Sub Lead

ജോജു ജോര്‍ജ്ജ്-കോണ്‍ഗ്രസ് വിഷയം ഒത്തു തീര്‍പ്പിലേക്ക്; പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കോണ്‍ഗ്രസ്

വിഷയം പരിഹരിക്കാന്‍ ഇരു വിഭാഗങ്ങളുടെ ഭാഗത്ത് നിന്നും ശ്രമം നടക്കുന്നതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.അപ്രതീക്ഷിതമായ സംഭവങ്ങളാണ് ഉണ്ടായത്.പരസ്പരം നടന്ന പോര്‍വിളികളും സംസാരങ്ങളുമാണ് വിഷയം ഗൗരവമാക്കിയത്.അത് ഒരിക്കലും അവിടെ നടക്കാന്‍ പാടില്ലായിരുന്നു

ജോജു ജോര്‍ജ്ജ്-കോണ്‍ഗ്രസ് വിഷയം ഒത്തു തീര്‍പ്പിലേക്ക്; പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കോണ്‍ഗ്രസ്
X

കൊച്ചി:ഇന്ധന വില വര്‍ധയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എറണാകുളം വൈറ്റിലയില്‍ നടത്തിയ വഴി തടയല്‍ സമരത്തിനിടയില്‍ നടന്‍ ജോജു ജോര്‍ജ്ജുമായി ഉണ്ടായ വിഷയം ഒത്തു തീര്‍പ്പിലേക്ക്.വിഷയം പരിഹരിക്കാന്‍ ഇരു വിഭാഗങ്ങളുടെ ഭാഗത്ത് നിന്നും ശ്രമം നടക്കുന്നതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അപ്രതീക്ഷിതമായ സംഭവങ്ങളാണ് ഉണ്ടായത്.പരസ്പരം നടന്ന പോര്‍വിളികളും സംസാരങ്ങളുമാണ് വിഷയം ഗൗരവമാക്കിയത്.അത് ഒരിക്കലും അവിടെ നടക്കാന്‍ പാടില്ലായിരുന്നു.എതിരായി പ്രതികരിച്ച ജോജു ജോര്‍ജിന്റെ വാഹനത്തിന്റെ ചില്ല് പൊട്ടുന്ന സാഹചര്യം പോലും അവിടെ ഉണ്ടായി. അത് അവിടെ ഉണ്ടാകാന്‍ പാടില്ലായിരുന്നു.സംഭവം ഉണ്ടായതിനു ശേഷം കേരളത്തില്‍ പല തരത്തിലുള്ള ചര്‍ച്ചകളാണ് നടന്നത്.തങ്ങളുടെ ഭാഗത്ത് നിന്നും വീഴ്ച പറ്റിയിട്ടുണ്ട് എന്ന് മനസിലായി അത് തങ്ങള്‍ അവിടെ വെച്ച് തന്നെ തുറന്നു പറഞ്ഞിരുന്നുവെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു

റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ അവരോട് തങ്ങള്‍ മാപ്പു ചോദിച്ചിരുന്നു.അതു പോലെ ജോജു ജോര്‍ജ്ജിന്റെ ഭാഗത്ത് നിന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കോണ്‍ഗ്രസ് നേതാക്കളുമായി വിഷയം ഒത്തു തീര്‍ക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു ദിവസമായി സംസാരിച്ചു.പരസ്പരം വിഷയം ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ പാടില്ലേയെന്ന ആശയത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്.

തെറ്റു സംഭവിച്ചതായി രണ്ടു കൂട്ടര്‍ക്കും മനസിലായിട്ടുണ്ട്.പരസ്പരം സംസാരിച്ചു തീര്‍ക്കുന്നതിനായി അവരുടെ ഭാഗത്ത് നിന്നും തങ്ങളുടെ ഭാഗത്ത് നിന്നും ശ്രമം നടക്കുന്നുണ്ട്. വരും മണിക്കൂറുകളില്‍ വിഷയം പറഞ്ഞു തീര്‍ക്കുന്നതിനുള്ള നടപടികളിലേക്ക് പോകും.ഏതെങ്കിലും ഒരു വാക്കു കൊണ്ടോ പ്രവര്‍ത്തികൊണ്ടോ എന്തെങ്കിലും ബുദ്ധിമുട്ടോ ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ക്ഷമ ചോദിക്കുന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കന്മാരുമായി തങ്ങള്‍ക്ക് ഒരു മടിയുമില്ലെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

Next Story

RELATED STORIES

Share it