Sub Lead

ഭാര്യയുടെ കാമുകനെ ജീവനോടെ കുഴിച്ചിട്ട യുവാവും സുഹൃത്തും അറസ്റ്റില്‍

ഭാര്യയുടെ കാമുകനെ ജീവനോടെ കുഴിച്ചിട്ട യുവാവും സുഹൃത്തും അറസ്റ്റില്‍
X

രോഹ്തക്ക്(ഹരിയാന): ഭാര്യയുടെ കാമുകനെ ജീവനോടെ കുഴിച്ചിട്ട ഹര്‍ദീപ് എന്ന യുവാവും സുഹൃത്തും അറസ്റ്റില്‍. ഹര്‍ദീപിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന യോഗ അധ്യാപകനായ ജഗ്ദീപാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഡിസംബര്‍ 24 മുതല്‍ ജഗ്ദീപിനെ കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നുവെന്നും അതില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം വെളിവായതെന്നും പോലിസ് അറിയിച്ചു. മൂന്നു മാസം നടത്തിയ അന്വേഷണത്തിന് ശേഷം മാര്‍ച്ച് 24നാണ് ജഗ്ദീപിന്റെ മൃതദേഹം കണ്ടെത്തിയത്.

തന്റെ ഭാര്യയും ജഗ്ദീപും തമ്മില്‍ പ്രണയത്തിലാണെന്ന കാര്യം വളരെ വൈകിയാണ് ഹര്‍ദീപ് അറിഞ്ഞത്. ജഗ്ദീപിനെ വീട്ടില്‍ താമസിപ്പിച്ചത് ഭാര്യയുടെ തന്ത്രമായിരുന്നുവെന്നും ഹര്‍ദീപ് മനസിലാക്കി. തുടര്‍ന്നാണ് ജഗ്ദീപിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ജഗ്ദീപിനെ കുഴിച്ചിടാന്‍ ചര്‍ക്കി ദാദ്രിയിലെ പാണ്ഡവ ഗ്രാമത്തില്‍ ഏഴ് അടി താഴ്ച്ചയുള്ള കുഴിയും എടുപ്പിച്ചിരുന്നു. കുഴല്‍ക്കിണര്‍ കുത്താനാണ് ഈ കുഴിയെന്നാണ് പണിക്കാരോട് പറഞ്ഞത്. തുടര്‍ന്ന് ഡിസംബര്‍ 24ന് ജഗ്ദീപിനെ കണ്ടെത്തി. റോഡില്‍ നിന്നും പിടികൂടിയ ജഗ്ദീപിന്റെ കൈയ്യും കാലും കെട്ടി വായും മൂടിയ ശേഷം കാറില്‍ കയറ്റി പാണ്ഡവ ഗ്രാമത്തിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് മര്‍ദ്ദിച്ച ശേഷം കുഴിയില്‍ ഇട്ടുമൂടുകയായിരുന്നു. വായില്‍ ചളി കയറട്ടെ എന്ന ഉദ്ദേശത്തോടെ വായിലെ ടേപ്പ് ഊരുകയും ചെയ്തതായി പോലിസ് പറയുന്നു.

അതേസമയം, ഗുജറാത്തിലെ ബറൂച്ചില്‍ മറ്റൊരു സംഭവം നടന്നു. ഭാര്യ കാമുകന്റെ കൂടെ ഓടിപ്പോയതിനെ തുടര്‍ന്ന് കാമുകന്റെ വീടും കെട്ടിടങ്ങളും ഭര്‍ത്താവ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു.


ഫുല്‍മാലി എന്നയാളുടെ വീടാണ് പൊളിച്ചിരിക്കുന്നത്. സംഭവത്തില്‍ ഭര്‍ത്താവിനെയും ബുള്‍ഡോസര്‍ ഡ്രൈവറെയും മറ്റു മൂന്നുപേരെയും പോലിസ് അറസ്റ്റ് ചെയ്തു. ഫുല്‍മാലി എവിടെയുണ്ടെന്ന് അറിയാനാണ് ഭര്‍ത്താവ് ആക്രമണം നടത്തിയതെന്ന് പോലിസ് സൂചന നല്‍കി. എന്നാല്‍, ഫുല്‍മാലിയേയും യുവതിയേയും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Next Story

RELATED STORIES

Share it