Sub Lead

കൊവിഡ്: വിചാരണ നടത്താന്‍ പോലും തെളിവില്ല; തബ് ലീഗ് ജമാഅത്തുകാരായ ഒമ്പത് തായ്‌ലന്റ് സ്വദേശികളെ കോടതി വിട്ടയച്ചു

കൊവിഡ്: വിചാരണ നടത്താന്‍ പോലും തെളിവില്ല; തബ് ലീഗ് ജമാഅത്തുകാരായ ഒമ്പത് തായ്‌ലന്റ് സ്വദേശികളെ കോടതി വിട്ടയച്ചു
X

ലഖ്‌നൗ: കൊവിഡ് വ്യാപനത്തിനു കാരണമാക്കിയെന്ന് ആരോപിച്ച് കേസെടുത്ത ഒമ്പത് തായ് ലന്റ് സ്വദേശികളായ തബ് ലീഗ് ജമാഅത്ത് അംഗങ്ങളെ കോടതി വിട്ടയച്ചു. വിചാരണ നടത്താന്‍ പോലും പ്രഥമദൃഷ്ട്യാ തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജഡ്ജിയുടെ ഉത്തരവ്. വിവിധ കുറ്റങ്ങള്‍ ചെയ്തതിനും വിദേശകാര്യ നിയമത്തിന്റെയും പകര്‍ച്ചവ്യാധി നിയമത്തിന്റെയും വ്യവസ്ഥകള്‍ ലംഘിച്ചതിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരുന്നത്. മുഹമ്മദ് മദാലി, ഹസന്‍ പാഞ്ചോ, സീതാപാംഗ്ലിം സിരിപത്, സുരസ് കലമുല്‍സക്, ആഴ്‌സന്‍ തോമ്യ, റോംലികോള്‍, അബ്ദുല്ല മാമിങ്, അബ്ദുല്‍ ബസീര്‍, അബ്ദുന്‍ബാവ് വിമുതീക്കന്‍ എന്നിവരെയാണ് വെറുതെവിട്ടത്. തായ്‌ലന്‍ഡ് സ്വദേശികള്‍ക്കെല്ലാം നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഉചിതമായ നടപടിക്കുശേഷം മാത്രമേ അവരുടെ ജാമ്യ ബോണ്ടുകളും വ്യക്തിഗത ബോണ്ടുകളും ഡിസ്ചാര്‍ജ് ചെയ്യൂ എന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സുശീല്‍ കുമാരി വ്യക്തമാക്കി. തബ് ലീഗ് ജമാഅത്ത് അംഗങ്ങള്‍ സമര്‍പ്പിച്ച ഡിസ്ചാര്‍ജ് അപേക്ഷ സമര്‍പ്പിച്ചാണ് കോടതി ഉത്തരവ്.

നേരത്തേ 29 വിദേശ പൗരന്‍മാര്‍ക്കെതിരേ സമര്‍പ്പിച്ച എഫ്‌ഐആര്‍ ബോംബെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തബ് ലീഗ് ജമാഅത്ത് അംഗങ്ങളെ ബലിയാടാക്കിയെന്ന് ചൂണ്ടിക്കാട്ടിയ കോടതി വന്‍തോതിലുള്ള മാധ്യമ വിചാരണയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. മതിയായ ദുരിതം അനുഭവിച്ചതായും ജന്മനാട്ടിലേക്ക് മടങ്ങാനുള്ള അവരുടെ ആവശ്യം പരിഗണിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും കഴിഞ്ഞ വര്‍ഷം ജൂണില്‍ മദ്രാസ് ഹൈക്കോടതി തബ് ലീഗ് ജമാഅത്ത് അംഗങ്ങളായ വിദേശികള്‍ക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കിക്കൊണ്ട് വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന ആരോപണത്തെ പിന്തുണയ്ക്കുന്നതിന് പ്രോസിക്യൂഷന്‍ ഒരു തെളിവ് പോലും ഹാജരാക്കിയിട്ടില്ലെന്ന് നിരീക്ഷിച്ച മുംബൈയിലെ ഒരു മെട്രോപൊളിറ്റന്‍ കോടതി തബ് ലീഗ് ജമാഅത്തിലെ 20 വിദേശ പൗരന്മാരെ കുറ്റവിമുക്തരാക്കിയിരുന്നു.

മാര്‍ച്ച് 25ന് ആരംഭിച്ച രാജ്യവ്യാപക ലോക്ക്ഡൗണിന്റെ ആദ്യ ആഴ്ചകളില്‍ തബ് ലീഗ് ജമാഅത്ത് അംഗങ്ങളായ വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ മര്‍കസു നിസാമുദ്ദീനില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തതിനെ കൊവിഡ് വ്യാപനത്തിനു കാരണമാക്കിയതായി ആക്ഷേപിക്കുകയും വന്‍തോതില്‍ വംശീയാക്ഷേപങ്ങള്‍ക്കിരയാക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it