Sub Lead

'നല്ല ഷര്‍ട്ടും പാന്റും ലിപ്സ്റ്റിക്കുമിട്ടു വരുന്നവര്‍ നല്ല കളവ് പറയുന്നവര്‍'; മാധ്യമങ്ങളെയും അന്‍വറിനെയും പരിഹസിച്ച് എ വിജയരാഘവന്‍

നല്ല ഷര്‍ട്ടും പാന്റും ലിപ്സ്റ്റിക്കുമിട്ടു വരുന്നവര്‍ നല്ല കളവ് പറയുന്നവര്‍; മാധ്യമങ്ങളെയും അന്‍വറിനെയും പരിഹസിച്ച് എ വിജയരാഘവന്‍
X

നിലമ്പൂര്‍: പി വി അന്‍വറിനെതിരേയും മാധ്യമങ്ങള്‍ക്കെതിരേയും വിമര്‍ശനവും പരിഹാസ്യവുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍. ചന്തക്കുന്നില്‍ സിപിഎം നടത്തിയ രാഷ്ട്രീയ വിശദീകരണയോഗത്തിലാണ് പരിഹാസ്യം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരേ ഒരാളെ കിട്ടിയെന്ന് കരുതി ആഘോഷിക്കുകയാണോയെന്ന് അദ്ദേഹം ചോദിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിവേരറുക്കാന്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ച് ശ്രമം നടത്തുകയാണ്. പക്ഷേ, ജനങ്ങള്‍ തുടര്‍ഭരണം നല്‍കുകയാണ് ചെയ്തത്. മലപ്പുറവുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നാല്‍ യുഡിഎഫുകാരുടെ മുഖംമൂടി അഴിഞ്ഞുവീഴും. നിലമ്പൂരിനടുത്ത് ഗൂഢല്ലൂര്‍ ഉള്ളതിനാല്‍ ഡിഎംകെക്കാര്‍ വരും. അതുകൊണ്ടൊന്നും സിപിഎമ്മിന് ഒന്നും സംഭവിക്കില്ല. എടിഎം എടുത്താലും എംടിയുടെ വീട്ടില്‍ മോഷണത്തിന് വന്നാലും കേരളാ പോലിസ് തൂക്കിയെടുക്കും. പിണറായിയുടെ പോലിസാണ് ഭരിക്കുന്നത്. ഇവിടെ മുസ് ലിം വര്‍ഗീയവാദിയുണ്ട്. ഹിന്ദു വര്‍ഗീയവാദിയുണ്ട്. ജമാഅത്തെ ഇസ് ലാമിയുണ്ട്. ആര്‍എസ്എസുകാരനുണ്ട്. എല്ലാ വര്‍ഗീയവാദികളും ഒറ്റക്കെട്ടാവുകയാണ്. കേരളം മോശമാണെന്ന് പറയാന്‍ കുറച്ചു ആളുകളെ കോലു കൊടുത്ത് നിര്‍ത്തിയിട്ടുണ്ട്. അന്‍വറിന്റെ കക്കാടംപൊയില്‍ പാര്‍ക്ക് നിര്‍മാണമൊക്കെ മാധ്യമങ്ങള്‍ മറന്നോ?. കേരളത്തിലെ ഏറ്റവും വലിയ കള്ളന്‍ അന്‍വര്‍ ആണെന്നാണ് അന്ന് മാധ്യമങ്ങള്‍ പറഞ്ഞത്. ഇപ്പോള്‍ അന്‍വറിന്റെ വീട്ടിലെ കോഴി കൂവുന്നതിനു മുമ്പ് മാധ്യമങ്ങള്‍ അന്‍വറിന്റെ ഒതായിയിലെ വീട്ടിലെത്തും. അന്‍വറിന്റെ സുഭാഷിതങ്ങള്‍ രാവിലെ മുതല്‍ നല്‍കുന്നു. നല്ല വസ്ത്രം ധരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ കള്ളം പറയുന്നവരാണ്. നല്ല ഷര്‍ട്ടും പാന്റും ലിപ്സ്റ്റിക്കും ഒക്കെ ഇട്ടു വരുന്നവരെ സൂക്ഷിക്കണം. അവര്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവരാണ്. മലപ്പുറം എന്ന വാക്ക് ഇപ്പോള്‍ ഉച്ചരിക്കാന്‍ പാടില്ല. പണ്ട് പോളണ്ട് പോളണ്ട് എന്ന് പറയരുത് എന്ന് ശ്രീനിവാസന്‍ പറയും പോലെയാണ് ചിലര്‍ ഇപ്പോള്‍ മലപ്പുറം, മലപ്പുറം എന്ന് പറയരുത് എന്നാണ് പറയുന്നത്. ഇങ്ങനെ ചിന്തിക്കുന്നവരുടെ കൈയടി കിട്ടുന്ന പ്രവര്‍ത്തനമാണ് അന്‍വര്‍ നടത്തുന്നത്. നിയമ വിരുദ്ധ പ്രവര്‍ത്തനം, കള്ളക്കടത്ത്, കുഴല്‍പ്പണം, മണലടിക്കുക ഇതെല്ലാം നടത്തണം എന്ന് ചിന്തിക്കുന്നവര്‍ ഉണ്ട്. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ആര്‍എസ്എസ് അജണ്ടയാണ് നടപ്പാക്കുന്നത്. ഇ എന്‍ മോഹന്‍ദാസിനെ ആര്‍എസ്എസുകാരനാക്കിയപ്പോഴാണ് അന്‍വര്‍ ഏറ്റവും ചെറുതായത്. വര്‍ഗശത്രുവിന്റെ പാളയത്തില്‍ നില്‍ക്കുന്നയാളെ വര്‍ഗശത്രുവായിത്തന്നെയാണ് കാണുക. ലീഗിന്റെ നെടുങ്കോട്ടയില്‍ ആരെയൊക്കെയാണ് നമ്മള്‍ തോല്‍പ്പിച്ചതെന്ന് വീരവാദം മുഴക്കുന്നില്ലെന്നും കീഴടങ്ങില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it