Sub Lead

80:20 അനുപാതം: കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം- സമസ്ത സംവരണ സമിതി

സര്‍ക്കാരില്‍നിന്ന് അനുകൂല നടപടിയില്ലെങ്കില്‍ സമാനമനസ്‌കരുമായി ചേര്‍ന്ന് ആവശ്യമായ പ്രക്ഷോഭപരിപാടികള്‍ക്ക് സമസ്ത സംവരണ സമിതി നേതൃത്വം നല്‍കും. യഥാര്‍ഥ വസ്തുതകളെന്തെന്ന് പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്യാതെയാണ് ഹൈക്കോടതി 80:20 വിഷയത്തില്‍ വിധി നടത്തിയിട്ടുള്ളത്.

80:20 അനുപാതം: കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം- സമസ്ത സംവരണ സമിതി
X

കോഴിക്കോട്: മുസ്‌ലിം സമുദായത്തിന് മാത്രം നടപ്പാക്കിയ പദ്ധതികളില്‍ 80:20 എന്ന അനുപാതം ഒഴിവാക്കി 100 ശതമാനവും മുസ്‌ലിംകള്‍ക്ക് മാത്രമായി നല്‍കണമെന്ന് സമസ്ത സംവരണ സമിതി ആവശ്യപ്പെട്ടു. 80:20 അനുപാതം റദ്ദുചെയ്ത കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയും കാര്യങ്ങള്‍ വിശദീകരിച്ച് ധവളപത്രം പുറത്തിറക്കണമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷാനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ഇന്നലെ നടത്തിയ വിധി മുസ്‌ലിംകളില്‍ കടുത്ത ആശങ്കയുളവാക്കുന്നതാണ്.

സര്‍ക്കാരില്‍നിന്ന് അനുകൂല നടപടിയില്ലെങ്കില്‍ സമാനമനസ്‌കരുമായി ചേര്‍ന്ന് ആവശ്യമായ പ്രക്ഷോഭപരിപാടികള്‍ക്ക് സമസ്ത സംവരണ സമിതി നേതൃത്വം നല്‍കും. യുപിഎ സര്‍ക്കാരിന്റെ കാലത്ത് മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക മേഖലയിലെ പിന്നാക്കാവസ്ഥ പഠിക്കുന്നതിന് വേണ്ടി നിയമിച്ച രജീന്ദ്ര സിങ് സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ നിര്‍ദേശപ്രകാരം മുസ്‌ലിം സമുദായത്തിന് മാത്രമായി വിദ്യാഭ്യാസ മേഖലയില്‍ ചില പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.

പിന്നീട് ഈ ആനുകൂല്യങ്ങളില്‍ വെള്ളം ചേര്‍ത്ത് 20 ശതമാനം ക്രിസ്തീയ വിഭാഗത്തിലെ പിന്നാക്കക്കാരായ ലത്തീന്‍ വിഭാഗത്തിനും ഹിന്ദു, മുസ്‌ലിം തുടങ്ങിയ മതങ്ങളില്‍നിന്ന് പരിവര്‍ത്തനം ചെയ്ത ക്രിസ്ത്യാനികള്‍ക്കും സര്‍ക്കാര്‍ അനുവദിക്കുകയുണ്ടായി. മുസ്‌ലിം മതവിഭാഗത്തിന് പൂര്‍ണമായും അര്‍ഹതപ്പെട്ട അവകാശം അന്യായമായി കവര്‍ന്നെടുത്ത് നല്‍കുകയായിരുന്നു. ഇതാണ് 80:20 കോടതി വിധിക്ക് ആധാരമായ പശ്ചാത്തലം. യഥാര്‍ഥ വസ്തുതകളെന്തെന്ന് പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്യാതെയാണ് ഹൈക്കോടതി 80:20 വിഷയത്തില്‍ വിധി നടത്തിയിട്ടുള്ളത്.

ജനസംഖ്യാനുപാതികമായി ന്യൂനപക്ഷാവകാശങ്ങള്‍ അനുവദിക്കണമെന്ന വിധിയിലൂടെ എല്ലാ മേഖലയിലും പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിം ജനവിഭാഗത്തെ കൂടുതല്‍ പിന്നാക്കം തള്ളാനുള്ള സാഹചര്യത്തിലേക്കാണ് എത്തിക്കുക. അതുകൊണ്ട് ഈ വിഷയത്തെ നിയമപരമായി നേരിടാന്‍ സമസ്ത സംവരണ സമിതി തീരുമാനിച്ചിരിക്കുകയാണ്. മുസ്‌ലിംകളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കൃത്യമായ സമയത്തും അളവിലും നല്‍കുന്നതില്‍ കഴിഞ്ഞ കാലങ്ങളിലൊന്നും സര്‍ക്കാരുകള്‍ ജാഗ്രത പുലര്‍ത്തിയിട്ടില്ല.

സച്ചാര്‍ കമ്മിറ്റിയുടെയും പാലൊളി സമിതിയുടെയും നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിലും ജാഗ്രത കുറവുണ്ടായിട്ടുണ്ട്. ഇന്നലെ വന്ന കോടതി വിധിയിലും ഇക്കാര്യം ബോധ്യപ്പെടുന്നുണ്ട്. മുസ്‌ലിം ക്രിസ്ത്യന്‍ സൗഹാര്‍ദം തകര്‍ക്കുന്ന ശക്തികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും നേതാക്കല്‍ ആവശ്യപ്പെട്ടു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി), മുസ്തഫ മുണ്ടുപാറ (കണ്‍വീനര്‍, സമസ്ത സംവരണ സമിതി), നാസര്‍ ഫൈസി കൂടത്തായി (എസ്‌വൈഎസ്, സംസ്ഥാന സെക്രട്ടറി) വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it