Sub Lead

ആറാംഘട്ട വോട്ടെടുപ്പ്: 59 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക്

വോട്ടെടുപ്പ് നടക്കുന്ന 59ല്‍ 45 മണ്ഡലത്തിലും കഴിഞ്ഞ തവണ ബിജെപിയാണ് ജയിച്ചത്. യുപിയിലാവട്ടെ 14ല്‍ 13 മണ്ഡലങ്ങളും കഴിഞ്ഞ തവണ ബിജെപിക്കൊപ്പം നിന്നതാണ്.

ആറാംഘട്ട വോട്ടെടുപ്പ്: 59 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക്
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. രാജ്യതലസ്ഥാനമായ ഡല്‍ഹിയും ആറു സംസ്ഥാനങ്ങളിലുമായി 59 മണ്ഡലങ്ങളിലെ 10.17 കോടി വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. 979 സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുണ്ട്. ഒരുക്കങ്ങളെല്ലാം സജ്ജമായിട്ടുണ്ട്. 1.13 ലക്ഷം പോളിങ് സ്‌റ്റേഷനുകളാണ് സജ്ജമാക്കിയിട്ടുള്ളത്. 2014ല്‍ ബിജെപിക്ക് വന്‍ മുന്നേറ്റം നല്‍കിയ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത് എന്നതിനാല്‍ തന്നെ അതീവനിര്‍ണായകമാണ്. ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 59ല്‍ 45 മണ്ഡലത്തിലും കഴിഞ്ഞ തവണ ബിജെപിയാണ് ജയിച്ചത്. യുപിയിലാവട്ടെ 14ല്‍ 13 മണ്ഡലങ്ങളും കഴിഞ്ഞ തവണ ബിജെപിക്കൊപ്പം നിന്നതാണ്. അഅ്‌സംഗഡില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ മുലായം സിങ് യാദവിനു മാത്രമാണ് ജയിച്ചുകയറാനായത്. ഇക്കുറി എസ്പി-ബിഎസ്പി സഖ്യമായതിനാല്‍ ബിജെപി ഏറെ വിയര്‍ക്കുന്നുണ്ട്.

വിവിധ പാര്‍ട്ടി നേതാക്കളായ പ്രമുഖര്‍ ഇന്ന് ജനവിധി തേടുന്നവരിലുണ്ട്. ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരായ ഹര്‍ഷ്‌വര്‍ധന്‍, മേനകാ ഗാന്ധി, രാധാ മോഹന്‍ സിങ്, റാവു ഇന്ദ്രജിത് സിങ്, ക്രിഷന്‍ പല്‍ ഗുര്‍ജാര്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, കോണ്‍ഗ്രസ് നേതാക്കളായ ദിഗ്‌വിജയ് സിങ്, ജ്യോതിരാദിത്യ സിന്ധ്യ, ഭൂപീന്ദര്‍ സിങ് ഹൂഡ തുടങ്ങിയവരാണ് ആറാംഘട്ടത്തിലെ പ്രമുഖര്‍. ഭോപാലില്‍ ദിഗ്‌വിജയ് സിങിനെ നേരിടാന്‍ ബിജെപി രംഗത്തിറിക്കിയിരിക്കുന്നത് മലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രജ്ഞാ സിങ് താക്കൂറാണ്.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഏഴു സീറ്റുകളിലാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ്-എഎപി സഖ്യം പാളിയതോടെ ബിജെപി ഉള്‍പ്പെടെ ത്രികോണ മല്‍സരമാണ് ഡല്‍ഹിയില്‍ അരങ്ങേറുന്നത്. മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, ബോക്‌സര്‍ വിജേന്ദര്‍ സിങ്, കേന്ദ്രമന്ത്രി ഹര്‍ഷ്‌വര്‍ധന്‍, ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ എന്നിവരാണ് ഡല്‍ഹിയില്‍ നിന്നു ജനവിധി തേടുന്ന പ്രമുഖര്‍. മെയ് 19നു നടക്കുന്ന ഏഴാംഘട്ട വോട്ടെടുപ്പോടെ തിരഞ്ഞെടുപ്പിനു തിരശ്ശീല വീഴും. അവസാനഘട്ടത്തില്‍ 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. മെയ് 23നാണു ഫലപ്രഖ്യാപനം.



Next Story

RELATED STORIES

Share it