Sub Lead

പാര്‍ട്ടിയില്‍ ചേരാന്‍ ബിജെപി നേതാവ് പണവും കേന്ദ്രമന്ത്രി പദവും വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി എഎപി എംപി

പാര്‍ട്ടിയില്‍ ചേരാന്‍ ബിജെപി നേതാവ് പണവും കേന്ദ്രമന്ത്രി പദവും വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി എഎപി എംപി
X

ചണ്ഡീഗഢ്: പഞ്ചാബില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി എംപി രംഗത്ത്. പാര്‍ട്ടിയില്‍ ചേരാന്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് പണവും കേന്ദ്രമന്ത്രിസഭയില്‍ കാബിനറ്റ് പദവിയും വാഗ്ദാനം ചെയ്തതായി പഞ്ചാബ് ആം ആദ്മി പാര്‍ട്ടി അധ്യക്ഷനും എംപിയുമായ ഭഗവന്ത് മാന്‍ ആണ് വെളിപ്പെടുത്തല്‍ നടത്തിയത്. മാധ്യമങ്ങള്‍ക്ക് മുമ്പാകെയാണ് സംഗ്രൂര്‍ എംപി ബിജെപിക്കെതിരേ പരസ്യമായി 'കുതിരക്കച്ചവട' ആരോപണമുന്നയിച്ചത്. അതേസമയം, എഎപി നേതാവിന്റെ ആരോപണങ്ങള്‍ ബിജെപി തള്ളിക്കളഞ്ഞു.

അദ്ദേഹം പരാമര്‍ശിക്കുന്ന നേതാവിന്റെ പേര് പരസ്യമായി വെളിപ്പെടുത്താന്‍ ഭഗവന്ത് മന്നിനെ ബിജെപി നേതൃത്വം വെല്ലുവിളിക്കുകയും ചെയ്തു. ബിജെപി നേതാവിന്റെ പേര് പരാമര്‍ശിക്കാതെ, നാല് ദിവസം മുമ്പ് തനിക്ക് ഒരു കോള്‍ വന്നതായി എഎപി എംപി അവകാശപ്പെട്ടു. 'മിസ്റ്റര്‍ മാന്‍, ബിജെപിയില്‍ ചേരാന്‍ നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് എന്നോട് പറയൂ? നിങ്ങള്‍ക്ക് പണം വേണോ?' ഏക എഎപി എംപിയായതിനാല്‍ കൂറുമാറ്റ നിരോധന നിയമം തനിക്ക് ബാധകമല്ല. അതുകൊണ്ട് കേന്ദ്ര സര്‍ക്കാരില്‍തന്നെ കാബിനറ്റ് മന്ത്രിയാക്കുമെന്ന് നേതാവ് നിര്‍ദേശിച്ചു. 'ഏത് പോര്‍ട്ട്‌ഫോളിയോയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് എന്നോട് പറയൂ,' അദ്ദേഹം പറഞ്ഞതായി അദ്ദേഹം ആവര്‍ത്തിച്ചതായും എഎപി നേതാവ് വ്യക്തമാക്കി. ഗോവ, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നടക്കുന്ന കുതിരക്കച്ചവടം പോലെ മറ്റ് പാര്‍ട്ടികളില്‍നിന്നുള്ള നേതാക്കളെ ബിജെപി വേട്ടയാടുകയാണെന്നും മാന്‍ ആരോപിച്ചു.

ബിജെപി നേതാവിന്റെ വാഗ്ദാനം നിരസിച്ചതായി ഭഗവന്ത് പറഞ്ഞു. 'ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഞാനൊരു ദൗത്യത്തിലാണ്, ഇതൊരു കമ്മീഷനല്ല. ഭഗവന്ത് മന്നിനെ പണംകൊണ്ട് വാങ്ങാന്‍ നിങ്ങള്‍ക്ക് കഴിയില്ല. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിച്ചതാണ്. എന്നിലും ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരിലും ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം വിലയ്‌ക്കെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഎപി നേതാവിന്റെ വെളിപ്പെടുത്തലിനെ തള്ളിയ ബിജെപി പഞ്ചാബ് ജനറല്‍ സെക്രട്ടറി സുഭാഷ് ശര്‍മ, ഇത് ശ്രദ്ധകിട്ടാനുള്ള അദ്ദേഹത്തിന്റെ ശ്രമം മാത്രമാണെന്ന് പ്രതികരിച്ചു.

പണം വാഗ്ദാനം ചെയ്ത ബിജെപി നേതാവിന്റെ പേര് വെളിപ്പെടുത്താന്‍ വെല്ലുവിളിക്കുന്നു. സത്യം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാച്ചണം. പക്ഷേ, അദ്ദേഹം അങ്ങനെ ചെയ്യില്ല, കാരണം തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയും പിന്നീട് അതില്‍നിന്ന് പിന്നോട്ടുപോവുകയും ചെയ്യുക എന്നതാണ് എഎപിയുടെ സ്വഭാവം. അരവിന്ദ് കെജ്‌രിവാളും അത് തന്നെ ചെയ്തു. തനിക്കെതിരേ മാനനഷ്ടക്കേസുകള്‍ ഫയല്‍ ചെയ്തതിന് ശേഷം മാപ്പ് പറയുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേതാവിന്റെ പേര് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ 'തക്ക സമയത്ത്' അത് വെളിപ്പെടുത്തുമെന്നാണ് എഎപി എംപി വ്യക്തമാക്കിയത്. പഞ്ചാബില്‍ ബിജെപിക്ക് അടിത്തറയില്ലെന്നും അവരുടെ യോഗങ്ങളിലും റാലികളിലും വളരെക്കുറച്ച് ആളുകള്‍ മാത്രമേ പങ്കെടുക്കാറുള്ളൂവെന്നും മാന്‍ പറഞ്ഞു. 'അവര്‍ ഇവിടെ വെറുക്കപ്പെട്ട പാര്‍ട്ടിയാണ. 750 കര്‍ഷകരെ കൊന്നൊടുക്കിയ പാര്‍ട്ടി, ലഖിംപൂര്‍ ഖേരിയിലെ കര്‍ഷകരെ പ്രാണികളെപ്പോലെ ഓടിച്ച പാര്‍ട്ടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it