Sub Lead

നളന്ദാ മെഡിക്കല്‍ കോളജില്‍ കൊവിഡ് പടരുന്നു; 72 ഡോക്ടര്‍മാര്‍ക്ക് കൂടി വൈറസ് ബാധ

ഇതോടെ ആശുപത്രിയില്‍ രണ്ടുദിവസത്തിനിടെ കൊവിഡ് ബാധിതരായ ഡോക്ടര്‍മാരുടെ എണ്ണം 159 ആയി ഉയര്‍ന്നു. ഞായറാഴ്ച ആശുപത്രിയിലെ 87 ഡോക്ടര്‍മാരിലാണ് രോഗബാധ ആദ്യം കണ്ടെത്തിയതെന്ന് മെഡിക്കല്‍ സുപ്രണ്ടന്റ് ഡോ. ബിനോദ് കുമാര്‍ സിങ് അറിയിച്ചു.

നളന്ദാ മെഡിക്കല്‍ കോളജില്‍ കൊവിഡ് പടരുന്നു; 72 ഡോക്ടര്‍മാര്‍ക്ക് കൂടി വൈറസ് ബാധ
X

പട്‌ന: ബിഹാറിലെ പട്‌നയിലുള്ള നളന്ദാ മെഡിക്കല്‍ കോളജിലെ 72 ഡോക്ടര്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആശുപത്രിയില്‍ രണ്ടുദിവസത്തിനിടെ കൊവിഡ് ബാധിതരായ ഡോക്ടര്‍മാരുടെ എണ്ണം 159 ആയി ഉയര്‍ന്നു. ഞായറാഴ്ച ആശുപത്രിയിലെ 87 ഡോക്ടര്‍മാരിലാണ് രോഗബാധ ആദ്യം കണ്ടെത്തിയതെന്ന് മെഡിക്കല്‍ സുപ്രണ്ടന്റ് ഡോ. ബിനോദ് കുമാര്‍ സിങ് അറിയിച്ചു. ഇതിന് പിന്നാലെയാണ് 72 ഡോക്ടര്‍മാര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതരായ ഡോക്ടര്‍മാരെല്ലാം ചികില്‍സയിലാണ്.

രോഗം ബാധിച്ച ഡോക്ടര്‍മാരെല്ലാം ഒന്നുകില്‍ ലക്ഷണമില്ലാത്തവരോ നേരിയ ലക്ഷണങ്ങളുള്ളവരോ ആണെന്ന് പട്‌ന ഡി എം ചന്ദ്രശേഖര്‍ സിങ് അറിയിച്ചു. ഇവരെ ആശുപത്രി കാംപസില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 1,386 കൊവിഡ് കേസുകളാണ് ബിഹാറില്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഒമിക്രോണ്‍ ഭീതി പരത്തുന്നതിനിടയില്‍ ആശുപത്രികളിലേക്കും രോഗം പടര്‍ന്നുപിടിക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. ഇതുവരെ രാജ്യത്തെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 1800 കടന്നിരിക്കുകയാണ്.

ഓരോ ദിവസവും 200ലധികം പുതിയ ഒമിക്രോണ്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നു. ഈ അണുബാധ ഇതുവരെ 23 ലധികം സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം, ഒഡീഷ തുടങ്ങി ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. അതേസമയം, കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.

ഡല്‍ഹിയും മുംബൈയും ഉള്‍പ്പെടെ നിരവധി മെട്രോകളില്‍ കൊവിഡ് ഇപ്പോള്‍ നിയന്ത്രണാതീതമായിരിക്കുകയാണ്. ഒരു വര്‍ഷത്തിന് ശേഷം മുംബൈയില്‍ 8000ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം, ഡല്‍ഹിയില്‍ എട്ട് മാസത്തിന് ശേഷം നാലായിരത്തിലധികം കേസുകളാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. തലസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 6 ശതമാനത്തിലേറെയായി. രാജ്യം ഇപ്പോള്‍ മൂന്നാം തരംഗത്തിലാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഒരു ദിവസം 40,000ത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഡിസംബര്‍ മാസത്തിലാണ് കൊറോണയുടെ ഈ വേഗത ദൃശ്യമാകുന്നത്.

Next Story

RELATED STORIES

Share it