Sub Lead

ആറു ലക്ഷം റോഹിന്‍ഗ്യന്‍ മുസ് ലിംകള്‍ ഇപ്പോഴും വംശഹത്യയുടെ വക്കില്‍; ഐക്യരാഷ്ട്ര സഭാ വസ്തുതാന്വേഷണ സമിതി റിപോര്‍ട്ട്

ചൊവ്വാഴ്ച ജനീവയിലെ മനുഷ്യാവകാശ കൗണ്‍സില്‍ മുമ്പാകെ റിപോര്‍ട്ട് സമര്‍പ്പിക്കും

ആറു ലക്ഷം റോഹിന്‍ഗ്യന്‍ മുസ് ലിംകള്‍ ഇപ്പോഴും വംശഹത്യയുടെ വക്കില്‍; ഐക്യരാഷ്ട്ര സഭാ വസ്തുതാന്വേഷണ സമിതി റിപോര്‍ട്ട്
X

ബ്ലൂംബെര്‍ഗ്: ആറു ലക്ഷം റോഹിന്‍ഗ്യന്‍ മുസ് ലിംകള്‍ ഇപ്പോഴും വംശഹത്യയുടെ വക്കിലാണെന്നും അതീവഗുരുതരമായ അതിക്രമങ്ങളില്‍ മ്യാന്‍മര്‍ സൈന്യത്തെ അന്താരാഷ്ട്ര നീതിന്യായ കോടതി വിചാരണ ചെയ്യണമെന്നും ഐക്യരാഷ്ട്രസഭയുടെ വസ്തുതാന്വേഷണ സമിതിയുടെ റിപോര്‍ട്ട്. രണ്ടുവര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് യുഎന്‍ വസ്തുതാന്വേഷണ സമിതിയുടെ ഞെട്ടിക്കുന്ന വിവരങ്ങളടങ്ങിയ റിപോര്‍ട്ട് തയ്യാറാക്കിയത്. ചൊവ്വാഴ്ച ജനീവയിലെ മനുഷ്യാവകാശ കൗണ്‍സില്‍ മുമ്പാകെ റിപോര്‍ട്ട് സമര്‍പ്പിക്കും. വടക്കന്‍ മ്യാന്‍മറില്‍ വ്യാപകമായി സൈന്യം നടത്തിയ ആക്രമണങ്ങളില്‍ ആസൂത്രിതമായി കൊലപാതകം, ബലാല്‍സംഗം, കൂട്ട ബലാല്‍സംഗം, പീഡനം, നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും നാടുകടത്തല്‍ എന്നിവ ഉപയോഗിച്ചു. ഇതുകാരണം ആറുലക്ഷത്തോളം റോഹിന്‍ഗ്യന്‍ മുസ് ലിംകള്‍ വംശഹത്യ ഭീഷണിയിലാണെന്നും റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. റോഹിന്‍ഗ്യരോടുള്ള സര്‍ക്കാരിന്റെ ശത്രുതാപരമായ നയങ്ങളാണ് ഇതിനു കാരണം. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള വംശഹത്യയാണ് ഇതെന്ന അനുമാനത്തിലെത്താന്‍ ന്യായമായ കാരണങ്ങളുണ്ടെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്.

2017ല്‍ സൈന്യം ആരംഭിച്ച ശുദ്ധീകരണ പ്രക്രിയയെ തുടര്‍ന്ന് 740,000(7.40 ലക്ഷം) റോഹിന്‍ഗ്യര്‍ അവരുടെ ജീവനും കൊണ്ട് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു. ആയിരക്കണക്കിനു പേര്‍ ബലാല്‍സംഗത്തിനും കൊലപാതകത്തിനും ഇരകളായി. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരോട് ഉത്തരവാദിത്ത നിര്‍വഹണത്തിനു സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നതിനാല്‍ മ്യാന്‍മറിനെ അന്താരാഷ്ട്ര കോടതിയിലേക്ക് റഫര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു. അല്ലെങ്കില്‍ മുമ്പ് യുഗോസ്ലാവിയയ്ക്കും റുവാണ്ടയ്ക്കും ഏര്‍പ്പെടുത്തിയതു പോലെ താല്‍ക്കാലിക ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്നും യുഎന്‍ സുരക്ഷാ സമിതിയോട് റിപോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. വംശഹത്യ തടയാനും ഇതേക്കുറിച്ച് അന്വേഷിക്കാനും വംശഹത്യാ കുറ്റവാളികളെ ശിക്ഷിക്കാനും ഫലപ്രദമായ നിയമനിര്‍മാണം നടത്തുന്നതിലും മ്യാന്‍മര്‍ പരാജയപ്പെട്ടതായി വസ്തുതാന്വേഷണ സമിതി ചെയര്‍മാന്‍ മാര്‍സുകി ദാറുസ്മാന്‍ ആരോപിച്ചു. യുഎന്നിന്റെ വംശഹത്യ കണ്‍വന്‍ഷന്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അംഗമെന്ന നിലയില്‍ മ്യാന്‍മര്‍ പരാജയപ്പെട്ടു. തെക്കന്‍ അതിര്‍ത്തിക്കടുത്തുള്ള ക്യാംപുകളില്‍ കഴിയുന്ന ലക്ഷക്കണക്കിന് റോഹിന്‍ഗ്യകളെ തിരിച്ചയക്കാന്‍ ബംഗ്ലാദേശ് മ്യാന്‍മറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് റിപോര്‍ട്ട്. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അഭയാര്‍ഥികളെ തിരിച്ചയക്കുന്നതില്‍ മ്യാന്‍മര്‍ പരാജയപ്പെട്ടെന്ന് കുറ്റപ്പെടുത്തിയിരുന്നു.

മാത്രമല്ല, ക്യാംപുകളിലേക്കു ബംഗ്ലാദേശില്‍ നിന്നുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിര്‍ത്തലാക്കാനും ഓപറേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ക്യാംപുകളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പറഞ്ഞുള്ള നിര്‍ദേശം വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. റോഹിന്‍ഗ്യന്‍ ജനതയുടെ വിശ്വാസം നേടിയെടുക്കുന്നതിലും അവരുടെ മാന്യമായ തിരിച്ചുവരവിന് ഉചിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും മ്യാന്‍മര്‍ പരാജയപ്പെട്ടെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടതായി സപ്തംബര്‍ 11ന് ബംഗ്ലാദേശ് പാര്‍ലമെന്റില്‍ ശെയ്ഖ് ഹസീന പറഞ്ഞിരുന്നു. 'ഞങ്ങള്‍ പൂര്‍ണമായും തയ്യാറാണ്. പക്ഷേ റോഹിന്‍ഗ്യകളെ സ്വദേശത്തേക്ക് തിരിച്ചുകൊണ്ടുപോവുന്നത് ആരംഭിക്കാനായിട്ടില്ല. തിരിച്ചുപോവാന്‍ അനുവദിച്ചില്ലെന്നും ഹസീന കുറ്റപ്പെടുത്തിയിരുന്നു. സുരക്ഷ ഉറപ്പാക്കാനാവുന്നില്ലെങ്കില്‍ ക്യാംപുകളിലുള്ള റോഹിന്‍ഗ്യകളെ തിരിച്ചയക്കാന്‍ ബംഗ്ലാദേശും മ്യാന്‍മറും രണ്ടുതവണ ശ്രമിച്ചിരുന്നു. മ്യാന്‍മര്‍ ഇതിനകം കണ്ടുകെട്ടിയ ഭൂമി പുനര്‍നിര്‍മിച്ചതായി യുഎന്‍ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 40,600 കെട്ടിടങ്ങള്‍ നശിപ്പിക്കപ്പെട്ടതായും 200 ഓളം വാസസ്ഥലങ്ങള്‍ 2017 ആഗസ്തിനും 2019 ഏപ്രിലിനുമിടയില്‍ പൂര്‍ണമായും നശിച്ചിട്ടുണ്ട്.

രാജ്യവ്യാപകമായി മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ധനസഹായം നല്‍കുകയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്ക് സഹായം നല്‍കുകയും ചെയ്തതിനു തദ്മദാവിന്റെ ഉടമസ്ഥതയിലുള്ള രണ്ട് വന്‍കിട വ്യാപാര സംരംഭമായ മ്യാന്‍മര്‍ ഇക്കണോമിക് ഹോള്‍ഡിങ്‌സ് ലിമിറ്റഡ്, മ്യാന്‍മര്‍ ഇക്കണോമിക് കോര്‍പറേഷന്‍ എന്നിവയുടെ ശൃംഖലയ്‌ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യുഎന്‍ സമിതി കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു.







Next Story

RELATED STORIES

Share it