Sub Lead

എറണാകുളത്ത് വീട്ടമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം

എറണാകുളത്ത്  വീട്ടമ്മയ്ക്കും മക്കള്‍ക്കും  നേരെ ആസിഡ് ആക്രമണം
X

കൊച്ചി: എറണാകുളം പാമ്പാക്കുടയില്‍ വീട്ടമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം. നെയ്ത്തുശാലപ്പടിയില്‍ റോഡരികിലെ ഒറ്റമുറി വീട്ടില്‍ കഴിയുന്ന സ്മിതയ്ക്കും നാലുമക്കള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെയും മക്കളെയും കോട്ടയം ഇഎസ്‌ഐ ആശുപത്രിയില്‍ പ്രവേശിച്ചു. ഇളയ മകളുടെ മുഖത്താണ് ആസിഡ് ഒഴിച്ചത്. കുട്ടിയുടെ കാഴ്ച ശക്തി നഷ്ടമാകുമെന്നാണ് അറിയുന്നത്.

രണ്ടുപ്രാവശ്യമായിരുന്നു കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്. ബുധനാഴ്ച്ച ഉച്ചയോടെയാണ് ആദ്യ ആക്രമണം. ഉച്ചയ്ക്ക് ഇവര്‍ താമസിക്കുന്ന വാടക വീടിന് അജ്ഞാതന്‍ തീയിടുകയായിരുന്നു. വീട്ടുപകരണങ്ങള്‍ കത്തിനശിച്ചെങ്കിലും സ്മിതയും കുട്ടികളും സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവദിവസം രാത്രി സ്മിതയും കുട്ടികളും ഇതേ വീട്ടിലാണ് കിടന്നുറങ്ങിയത്. തുടര്‍ന്ന് വെളുപ്പിന് മൂന്നിമണിയോടെയാണ് ജനല്‍വഴി സ്മിതയുടെയും കുട്ടികളുടെയും മുഖത്ത് ആസിഡ് ഒഴിച്ചത്. തുടര്‍ന്ന് രാമമംഗലം പോലിസ് സംഭവസ്ഥലത്തെത്തി സ്മിതയെയും കുട്ടികളെയും പിറവം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആംബുലന്‍സില്‍ വിദഗ്ധ ചികില്‍സയ്ക്കായി ഇഎസ്‌ഐ ആശുപത്രയിലെത്തിക്കുകയായിരുന്നു.

ഒമ്പതിലും ഏഴിലും ആറിലും നഴ്‌സറിയിലും പഠിക്കുകയാണ് സ്മിതയുടെ മക്കള്‍. പ്രതിയ്ക്കായി പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ടെന്നും രാമമംഗലം എസ്‌ഐ എബി പറഞ്ഞു.


Next Story

RELATED STORIES

Share it