തിയാല്‍ വീണ്ടും ചര്‍ച്ചയാവും. 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കു ശബരിമലയില്‍ പ്രവേശിക്കാമെന്ന 2018 സപ്തംബര്‍ 28ലെ വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീകള്‍ മല ചവിട്ടാനെത്തുകയാണെങ്കില്‍ സംരക്ഷണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാണ്. കഴിഞ്ഞ മണ്ഡലകാലത്ത് 10നും 50നും ഇടയില്‍ പ്രായമുള്ള 740 സ്ത്രീകള്‍ ദര്‍ശനത്തിനു വേണ്ടി ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, സ്ത്രീപ്രവേശനത്തിനു അനുമതി നല്‍കിയ സുപ്രിംകോടതി വിധിയോടെ ശബരിമലയില്‍ സംഘര്‍ഷസാഹചര്യം ഉടലെടുത്തതിനാല്‍, പ്രശ്‌നം സങ്കീര്‍ണമാണെന്നു മനസ്സിലാക്കി പോലിസ് രജിസ്റ്റര്‍ ചെയ്തവരുടെ വിശദാംശങ്ങള്‍ ശേഖരിച്ച് അവരുടെ വീടുകളിലെത്തി തീര്‍ത്ഥാടനത്തിന് എത്തുന്നില്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു. ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത സ്ത്രീകളുടെ വിശദാംശങ്ങളും പോലിസ് ശേഖരിച്ചതായാണു വിവരം.

ശബരിമല പുനപ്പരിശോധന ഹരജികള്‍ ഏഴംഗ ബെഞ്ചിനു വിട്ട സുപ്രിംകോടതി നടപടിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. എന്നാല്‍, സുപ്രിംകോടതി വിധി എന്തായാലും നടപ്പാക്കുമെന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ പിന്തുണയ്ക്കുന്നുണ്ടോയെന്ന ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. കഴിഞ്ഞ വര്‍ഷം ജനുവരി രണ്ടിനാണ് രണ്ടു വനിതകള്‍ പോലിസിന്റെ കനത്ത സുരക്ഷയില്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത്.




Next Story

RELATED STORIES

Share it